ഏകദിനത്തിലും ശുഭ്മാൻ ഗിൽ നായകൻ; കോഹ്‍ലിയും രോഹിതും ടീമിൽ; സഞ്ജുവും ആസ്ട്രേലിയൻ പര്യടന സംഘത്തിൽ
text_fieldsമുംബൈ: ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും ഇന്ത്യൻ ടീം ക്യാപ്റ്റനായി ശുഭ്മാൻ ഗിൽ. ഒക്ടോബർ 19ന് ആരംഭിക്കുന്ന ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഗിൽ നയിക്കും.
2027 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകളുടെ ഭാഗമാണ് ക്യാപ്റ്റൻസിയിലേക്ക് ശുഭ്മാൻ ഗില്ലിന്റെ വരവ്. നിലവിൽ ടെസ്റ്റ് ടീം നായകനാണ് 26കാരനായ ഗിൽ. 2021 ഡിസംബറിൽ വിരാട് കോഹ്ലിയിൽ നിന്നും ഏകദിന ക്യാപ്റ്റൻസി ഏറ്റെടുത്ത രോഹിത് ശർമയുടെ പിൻഗാമിയായാണ് ശുഭ്മാൻ ഗിൽ 50 ഓവർ ക്രിക്കറ്റിലും ക്യാപ്റ്റൻസിയിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തുന്നത്.
ഇന്ത്യ-വിൻഡീസ് ഒന്നാം ടെസ്റ്റ് വേദിയായ അഹമ്മദബാദിൽ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർകർ, കോച്ച് ഗൗതം ഗംഭീർ, ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് നായക മാറ്റത്തിൽ തീരുമാനമെടുത്തത്.
പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിനെയും പ്രഖ്യാപിച്ചു. വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടീമിൽ ഇടം നേടി. അതേസമയം, ജസ്പ്രീത് ബുംറയില്ലാതെയാണ് ടീം ഏകദിനത്തിലിറങ്ങുന്നത്. ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം സ്വന്തമാക്കി.
ടെസ്റ്റിലും ഇപ്പോൾ ഏകദിനത്തിലും ക്യാപ്റ്റനായി മാറിയ ഗിൽ ട്വന്റി20യിൽ വെസ് ക്യാപ്റ്റനാണ്.
കോഹ്‍ലിയുടെ പിൻഗമായിയായി ഏകദിന ക്യാപ്റ്റൻസിയിലെത്തിയ രോഹിതിനു കീഴിൽ 56 മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചത്. 42 മത്സരങ്ങളിൽ വിജയവും, 12 തോൽവിയും ഒരു സമനിലയും വഴങ്ങി. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു.
2018 ഏഷ്യാകപ്പിൽ താൽകാലിക ക്യാപ്റ്റനായാണ് രോഹിത് ആദ്യമായി ടീമിനെ നയിച്ചത്. 2021ൽ സ്ഥിരം ക്യാപ്റ്റനായി മാറി. 2023 ഏഷ്യ കപ്പിൽ കിരീടത്തിലേക്ക് നയിക്കുകയും, ഇതേ വർഷം ഏകദിന ലോകകപ്പിൽ ഫൈനലിലെത്തുകയും ചെയ്തു. ഐ.പി.എല്ലിലും ദേശീയ ടീമിലും നായക വേഷത്തിൽ തിളങ്ങിയ രോഹിത് പക്ഷേ, സമീപകാലത്തായി നിഴൽ മാത്രമായി മാറി. ഇതോടെ ക്യാപ്റ്റൻസി മാറ്റം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.
രോഹിതിന്റെ വിരമിക്കലിനു പിന്നാലെയാണ് ശുഭ്മാൻ ഗിൽ ടെസ്റ്റ് ടീം നായകനായത്. മികച്ച പ്രകടനവുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-2ന് ഒപ്പമെത്തിക്കാനും താരത്തിന് കഴിഞ്ഞു.
ഒക്ടോബർ 19ന് പെർതിലെ മത്സരത്തിലൂടെയാണ് ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. ഒക്ടോബർ 23, 25 ദിവസങ്ങളിലാണ് മറ്റു മത്സരങ്ങൾ. അഞ്ച് ട്വന്റി20യും ഓസീസ് മണ്ണിൽ കളിക്കും.
ആസ്ട്രേലിയൻ പര്യടനം: ഏകദിന ടീം
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ രാഹുൽ, നിതീഷ് കുമാർ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറൽ, യശസ്വി ജയ്സ്വാൾ.
ട്വന്റി20 ടീം:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

