ബാറ്റിങ്ങിൽ പഞ്ചാബിനെ തകർത്തു, പിന്നാലെ സൽമാൻ ഖാനോട് മാപ്പ്; ഐ.പി.എല്ലിൽ വീണ്ടും 'സിന്റാസ് ടീം' തരംഗം
text_fieldsസൽമാൻ ഖാൻ
ഹൈദരാബാദ്: ഐ.പി. എൽ ആവേശത്തിന് മാറ്റ് കൂട്ടാൻ എപ്പോഴും ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള രസകരമായ ബന്ധത്തിന് സാധിക്കാറുണ്ട്. ഇത്തവണ രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷം വൈറലായിരിക്കുന്നത് രാജസ്ഥാൻ താരം ഡോണോവൻ ഫെരേരയും സൂപ്പർ താരം സൽമാൻ ഖാനും തമ്മിലുള്ള ഒരു ട്വീറ്റ് ആണ്.
മുള്ളൻപൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 223 റൺസ് എന്ന കൂറ്റൻ ലക്ഷ്യം രാജസ്ഥാൻ റോയൽസ് മറികടന്നു. 26 പന്തിൽ പുറത്താകാതെ 52 റൺസെടുത്ത ഫിനിഷർ ഡോണോവൻ ഫെരേരയായിരുന്നു വിജയശിൽപി. മത്സരശേഷം രാജസ്ഥാൻ റോയൽസ് പങ്കുവെച്ച ഒരു വിഡിയോയിൽ ഫെരേര സൽമാൻ ഖാനോട് തമാശരൂപേണ ക്ഷമ ചോദിക്കുന്നുണ്ട്. ‘സോറി ഭായ്, ഇന്ന് വേണ്ട’ എന്നാണ് താരം ചിരിച്ചുകൊണ്ട് പറയുന്നത്.
2014ൽ പഞ്ചാബിന്റെ ഒരു നിർണ്ണായക മത്സരത്തിനിടെ സൽമാൻ ഖാൻ പങ്കുവെച്ച ഒരു ട്വീറ്റാണ് ഇതിന്റെയെല്ലാം അടിസ്ഥാനം. സിന്റയുടെ ടീം ജയിച്ചോ? എന്നായിരുന്നു അന്ന് സൽമാൻ ചോദിച്ചത്. പഞ്ചാബ് കിങ്‌സ് ഉടമ പ്രീതി സിന്റയെ ഉദ്ദേശിച്ചുള്ള ഈ ചോദ്യം പത്ത് വർഷത്തിന് ശേഷവും ഇന്റർനെറ്റിൽ വലിയ തരംഗമാണ്. പഞ്ചാബ് കളിക്കുമ്പോഴെല്ലാം ആരാധകർ ഈ ട്വീറ്റ് വീണ്ടും കുത്തിപ്പൊക്കാറുണ്ട്.
ഈ മാസം ആദ്യം പഞ്ചാബ് ഹൈദരാബാദിനെ തോൽപ്പിച്ചപ്പോൾ, സൽമാൻ ഖാൻ വീണ്ടും പ്രീതി സിന്റയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ‘നന്നായി ചെയ്തു സിന്റ, അഭിനന്ദനങ്ങൾ. ടീം നന്നായി കളിക്കുന്നുണ്ട്’ എന്നായിരുന്നു സൽമാന്റെ പുതിയ പോസ്റ്റ്. സൽമാൻ ഖാന്റെ ഈ സപ്പോർട്ട് പഞ്ചാബ് കിങ്‌സിന് കൂടെയുള്ളപ്പോഴാണ് അവരെ തോൽപ്പിച്ചതിൽ രാജസ്ഥാൻ താരം മാപ്പ് ചോദിച്ചിരിക്കുന്നത്. ക്രിക്കറ്റ് ലോകവും സിനിമയും തമ്മിലുള്ള ഇത്തരം കൊച്ചു കൊച്ചു തമാശകൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഫെരേരയുടെ വിഡിയോയും സൽമാന്റെ പഴയ ട്വീറ്റും ഇപ്പോൾ വലിയ ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

