സിക്സർ അടിച്ച് ധോണിയെ മറികടന്ന് സഞ്ജു സാംസൺ
text_fieldsസഞ്ജു സാംസൺ, എം.എസ് ധോണി
ദുബൈ: ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിങ്ങിന് അവസരം കിട്ടാതെ പുറത്തിരുന്ന ശേഷം, മൂന്നാം അങ്കത്തിൽ സ്ഥാനക്കയറ്റം നേടി ക്രീസിലെത്തി മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണിന് മറ്റൊരു റെക്കോഡ് കൂടി.
ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ സിക്സ് ഹിറ്റുകളുമായി കുതിച്ചുകയറിയ സഞ്ജു ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ഇതിഹാസം എം.എസ് ധോണിയെ ആണ് മറികടന്നത്. ശൈഖ് സായിദ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഒമാനെതിരെ നടന്ന മത്സരത്തിൽ 45 പന്തിൽ 56 റൺസ് അടിച്ചു കൂട്ടിയ താരം മൂന്ന് സിക്സറുകൾ പറത്തിയാണ് ധോണിയെ മറികടന്നത്. ട്വന്റി20യിൽ 353 സിക്സുകളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്നും പറന്നപ്പോൾ, ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ ഇന്ത്യക്കാരിൽ നാലാമനായി സ്ഥാനം പിടിച്ചു. രോഹിത് ശർമ (463 മത്സരങ്ങളിൽ 547 സിക്സ്), വിരാട് കോഹ്‍ലി (414 മത്സരങ്ങളിൽ 435 സിക്സ്), സൂര്യ കുമാർ യാദവ് (328 മത്സരങ്ങളിൽ 382 സിക്സ്) എന്നിവരാണ് മുന്നിലുള്ളത്.
405 മത്സരങ്ങളിൽ 350 സിക്സ് എന്ന എം.എസ് ധോണിയുടെ റെക്കോഡ് മറികടന്ന് മലയാളി വിക്കറ്റ് കീപ്പർ നാലാം സ്ഥാനത്തെത്തി.
ആദ്യ രണ്ട് കളിയിലും ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന സഞ്ജുവിനെ മൂന്നാം സ്ഥാനത്തേക്ക് പ്രമോഷൻ നൽകിയാണ് ഇന്ത്യ ബാറ്റിങ് ഓർഡർ തയ്യാറാക്കിയത്. കടുത്ത ഹുമിഡിറ്റിക്കും ചൂടിനുമിടയിൽ കരുതലോടെ ബാറ്റ് വീശിയ താരം പതിയെ സ്കോർ ഉയർത്തി ടീമിന്റെ നട്ടെല്ലായി മാറുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴുന്നതിനിടെയായിരുന്നു സഞ്ജുവിന്റെ ഒറ്റയാൻ ചെറുത്തു നിൽപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

