Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതീയിൽ കുരുത്തവൻ,...

തീയിൽ കുരുത്തവൻ, ഹുമിഡിറ്റിയിൽ വാടില്ല; ഇന്ത്യയുടെ മാനം കാത്ത സഞ്ജു ഇന്നിങ്സ്

text_fields
bookmark_border
Sanju Samson
cancel
camera_alt

സഞ്ജു സാംസണിന്റെ ബാറ്റിങ്

അബുദബി: അബുദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 6.30ഓടെയാണ് ഇന്ത്യയും ഒമാനും തമ്മിലെ മത്സരത്തിന് തുടക്കം കുറിക്കുന്നത്.

സൂര്യൻ മാഞ്ഞിട്ടും, ആ സമയത്തെ അന്തരീക്ഷ താപനില 38 ഡിഗ്രിക്കും മുകളിൽ. ഒപ്പം, അകവും പുറവും വേവിക്കുന്ന ഹുമിഡിറ്റിയും. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപണർമാർ ക്രീസിലെത്തു​മ്പോൾ തന്നെ വിയർപ്പിൽ കുളിച്ചിരുന്നു.

തീർത്തും പ്രതികൂലമായ കലാവസ്ഥക്കിടയിൽ ഒമാന്റെ മികച്ച ബൗളിങ് ലൈനപ്പിനെയും നേരിടണമെന്ന വെല്ലുവിളിയുമായാണ് മൂന്നാമത്തെ മത്സരത്തിൽ ബാറ്റു വീശിത്തുടങ്ങിയത്. ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രക്ക് മത്സര ഫലം അനിവാര്യമല്ലെങ്കിലും, ക്രിക്കറ്റിലെ ശിശുക്കളായ ഒമാനെതിരെ ആധികാരിക ജയം നേടിയില്ലെങ്കിൽ ടീമിന്റെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന വെല്ലുവിളിയും മുന്നിൽ. ഊർജം ഊറ്റിയെടുക്കുന്ന ഹുമിഡിറ്റിക്കിടയിൽ, അതിവേഗത്തിൽ സ്കോർ ചെയ്ത്, വേഗം ഗ്രൗണ്ട് വിടുക എന്നതായിരിക്കും ഏതൊരു ടീമും സ്വീകരിക്കുന്ന തന്ത്രം. ബാറ്റിൽ പന്ത് ശരിയാംവിധം കണക്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാം തവിടുപൊടിയാകും.

അതേസമയം, ഇന്ത്യയെ​ പോലൊരു എതിരാളിക്കെതിരെ കളിക്കാൻ ലഭിച്ച അവസരം ശ്രദ്ധേയമായമാക്കി മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു ഒമാൻ. ടൂർണമെന്റിൽ മത്സര ഫിക്സ്ചർ പ്രഖ്യാപിച്ചപ്പോൾ തന്നെ ഒമാൻ കോച്ച് ലാൽചന്ദ് രജപുത് ഇക്കാര്യം പ്രഖ്യാപിച്ചു. ‘ഞങ്ങൾക്ക് മികച്ച സ്പിന്നർമാരും പേസർമാരും ബാറ്റർമാരുമുണ്ട്. മികച്ച വിജയങ്ങളും ഇതിനകം നേടി. എന്നാൽ, ഇന്ത്യയെ പോലൊരു വലിയ ടീമിനെതിരെ എന്റെ ടീം എങ്ങനെ കളിക്കുമെന്നതിനാണ് കാത്തിരിപ്പ്. യു.എ.ഇയിൽ കളിച്ചതിന്റെ നല്ല പരിചയവും ടീമിനുണ്ട്. ഭയമില്ലാതെ ധൈര്യ​ത്തോടെ കളിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ -മുൻ ഇന്ത്യൻ താരം കൂടിയായ കോച്ച് രജപുത് മത്സരത്തിന് ഒരാഴ്ച മുമ്പ് പറഞ്ഞത് ഇങ്ങനെ.

