Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എന്തിനാണ് ഇനിയും കഷ്ടപ്പെടുന്നത് എന്ന് തോന്നിപ്പോകും’; അവഗണനയിൽ മനസ്സുതുറന്ന് സർഫറാസ് ഖാൻ

text_fields
bookmark_border
‘എന്തിനാണ് ഇനിയും കഷ്ടപ്പെടുന്നത് എന്ന് തോന്നിപ്പോകും’; അവഗണനയിൽ മനസ്സുതുറന്ന് സർഫറാസ് ഖാൻ
cancel

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറികളും ട്രിപ്പിൾ സെഞ്ച്വറികളും അടിച്ചുകൂട്ടിയാണ് സർഫറാസ് ഖാൻ ഇന്ത്യൻ ടീമിന്റെ പടിവാതിൽ കടന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞു. സെഞ്ച്വറിയടിച്ച് മികവ് തെളിയിച്ചിട്ടും അധികം വൈകാതെ ടീമിന് പുറത്തായി. പിന്നീടുള്ള ഓരോ പരമ്പരയിലും തിരിച്ചുവിളി പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഇന്ത്യൻ ടീമിലെ തുടർച്ചയായ അവഗണനയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മുംബൈ ബാറ്റർ. പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് വീണ്ടും വീണ്ടും പരിശീലിക്കുന്നത് എന്തിനാണെന്ന് ചിലപ്പോഴൊക്കെ സ്വയം ചോദിച്ചുപോകാറുണ്ടെന്നാണ് സർഫറാസ് പറയുന്നത്. എന്നാൽ, തനിക്കുവേണ്ടി കഷ്ടപ്പെടുന്ന പിതാവിനെ ഓർക്കുമ്പോൾ വീണ്ടും ബാറ്റെടുക്കാനുള്ള കരുത്ത് ലഭിക്കുമെന്നും താരം പറയുന്നു.

'എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരേ ചോദ്യമാണ് മനസ്സിൽ വരുന്നത്. എന്തിനാണ് ഇനിയും ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നത്? എന്തിനാണ് വീണ്ടും വീണ്ടും ഇതേ കാര്യങ്ങളിലൂടെ കടന്നുപോകുന്നത്? ഞാൻ ഇന്ത്യക്കുവേണ്ടി കളിച്ചുകഴിഞ്ഞു. ഇനി ഇത്രയൊന്നും കഷ്ടപ്പെടാതെ മുംബൈക്കായി കളിക്കാനും റൺസ് നേടാനും എനിക്ക് കഴിയും. പക്ഷേ, എനിക്കുവേണ്ടി ഉപ്പ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് കാണുമ്പോൾ അദ്ദേഹത്തിനുവേണ്ടി കൂടുതൽ റൺസ് നേടണമെന്ന് തോന്നും. അതാണ് ഇപ്പോൾ എന്നെ മുന്നോട്ടുനയിക്കുന്ന ഏക പ്രചോദനം' -ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സർഫറാസ് പറഞ്ഞു.

2024ൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ 150 റൺസെടുത്ത് തിളങ്ങിയ താരത്തിന് പിന്നീട് കാര്യമായ അവസരങ്ങൾ ലഭിച്ചില്ല. തുടർന്ന് ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരത്തിൽപോലും പ്ലേയിങ് ഇലവനിൽ ഇടംനൽകിയില്ല. അതിനുശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനും കഴിഞ്ഞിട്ടില്ല.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ സായ് സുദർശന് പകരക്കാരനായി ടീമിലേക്ക് വിളിച്ചെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലും പരിഗണിക്കപ്പെട്ടില്ല. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ റൺസ് കണ്ടെത്തിയിട്ടും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് നീളുന്നതാണ് സർഫറാസിനെ നിരാശനാക്കുന്നത്.

