ഐ.പി.എൽ ലേലം: റെക്കോഡ് വിലയിൽ കാമറൂൺ ഗ്രീൻ; മതീഷക്കും പൊന്ന് വില; ലേലത്തിൽ തിളങ്ങി പുതുമുഖങ്ങൾ
text_fieldsകാമറൂൺ ഗ്രീൻ, മതിഷ പതിരാന
അബുദബി: ഐ.പി.എൽ താരലേലത്തിൽ പൊന്നിൻ തിളക്കവുമായി ആസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനും, ശ്രീലങ്കയുടെ മതീഷ പതിരാനയും. അബുദബിയിൽ നടക്കുന്ന താരലേലത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 25.20 കോടി രൂപക്കാണ് ഓസീസ് ഓൾറൗണ്ടറെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും, ചെന്നൈ സൂപ്പർ കിങ്സും കാമറൂൺ ഗ്രീനിനുവേണ്ടി വാശിയോടെ ലേലം വിളിച്ചുവെങ്കിലും ഓൾറൗണ്ടറെ ടീമിലെത്തിക്കാൻ വിടാതെ പിന്തുടർന്ന കൊൽക്കത്ത അന്തിമ വിജയം നേടി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ താരം എന്ന പദവിയുമായാണ് ഓസീസ് ഓൾറൗണ്ടർ ലേലമേശയിലെ താരമായി മാറിയത്. ഐ.പി.എൽ ലേലത്തിൽ ഒരു വിദേശ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായും ഇത് മാറി.
രണ്ട് കോടി രൂപയായിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചത്. രാജസ്ഥാൻ റോയൽസ് തുടക്കത്തിൽ തന്നെ ഗ്രീനിനു വേണ്ടി രംഗത്തെത്തി. രണ്ടിൽ നിന്നും എട്ട് കോടിയിലേക്ക് മിന്നിൽവേഗത്തിൽ കുതിച്ചു. 13.6 കോടി രൂപയിലെത്തിയതോടെ രജസ്ഥാൻ പിൻവാങ്ങി. ശേഷം, ചെന്നൈയും കൊൽക്കത്തയും തമ്മിലായി മത്സരം. ഒടുവിൽ, പഴ്സിലെ വൻ തുക വീശി കൊൽക്കത്ത ഡീൽ ഉറപ്പിക്കുകയായിരുന്നു.
മിച്ചൽ സ്റ്റാർകിന്റെ (2024ൽ കൊൽക്കത്ത -24.75 കോടി) റെക്കോഡാണ് ഗ്രീൻ മറികടന്നത്. കഴിഞ്ഞ സീസണിൽ ലഖ്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയ ഋഷഭ് പന്താണ് (27 കോടി) ഏറ്റവും ഉയർന്ന ലേലവിലയുള്ള താരം.
ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത ശ്രീലങ്കൻ പേസ് ബൗളർ മതീഷ പതിരാനയെ 18കോടി രൂപക്കാണ് കൊൽക്കത്ത തന്നെ വിളിച്ചെടുത്തത്. കഴിഞ്ഞ ഐ.പി.എല്ലിൽ 13 കോടി രൂപക്കായിരുന്നു താരം ചെന്നൈയിൽ കളിച്ചത്. ലേലത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകൾ മതീഷക്കായി രംഗത്തെത്തി. രണ്ട് കോടി അടിസ്ഥാനവിലയിട്ട താരത്തെ ഒടുവിൽ കൊൽക്കത്ത തങ്ങളുടെ നിരയിലെത്തിച്ചു.
കാർത്തികിനും പ്രശാന്തിനും 14 കോടി; വിഗ്നേഷ് രജസ്ഥാനിലേക്ക്
ഐ.പി.എല്ലിലെ പുതുമുഖക്കാരായ ഇന്ത്യൻതാരങ്ങൾ കാർത്തിക് ശർമയും പ്രശാന്ത് വീറും ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചു. 30 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള ഇരുവർക്കുമായി 14.20 കോടി രൂപ വീതമാണ് ചെന്നൈ സൂപ്പർകിങ്സ് എറിഞ്ഞത്.
മിനി താരലേലത്തിൽ ഇന്ത്യൻ ഓൾറൗണ്ടർ വെങ്കടേഷ് അയ്യറെ ഏഴുകോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലർ രണ്ടു കോടിക്ക് ഡൽഹി ക്യാപിറ്റൽസിലും, ക്വിന്റൺ ഡി കോക്കിനെ ഒരു കോടി രൂപക്ക് മുംബൈ ഇന്ത്യൻസിലും, മലയാളി താരം വിഗ്നേഷ് പുത്തൂരിനെ 30,000 ലക്ഷത്തിന് രാജസ്ഥാനിലും എത്തി.
ജമ്മു കശ്മീരിൽനിന്നുള്ള ഓൾ റൗണ്ടർ അകിബ് ധറിനെ 8.40 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