ഗില്ലിന്റെ കുറ്റിയിളക്കി ഒമാന്റെ തുടക്കം

കോച്ചിന്റെ വാക്കുകൾ അക്ഷരം പ്രതി കളത്തിൽ നടപ്പാക്കുന്ന ഒമാൻ താരങ്ങളെയാണ് കണ്ടത്. കളി തുടങ്ങിയ ആദ്യ പന്തിൽ അഭിഷേക് ശർമക്കെതിരെ എൽ.ബി റിവ്യൂ നൽകിയായിരുന്നു ഒമാൻ മുന്നറിയിപ്പ് നൽകിയത്. ആദ്യ ഓവറിൽ ഒരു ബൗണ്ടറി മാത്രം അനുവദിച്ചു. രണ്ടാം ഓവർ എറിയാനെത്തിയ ഫൈസലിന്റെ കരിയറിലെ എന്നും കുറിച്ചുവെക്കപ്പെടുന്നതാവും ശുഭ്മാൻ ഗില്ലിനെതിരെ പ്രയോഗിച്ച മൂന്നാം പന്ത്. ഓഫ്സൈഡിന് പുറത്തായി പറന്ന പന്ത് ഗില്ലിന്റെ പ്രതിരോധവും മറികടന്ന് ഓഫ്സൈ് കുറ്റിയും തെറുപ്പിച്ചപ്പോൾ, ഗാലറിയിലെ ഇന്ത്യൻ ആരവം ഒരു നിമിഷം അണഞ്ഞു. ഗിൽ അഞ്ച് റൺസുമായി പുറത്ത്. തുടർച്ചയായി ഡോട് പന്തുകൾ എറിഞ്ഞായിരുന്നു ഫൈസൽ മലയാളി താരം സഞ്ജുവിനെ വരവേറ്റത്. രണ്ടാം ഓവറിൽ ഷകീലിനെ ശിക്ഷിച്ചുകൊണ്ട് അഭിഷേക് സ്കോറിങ്ങിന് വേഗത നൽകിയെങ്കിലും, ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ​ലഭിച്ചെത്തിയ സഞ്ജു പിച്ചിന്റെ ഗതി പഠിച്ചെടുക്കുകയായിരുന്നു. ഗില്ലിനെ വീഴ്ത്തിയ ഫൈസൽ നാലാം ഓവറിൽ വീണ്ടുമെത്തി സഞ്ജുവിനെ വിരട്ടികൊണ്ടിരുന്നു. എന്നാൽ, മൂന്നാം പന്തിൽ ഫൈസലിന്റെ എല്ലാ ആഘോഷവും കെട്ടടങ്ങി. ലെഗ് സ്റ്റംപ് ലക്ഷ്യമിട്ട് എറിഞ്ഞ പന്തിനെ മുൻകാലിൽ ഊന്നി നിന്ന് പതിവ് സ്റ്റൈലിൽ ഹിറ്റ് ചെയ്ത സഞ്ജു ഗാലറിയിലെത്തിച്ച് തുടക്കം കുറിച്ചു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയെ വിറപ്പിച്ച ഒമാനു മേൽ ടീമിന്റെ ആധിപത്യം സ്ഥാപിച്ച ഇന്നിങ്സിന്റെ തുടക്കം. 253 സ്ട്രൈക്ക് റേറ്റിൽ 15 പന്തിൽ 38 റൺസുമായി അഭിഷേക് അതിവേഗത്തിൽ സ്കോർ ചെയ്തെങ്കിലും എട്ടാം ഓവറിൽ മടങ്ങി. പിന്നാലെ ഹാർദിക് (1), അക്സർ പട്ടേൽ (26), ശിവം ദുബെ (5) എന്നിവരും കൂടാരം കയറുമ്പോൾ ഹുമിഡിറ്റിയുടെ വെല്ലുവിളിയെയും തോൽപിച്ചുകൊണ്ടായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്.

മൂന്നാം നമ്പറിൽ ടീമിനെ തോളിലേറ്റി സഞ്ജു

സ്കോർ ബോർഡിലെ അക്കങ്ങൾ നോക്കി സഞ്ജുവിനെ ട്വന്റി20യിലെ ടെസ്റ്റ് ഇന്നിങ്സ് എന്ന് വിമർശകർ പരിഹസിച്ചേക്കാം. എന്നാൽ, അനിവാര്യമായ സമയത്ത്, ടീം ആവശ്യപ്പെട്ട ഇന്നിങ്സായിരുന്നു മലയാളി താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ശരീരം ഉണങ്ങി, കരുത്തെല്ലാം ചോർന്നുപോകുന്ന ഹുമിഡിറ്റിക്കിടയിൽ ഒരു മണിക്കൂറിലേറെ സമയം ബാറ്റ് ചെയ്ത്, 45 പന്ത് നേരിട്ട് നേടിയ 56 റൺസിന് മുഴു ദിവസം ക്രീസിൽ നിലയുറപ്പിച്ച് നേടുന്ന ടെസ്റ്റ് ഇന്നിങ്സിന്റെ തന്നെ വിലയുണ്ടായിരുന്നു ഹുമിഡിറ്റിയിലും വാടാത്ത സഞ്ജുവിന്റെ മാസ്റ്റർ ക്ലാസുകൾ.

