പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ന്യൂസിലൻഡിനെതിരെ രണ്ടാം ഏകദിനം ഇന്ന് രാജ്കോട്ടിൽ
text_fieldsഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ പരിശീലനത്തിൽ
രാജ്കോട്ട്: പ്രമുഖരുടെ പരിക്കുണ്ടാക്കിയ ആശങ്കകൾക്കിടെ ഇന്ത്യ ബുധനാഴ്ച ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിന്. ആദ്യ കളി ജയിച്ച ആതിഥേയർക്ക് സമാന ഫലം തുടർന്നാൽ മൂന്ന് മത്സര പരമ്പര ഇന്നേ സ്വന്തമാക്കാം. ന്യൂസിലൻഡിനെ സംബന്ധിച്ച് ഇത് നിലനിൽപ് പോരാട്ടമാണ്.
സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ ഉജ്ജ്വല ഫോം മെൻ ഇൻ ബ്ലൂവിന് നൽകുന്ന ആവേശം ചെറുതല്ല. അന്താരാഷ്ട്ര, ആഭ്യന്തരതലങ്ങളിലായി കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ വിരാടിന്റെ ബാറ്റിൽനിന്ന് പിറന്നത് മൂന്ന് സെഞ്ച്വറികളും നാല് അർധ ശതകങ്ങളുമാണ്. വഡോദരയിലെ ഒന്നാം ഏകദിനത്തിൽ സെഞ്ച്വറിക്കരികിലാണ് കോഹ്ലി വീണത്. പരിക്കിൽനിന്ന് മോചിതരായെത്തിയ ക്യാപ്റ്റനും ഓപണറുമായ ശുഭ്മൻ ഗിൽ, മധ്യനിരയിൽ ശ്രേയസ് അയ്യർ തുടങ്ങിയവർ താളം കണ്ടെത്തിയതും ആശ്വാസമാണ്. ഓപണർ രോഹിത് ശർമയിൽനിന്നും ഇന്ത്യ വലിയ സ്കോർ പ്രതീക്ഷിക്കുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന് പിന്നാലെ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറും പരിക്കേറ്റ് പരമ്പരയിൽനിന്ന് പുറത്തായി. ബാറ്ററായ ആയുഷ് ബദോനിയെയാണ് പകരം വാഷിങ്ടണിന് പകരം ടീമിലുൾപ്പെടുത്തിയിരിക്കുന്നത്.
വാഷിങ്ടണിന്റെ ഒഴിവിൽ ഓൾ റൗണ്ടറെതന്നെ പരീക്ഷിക്കാനാണ് തീരുമാനമെങ്കിൽ ഇന്ന് നിതീഷ് കുമാർ റെഡ്ഡി പ്ലേയിങ് ഇലവനിലെത്തും. ഒരു ബാറ്ററെ അധികം ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ വിക്കറ്റ് കീപ്പർ കൂടിയായ ധ്രുവ് ജുറെലിനാവും നറുക്ക്. കെ.എൽ. രാഹുൽ തുടരുകയും ചെയ്യും. മറ്റു മാറ്റങ്ങൾക്ക് സാധ്യത കുറവാണ്. കിവികളുടെ പ്ലേയിങ് ഇലവനിലും കാര്യമായ ഇടപെടലുകളുണ്ടാവില്ല. ആദ്യ കളിയിൽ ഓപണർമാരായ ഹെൻറി നിക്കോൾസും ഡെവോൺ കോൺവേയും നൽകിയ ഗംഭീര തുടക്കം മുതലെടുക്കാൻ മധ്യനിരക്ക് കഴിയാതെ പോയി. എങ്കിലും ഡാരിൽ മിച്ചൽ നടത്തിയ വെടിക്കെട്ട് ടീമിനെ 300ലെത്തിച്ചു. ബൗളിങ്ങിൽ കൈൽ ജാമിസനും മിന്നും പ്രകടനം നടത്തി.
ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, രവീന്ദ്ര ജദേജ, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്സ്വാൾ, ആയുഷ് ബദോനി.
ന്യൂസിലൻഡ്: മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ഡെവൺ കോൺവേ, മിച്ചൽ ഹേ, നിക്ക് കെല്ലി, ഹെൻറി നിക്കോൾസ്, വിൽ യങ്, ജോഷ് ക്ലാർക്ക്സൺ, സാക്ക് ഫോൾക്സ്, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, കൈൽ ജാമിസൺ, ജെയ്ഡൻ ലെനോക്സ്, മൈക്കൽ റേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

