വെടിക്കെട്ടുമായി ഡാരിൽ മിച്ചൽ; ഇന്ത്യക്ക് ജയിക്കാൻ 301 റൺസ്
text_fieldsഅർധ സെഞ്ച്വറി നേടിയ ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ
വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 301 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തു. ഓപണർമാരായ ഡെവോൺ കോൺവെയും (56), ഹെന്റി നികോൾസും (62) നൽകിയ തുടക്കവും, മധ്യനിരയിൽ ഡാരിൽ മിച്ചലിന്റെ (84) വെടിക്കെട്ട് ഇന്നിങ്സുമാണ് ന്യൂസിലൻഡിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഹർഷിദ് റാണ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസിൽ ജയിച്ച ഇന്ത്യ, ന്യൂസിലൻഡിനെ ആദ്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപണർമാരായ ഡെവോൺ കോൺവേയും (67 പന്തിൽ 56റൺസ്), ഹെന്റി നികോൾസും (69 പന്തിൽ 62) ചേർന്ന് നൽകിയ ഉജല്വ തുടക്കത്തിൽ റൺമലയിലേക്ക് കുതിച്ച ന്യൂസിലൻഡിനെ പവർേപ്ലക്കു ശേഷമാണ് ഇന്ത്യക്ക് തൊടാൻ കഴിഞ്ഞത്.
20 ഓവറിന് മുകളിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ക്രീസിൽ പിടിച്ചു നിന്നവർ ടീം ടോട്ടൽ 100 റൺസ് കടത്തി. മുഹമ്മദ് സിറാജും ഹർഷിദ് റാണയും പ്രസിദ്ദുമെല്ലാം ചേർന്ന് മാറിമാറി നടത്തിയ ആക്രമണത്തിലും ഓപണിങ് കൂട്ടുകെട്ട് പിളർത്താൻ കഴിഞ്ഞില്ല. ഒടുവിൽ 22ാം ഒവാറിൽ ഹെന്റി നികോൾസിനെ ഹർസിദ് റാണ കെ.എൽ രാഹുലിന്റെ കൈകളിലെത്തിച്ചാണ് കിവീസ് വിക്കറ്റ് വീഴ്ചക്ക് തുടക്കം കുറിച്ചത്. ഒന്നാം വിക്കറ്റ് വീണതിനു പിന്നാലെ, നിശ്ചിത ഇടവേളയിലായി വിക്കറ്റ് വീഴ്ച തുടർന്നു. ഡെവോൺ കോൺവെയെ അടുത്ത വരവിൽ ഹർഷിദ് റാണ കുറ്റിപിഴുതുകൊണ്ട് മടക്കി. മൂന്നാമനായി വിൽ യംങിനെ (12) മുഹമ്മദ് സിറാജും മടക്കി. നാലാം വിക്കറ്റിൽ ഡാരിൽ മിച്ചൽ മധ്യ ഓവറുകളിൽ അടിച്ചു തകർത്തുകൊണ്ട് ക്രീസിൽ പിടിച്ചുനിന്നു. 71 പന്തിൽ മൂന്ന് സിക്സറും അഞ്ച് ബൗണ്ടറിയുമായി 84 റൺസെടുത്ത ഡാരിൽ മിച്ചൽ ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.
അതേസമയം, ക്രീസിന്റെ മറുതലക്കൽ ആർക്കും പിടിച്ചു നിൽക്കാനായില്ല. െഗ്ലൻ ഫിലിപ്സ് (12), മിച്ചൽ ഹേ (16), സാക് ഫോക്സ് (1) എന്നിവരുടെ വിക്കറ്റുകൾ വീണു. ഒടുവിൽ 48ാം ഓവറിൽ എട്ടാമനായാണ് ഡാരിൽ മിച്ചൽ പുറത്തായത്. 50 ഓവർ പൂർത്തിയാകുമ്പോൾ ക്രിസ്റ്റ്യൻ ക്ലാർകും (24), കെയ്ൽ ജാമിസണും (7) ആയിരുന്നു പുറത്താകാതെ ക്രീസിലുള്ളത്.
വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഉൾപ്പെടുന്ന സീനിയർ താരങ്ങളുടെ മിന്നും പ്രകടനമാണ് മത്സരത്തിെൻർ ഹൈലൈറ്റ്. ഫെബ്രുവരിയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമെന്നോണം ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്കും പേസർ ജസ്പ്രീത് ബുംറക്കും വിശ്രമം നൽകിയാണ് ഇന്ത്യയിറങ്ങിയത്. പരിക്കിൽനിന്ന് മോചിതരായി നായകൻ ശുഭ്മൻ ഗില്ലും ഉപനായകൻ ശ്രേയസ് അയ്യരും പൂർണാരോഗ്യം വീണ്ടെടുത്തുകഴിഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ ഋഷഭ് പന്ത് ടീമിൽ ഇല്ല. പകരം, കെ.എൽ രാഹുലാണ് വിക്കറ്റിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