‘എനിക്ക് പിന്തുണയായി ഉപ്പ മാത്രമേയുള്ളൂ’

ക്രിക്കറ്റ് കരിയറിൽ തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ച് സംസാരിക്കുമ്പോഴും സർഫറാസിന്റെ വാക്കുകളിൽ നിരാശ പ്രകടമായിരുന്നു. 'ജീവിതത്തിൽ എനിക്ക് ആരുടെയും പിന്തുണയില്ലെന്ന് എല്ലാവർക്കും അറിയാം. ആരെങ്കിലും പിന്തുണച്ചിട്ടുണ്ടെങ്കിൽ അത് എന്റെ ഉപ്പ മാത്രമാണ്. പക്ഷേ, അതിൽ പരാതിയില്ല. ഞാൻ കഠിനാധ്വാനം ചെയ്തു. ഇന്ത്യക്കുവേണ്ടി കളിക്കണമെന്ന ഉപ്പയുടെ സ്വപ്നം സാക്ഷാത്കരിച്ചു. ഈ തലമുറയിൽ ഇന്ത്യൻ ടീമിലെത്തുക അത്ര എളുപ്പമല്ല. ഒന്നോ രണ്ടോ മത്സരങ്ങളിൽ റൺസ് നേടിയിട്ടല്ല ഞാൻ അവിടെയെത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ 200ഉം 250ഉം 300ഉം റൺസ് നേടിയിട്ടുണ്ട്. അത്രയധികം അധ്വാനിച്ചാണ് അവസരം സ്വന്തമാക്കിയത്' -സർഫറാസ് വ്യക്തമാക്കി.

വിദേശ പിച്ചുകളിൽ തിളങ്ങാനുള്ള സാങ്കേതിക മികവ് തനിക്കില്ലെന്ന വിലയിരുത്തലുകളെയും താരം ചോദ്യം ചെയ്തു. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നടന്ന പരിശീലന മത്സരങ്ങളിൽ സെഞ്ചറി നേടിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മറുപടി. വിദേശ സാഹചര്യങ്ങളിലും റൺസ് നേടിയിട്ടുണ്ടെന്നും ഇന്ത്യൻ പിച്ചുകളിൽ മാത്രം കളിക്കാൻ അനുയോജ്യനായ ബാറ്ററെന്ന വിലയിരുത്തൽ ശരിയല്ലെന്നും സർഫറാസ് പറഞ്ഞു.

ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ട് ഫിറ്റ്നസിലും വലിയ മാറ്റങ്ങളാണ് സർഫറാസ് വരുത്തിയത്. ശരീരഭാരം ഗണ്യമായി കുറച്ച താരം പരിശീലനത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. എന്നാൽ, ടീമിലെടുക്കണോ വേണ്ടയോ എന്നത് സെലക്ടർമാരുടെ തീരുമാനമാണെന്നും ലഭിക്കുന്ന അവസരങ്ങളിലെല്ലാം റൺസ് കണ്ടെത്തുകയാണ് തന്റെ ജോലിയെന്നും വ്യക്തമാക്കി.

'എനിക്ക് ക്രിക്കറ്റ് കളിക്കണം. വെറുതെ വീട്ടിലിരിക്കാൻ ഇഷ്ടമല്ല. ക്രിക്കറ്റ് കളിക്കാനാണ് ഞാൻ ജനിച്ചതെന്ന് തോന്നുന്നു. രഞ്ജി ട്രോഫിയായാലും ഐ.പി.എല്ലായാലും ഇന്ത്യൻ ടീമായാലും എവിടെ അവസരം ലഭിച്ചാലും കളിക്കും. കഴിയുന്നത്ര കാലം കഠിനാധ്വാനം തുടരും' -സർഫറാസ് പറഞ്ഞു.

ഇന്ത്യൻ ടീമിലേക്കുള്ള മടക്കത്തിന് ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന് സർഫറാസിന് അറിയില്ല. പക്ഷേ, പുലർച്ചെ പരിശീലനത്തിനിറങ്ങുമ്പോൾ കൂടെയുണ്ടാകുന്ന ഉപ്പയുടെ അധ്വാനവും സ്വപ്നവുമാണ് പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകാൻ താരത്തിന് കരുത്താകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sarfaraz Khan Opens Up on Team India Snub
Next Story