സഞ്ജു മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങുന്നു

അവസാന ഒവാറുകളിൽ മികച്ച ഷോട്ടുകളുതിർത്ത് കൈയടി നേടിയ തിലക് വർമയും (29), അക്സർ പട്ടേലും (26) മികച്ച സ്ട്രൈക്ക് റേറ്റ് നിലനിർത്തിയെങ്കിലും ഏതാനും മിനിറ്റുകൾ മാത്രമേ അവർ ക്രീസിൽ നിന്നുള്ളൂ എന്നതും കാണേണ്ടതാണ്.

188 റൺസ് എന്ന ഇന്ത്യയുടെ ഇന്നിങ്സിൽ 56 റൺസുമായി സഞ്ജു നിർണായക റോൾ വഹിച്ചപ്പോൾ തന്നെ താരത്തിനു നേരെ കല്ലേറുമുണ്ട്.

എന്നും ഉയർന്ന സ്​ട്രൈക്ക് റേറ്റുള്ള സഞ്ജവുിന്റെ ബാറ്റിന് ഒഴുക്ക് കണ്ടെത്താനായില്ലെന്നായിരുന്നു മുൻ താരം വസിം ജാഫറിന്റെ വിമർശനം. അഞ്ച്, ആറ് പൊസിഷനുകളിലെത്തി വൻ ഹിറ്റുകളുമായി സ്ട്രൈക്ക് റേറ്റ് ഉയർത്തുന്ന ബാറ്ററിൽ നിന്നും വ്യത്യസ്തനായി ഉത്തരവാദിത്തമുള്ള മൂന്നാം നമ്പർ പൊസിഷനിലെ സഞ്ജുവിന്റെ ഇന്നിങ്സിനെ കാണാതെയാണ് ഈ വിമർശനമെന്നും ആരാധകർ മറുപടി നൽകുന്നു. സിക്സും ബൗണ്ടറിയും മാത്രം ഉതിർക്കുന്ന ആരാധകർക്ക് ഇഷ്ടമായില്ലെങ്കിലും, നിർണായക ഘട്ടത്തിൽ ടീം ആവശ്യപ്പെട്ട ഇന്നിങ്സായിരുന്നു സഞ്ജുവിന്റേതെന്ന് മുൻ ഓപണർ അഭിനവ് മുകുന്ദ് സാക്ഷ്യപ്പെടുത്തുന്നു.

കടുത്ത ചൂടായിരുന്നു; ഒമാന് അഭിനന്ദനം -സഞ്ജു

കടുത്ത ചൂടായിരുന്നു അനുഭവപ്പെട്ടതെന്ന് മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ സഞ്ജു സാംസൺ പറഞ്ഞു. ‘കടുത്ത ചൂടും ഹുമിഡിറ്റിയുമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ഫിറ്റ്‌നെസില്‍ കൂടുതല്‍ ശ്രദ്ധ നൽകിയാണ് പരിശീലനം നടത്തിയത്. ​പുതിയ പരിശീലകനു കീഴിൽ ബ്രാങ്കോ ടെസ്റ്റ് പൂർത്തിയാക്കി. പ്രതികൂലമായ കാലാവസ്ഥയിലും ക്രീസില്‍ കൂടുതൽ സമയം പിടിച്ചുനില്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം. ഒമാന്‍ നന്നായി പന്തെറിഞ്ഞു. അവരും അഭിനന്ദനം അര്‍ഹിക്കുന്നു. പവര്‍പ്ലേയിലും നന്നായി പന്തെറിഞ്ഞു. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ബാറ്റുകൊണ്ട്, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്. ഞാന്‍ അതിനെ പോസിറ്റീവായി എടുക്കുന്നു’ -​െപ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സഞ്ജു പറഞ്ഞു.

പാകിസ്താനും, യു.എ.ഇക്കുമെതിരായ മത്സരങ്ങളിൽ ടീമിൽ ഇടം നേടിയെങ്കിലും ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന സഞ്ജു, കിട്ടിയ ചാൻസിൽ ടീമിന്റെ വിജയത്തിന് അടിത്തറപാകിയ സന്തോഷത്തിലാണ് ആരാധകരും.

ബൗളിങ്ങിൽ ഇന്തയെ ഞെട്ടിച്ച ഒമാൻ, മറുപടി ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരത്തിൽ 21 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonCricket Newsshubhman gillIndia cricketAsia Cup 2025
News Summary - Sanju Samson beat hot humid climate and oman
Next Story