സഞ്ജു പോയാൽ മറ്റൊരു മലയാളി; വിഗ്നേഷ് പുത്തൂർ രാജസ്ഥാനിൽ; ലേലത്തിൽ ആർക്കും വേണ്ടാതെ പൃഥ്വി ഷാ
text_fieldsഅബുദബി: കഴിഞ്ഞ ഐ.പി.എൽ സീസണിൽ മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റം കുറിച്ച് അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മലയാളി താരം വിഗ്നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിലേക്ക്.
സഞ്ജു സാംസണിലൂടെ മലയാളികളുടെ ഇഷ്ട ടീമായി മാറിയ രാജസ്ഥാൻ റോയൽസ്, പുതിയ സീസണിൽ നായകനെ ചെന്നൈക്കായി വിട്ടു നൽകിയെങ്കിലും മലപ്പുറം സ്വദേശിയായ വിഗ്നേഷിലൂടെ പിങ്ക്നഗരിയുടെ ടീം ഇനിയും മലയാളി ആരാധകരുടെ മനസ്സിൽ തുടരും. അബുദബിയിൽ നടന്ന താരലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷത്തിന് തന്നെയാണ് രജസ്ഥാൻ റോയൽസ് സവിശേഷ ബൗളിങ്ങിലൂടെ ശ്രദ്ധ നേടിയ താരത്തെ സ്വന്തമാക്കിയത്.
ഇടംകൈ ലെഗ്സ്പിന്നിലെ ചൈനാമാൻ ബൗളറെ വജ്രായുധമായാണ് മുംബൈ ഇന്ത്യൻസ് കഴിഞ്ഞ സീസണിൽ ഉപയോഗിച്ചത്. ഒരു രജ്ഞ്ജി ട്രോഫി മത്സരം പോലും കളിക്കാതെ നേരിട്ടായിരുന്നു മുംബൈ നിരയിലെത്തിയത്. കഴിഞ്ഞ മാർച്ചിൽ ചെന്നൈ സൂപ്പർകിങ്സിനെതിരായ മത്സരത്തിൽ മുംബൈ കളത്തിലിറക്കിയപ്പോൾ എം.എസ് ധോണിയുടെ നിരയെ അമ്പരപ്പിച്ചുകൊണ്ട് വിഗ്നേഷ് ഇന്ത്യൻ ട്വന്റി20 ആരാധകരുടെ ഹൃദയത്തിലേക്ക് ടേൺ ചെയ്തു കയറി. ആദ്യമത്സരത്തിൽ തന്നെ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി ധോണിയുടെയും പ്രശംസ ഏറ്റുവാങ്ങി. അരങ്ങേറ്റ സീസണിൽ അഞ്ച് മത്സരങ്ങളിൽ മുംബൈക്കായി കളിച്ച താരം ആറ് വിക്കറ്റും നേടിയിരുന്നു. പരിക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനായതോടെ സീസൺ നഷ്ടമായി. പരിക്ക് ഭേദമായി സയ്ദ് മുഷ്താഖ് അലിട്രോഫിയിൽ കേരളത്തിനായി കളിച്ചുകൊണ്ട് തിരിച്ചുവരുമ്പോഴാണ് ഐ.പി.എല്ലിലേക്ക് വീണ്ടുമുള്ള വരവ്.
ഈ മികവുമായാണ് ഐ.പി.എൽ താരലേല പട്ടികയിൽ ഇടം നേടിയത്.
പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്നേഷ് ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്‍റെയും വീട്ടമ്മയായ കെ.പി ബിന്ദുവിന്‍റെയും മകനാണ്. ഐ.പി.എല്‍ താരലേലത്തിന് മുമ്പ് മലയാളി താരം സഞ്ജു സാംസണ്‍ ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയതിന് പിന്നാലെയാണ് മറ്റൊരു മലയാളി താരം രാജസ്ഥാനില്‍ എത്തുന്നത്.
മലയാളി താരം കെ.എം ആസിഫ് അൺ സോൾഡായി. 40 ലക്ഷം അടിസ്ഥാന തുകയുള്ള താരം നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനും, 2023ൽ രാജസ്ഥാൻ റോയൽസിലും ഇടം നേടിയിരുന്നു. കേരള രഞ്ജി താരം സൽമാൻ നിസാറിനും ആവശ്യക്കാരില്ലായിരുന്നു. 30 ലക്ഷം അടിസ്ഥാന തുകയുള്ള സൽമാനെ ആരും വിളിച്ചില്ല.
ഇന്ത്യൻതാരങ്ങളായ പൃഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവരെ ഒന്നാം റൗണ്ട് ലേലത്തിൽ ആരും വിളിച്ചെടുത്തില്ല. സമീപകാലത്തെ മികച്ച ബാറ്റിങ് പ്രകടനത്തിനിടയിലും താരലേലത്തിൽ ഇരുവരും അവഗണിക്കപ്പെടുകയായിരുന്നു.
ആസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ ആണ് ലേല മേശയിലെ താരമായത്.രണ്ട് കോടി അടിസ്ഥാനവിലയുള്ള ഓൾറൗണ്ടറെ ഐ.പി.എല്ലിലെ ഏറ്റവും മികച്ച മൂന്നാമത്തെ ലേലതുകയിൽ (25.20 കോടി രൂപ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. സീനിയർ ഇന്ത്യൻ താരങ്ങൾ അവഗണിക്കപ്പെട്ടപ്പോൾ, ദേശീയ ടീമിനായി ഇതുവരെ കളിക്കാൻ അവസരം കിട്ടാത്ത താരങ്ങളാണ് താര ലേലത്തിൽ തിളങ്ങിയത്. രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കാർത്തിക് ശർമയും, ഉത്തർപ്രദേശിന്റെ ഓൾറൗണ്ടർ പ്രശാന്ത് വീറും 14.20 കോടി രൂപ വീതം പോക്കറ്റിലാക്കി ചെന്നൈ സൂപ്പർ കിങ്സിലെത്തി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ അൺക്യാപ്ഡ് (ദേശീയ ടീമിനായി കളിക്കാത്തവർ) താരങ്ങൾ എന്ന റെക്കോഡും ഇരുവരും സ്വന്തമാക്കി. രണ്ടുപേർക്കുമായി 28.40 കോടിയാണ് ചെന്നൈ സൂപ്പർ കിങ്സ് മുടക്കിയത്.
ആദ്യ റൗണ്ടിൽ അൺസോൾഡായ സർഫറാസ് ഖാനെ രണ്ടാം റൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 75 ലക്ഷം രൂപ പ്രതിഫലത്തിനാണ് മുംബൈ താരത്തെ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

