സഞ്ജു സാംസണ്‍ ഇന്ത്യ വിടണം! പ്രതിഷേധം അലയടിക്കുന്നു
text_fieldsസഞ്ജു സാംസണ്‍ ഇന്ത്യ വിടണം! സോഷ്യല്‍ മീഡിയയില്‍ ഈ ആവശ്യം വീണ്ടും ഉയരുന്നു. രാജ്യദ്രോഹി ആയതു കൊണ്ടല്ല, മറിച്ച് രാജ്യത്തെ ക്രിക്കറ്റ് ഭരണാധികാരികൾ താരത്തോട് കാണിക്കുന്ന ദ്രോഹം കണ്ട് സഹിക്ക വയ്യാതെയാണ് ചില ക്രിക്കറ്റ് ആരാധകര്‍ സഞ്ജുവിനെ നിരാശയോടെ ഉപദേശിക്കുന്നത്. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നാലെ ആരാധക പ്രതിഷേധം ട്വിറ്ററിൽ ട്രെൻഡിങ്ങായി മാറി. മറ്റേതെങ്കിലും രാജ്യത്തെ പൗരത്വമെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ കഴിയുമോ എന്ന് സഞ്ജു ഗൗരവമായി ചിന്തിക്കണം എന്നാണ് ഒരു ആരാധകന്റെ ആവശ്യം.
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്കും സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താഞ്ഞതാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. മലയാളിയായ സഞ്ജുവിനെ തഴയുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) ഒഫിഷ്യലുകള്‍ പെരുമാറുന്നത്. ലോകത്തെ ഏറ്റവും മോശം ക്രിക്കറ്റ് ബോര്‍ഡായി ബി.സി.സി.ഐ മാറിയെന്നും ഒരാള്‍ എഴുതി.
ഇന്ത്യയുടെ ടി20 ടീമില്‍ ആദ്യ ഇലവനില്‍ കളിക്കാന്‍ യോഗ്യതയുണ്ട് സഞ്ജു സാംസണിന്. ഐ.പി.എല്‍ ഫൈനല്‍ കളിച്ച ക്യാപ്റ്റനാണ്. ഇതൊന്നും പരിഗണിക്കാതിരിക്കുന്നത് ബി.സി.സി.ഐ അജണ്ടയാണ്. ടി20 ഫോര്‍മാറ്റില്‍ തുടരെ പരാജയപ്പെട്ട റിഷഭ് പന്തിനെ വീണ്ടും പരീക്ഷിക്കുന്നത് എന്തിനാണ്? ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം അവസരങ്ങള്‍ മാറി മാറി നല്‍കുന്നു.
ആസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുള്ള ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്. വിന്‍ഡീസിനെതിരെയും സഞ്ജുവിനെ തഴഞ്ഞതോടെ ലോകകപ്പ് സ്‌ക്വാഡില്‍ ഒരു വിധത്തിലും പരിഗണിക്കില്ലെന്ന് ഉറപ്പായി. ഓസ്‌ട്രേലിയന്‍ പിച്ചകളില്‍ സഞ്ജുവിനോളം തിളങ്ങാന്‍ മറ്റൊരു ബാറ്റ്‌സ്മാനും സാധിക്കില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടുന്നു.
ശ്രേയസ് അയ്യരെ ടീമിലെടുത്ത സെലക്ടര്‍മാര്‍ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചിട്ടെങ്കിലും സഞ്ജുവിന് അവസരം നല്‍കണമായിരുന്നുവെന്ന് ആരാധകര്‍ ട്വീറ്റ് ചെയ്തു. മലയാളികള്‍ മാത്രമല്ല, സഞ്ജുവിനായി രംഗത്തുള്ളത് എന്നത് ശ്രദ്ധേയം.
വിന്‍ഡീസില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍ തിളങ്ങിയാല്‍ ബി.സി.സി.ഐ പ്ലാന്‍ ചെയ്തുവെച്ചിരിക്കുന്ന ടി20ലോകകപ്പ് സ്‌ക്വാഡങ്ങ് പൊളിയും. അതുകൊണ്ടാണ് ഈ അനീതി ആവർത്തിക്കുന്നതെന്ന് കളിക്കമ്പക്കാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

