‘അവസാന മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജുവിന് ഇടമില്ല, ഏകദിനം കളിക്കാത്ത ജുറേലിനെ ഉൾപ്പെടുത്തി... ഗംഭീറിന് സ്വജന പക്ഷപാതം’
text_fieldsമുംബൈ: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ ചീഫ് സെലക്ടർ അജിത് അഗാർക്കറെ രൂക്ഷമായി വിമർശിച്ച് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്ത്. സഞ്ജുവിനെ തഴഞ്ഞ്, ഏകദിനത്തിൽ ഒരു മത്സരം പോലും കളിച്ച് പരിചയമില്ലാത്ത ധ്രുവ് ജുറേലിനെ ടീമിൽ ഉൾപ്പെടുത്തിയതിനെ ന്യായീകരിക്കാനാകില്ലെന്ന് ശ്രീകാന്ത് പറയുന്നു. ഏകദിനത്തിൽ സ്ഥിരമായി കളിച്ചുവന്ന ഋഷഭ് പന്ത് പരിക്കേറ്റ് പുറത്തിരിക്കെ, സഞ്ജുവിന് അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
“വീണ്ടും അന്യായമായ കാര്യം സംഭവിച്ചിരിക്കുന്നു. കളിച്ച അവസാന ഏകദിനത്തിലും സെഞ്ച്വറിയടിച്ച സഞ്ജുവിന് സ്ക്വാഡിൽ ഉൾപ്പെടുത്താമായിരുന്നു. ഓരോ ദിവസവും ഓരോരുത്തരെ മാറ്റാൻ ഓരോരോ കാരണങ്ങൾ കണ്ടെത്തുകയാണ്. ഒരുനാൾ അയാളെ അഞ്ചാം നമ്പരിലും പിന്നീട് ഓപണിങ് റോളിലും അതിനുശേഷം ഏഴാം നമ്പരിലോ എട്ടിലോ ക്രീസിലിറക്കുന്നു. എങ്ങനെയാണ് ധ്രുവ് ജുറേൽ പെട്ടെന്ന് ടീമിലെത്തിയത്? സഞ്ജുവിന് അന്തിമ ഇലവനിൽ അവസരം ലഭിക്കാം, ലഭിക്കാതിരിക്കാം. എന്നാൽ സ്ക്വാഡിലേക്ക് പരിഗണിക്കാതിരുന്നത് അംഗീകരിക്കാനാകില്ല” -ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
പലപ്പോഴായി വ്യത്യസ്ത നയം സ്വീകരിക്കുന്ന സെലക്ഷൻ കമ്മിറ്റിയെ ശ്രീകാന്ത് വിമർശിച്ചു. കളിക്കാരുടെ ആത്മവിശ്വാസത്തെ ഇത്തരം കാര്യങ്ങൾ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. “താരങ്ങളിൽ ആശയക്കുഴപ്പം വരുത്തുന്ന രീതിയിലാണ് സെലക്ഷൻ കമ്മിറ്റിയുടെ പെരുമാറ്റം. എന്തിന്‍റെ അടിസ്ഥാനത്തിലാണ് സെലക്ഷനെന്ന് കണ്ടുനിൽക്കുന്നവർക്ക് പോലും മനസിലാകുന്നില്ല. ഒരു തവണ സ്ക്വാഡിലുള്ള യശസ്വി ജയ്സ്വാൾ പെട്ടെന്ന് ഇല്ലാതാകുന്നു. ഇത്തരത്തിൽ അടിക്കടിയുള്ള മാറ്റത്തിലൂടെ താരങ്ങളുടെ ആത്മവിശ്വാവും പ്രതിഭയും സെലക്ടർമാർ നശിപ്പിക്കുന്നു” -ശ്രീകാന്ത് തുറന്നടിച്ചു.
പരിശീലകൻ ഗൗതം ഗംഭീർ സ്വജന പക്ഷപാതത്തിന്‍റെ ആളാണെന്നും അതിനാലാണ് ഹർഷിത് റാണയെ മൂന്ന് ഫോർമാറ്റിലേക്കും പരിഗണിച്ചെന്നും ശ്രീകാന്ത് വിമർശിച്ചു. ഹർഷിത് റാണ ടീമിലെ സ്ഥിരാംഗമാണ്. കാരണം അദ്ദേഹം ഗംഭീറിന്‍റെ വേണ്ടപ്പെട്ടയാളാണ്. ഗിൽ കഴിഞ്ഞാൽ ടീം ഷീറ്റിൽ അടുത്ത പേര് ഹർഷിതിന്‍റെതാണെന്നും ശ്രീകാന്ത് പരിഹസിച്ചു. ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിന്‍റെ മെന്‍റർഷിപ്പിനു കീഴിൽ ഹർഷിത് കളിച്ചിരുന്നു.
ഏകദിനത്തിൽ 14 ഇന്നിങ്സിൽനിന്ന് 510 റൺസാണ് സഞ്ജു സാംസണിന്‍റെ സമ്പാദ്യം. 56.66 ശരാശരിയുള്ള താരത്തിന്‍റെ പ്രഹരശേഷി 99.60 ആണ്. ഏകദിനത്തിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും സഞ്ജുവിന്‍റെ പേരിലുണ്ട്. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് താരം അവസാനമായി ഏകദിന കുപ്പായത്തിലിറങ്ങിയത്. അന്ന് സെഞ്ച്വറിയടിച്ച സഞ്ജുവിന്‍റെ ഇന്നിങ്സ് ടീമിന് ജയവും പരമ്പരയും നേടുന്നതിൽ നിർണായകമായിരുന്നു.
അതേസമയം ട്വന്‍റി20 സ്ക്വാഡിൽ സഞ്ജു ഇടംനേടിയിട്ടുണ്ട്. ഓപണിങ് ബാറ്ററായി ടീമിൽ കളിച്ചിരുന്ന സഞ്ജുവിനെ, ശുഭ്മൻ ഗില്ലിന്‍റെ വരവോടെ മധ്യനിരയിലേക്ക് മാറ്റി. ഓപണറായി സഞ്ജു മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഏഷ്യാകപ്പിൽ സഞ്ജുവിന് പകരം ഓപണറായ ഗില്ലിന് പക്ഷേ മികച്ച സ്കോർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പല മത്സരങ്ങളിലും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതിരുന്നത് വിമർശനത്തിന് ഇടയായിരുന്നു. ഈ മാസം 19നാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് തുടക്കമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

