മെൽബണിൽ കളി കാണാനെത്തിയത് 94,199 പേർ! റെക്കോഡ്; കാഴ്ചവിരുന്നായി വിക്കറ്റ് മഴ
text_fieldsമെൽബൺ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ ഒന്നാംദിനം കളി കാണാനായി മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് (എം.സി.ജി) എത്തിയത് 94,199 പേർ. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിന് എത്തിയതിനേക്കാൾ കൂടുതൽ കാണികളാണ് എം.സി.ജിയിൽ ക്രിസ്മസിന് തൊട്ടടുത്ത ദിവസമായ ബോക്സിങ് ഡേയിൽ തടിച്ചുകൂടിയത്. ലോകകപ്പ് ഫൈനലിലെ ആസ്ട്രേലിയ -ന്യൂസിലൻഡ് പോരാട്ടം കാണാൻ മെൽബണിൽ 93,013 കാണികളാണെത്തിയത്. 2013ലെ ആഷസ് മത്സരം കാണാനായി 91,112 പേർ എത്തിയതാണ് മൂന്നാമതുള്ള റെക്കോഡ്.
അതേസമയം മത്സരത്തിന്‍റെ ആദ്യദിനം ഇരുടീമുകളുടെയും ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 20 വിക്കറ്റുകളാണ് മെൽബണിൽ വെള്ളിയാഴ്ച വീണത്. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ 152 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 110ന് പുറത്തായി. ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ, രണ്ടാം ഇന്നിങ്സിൽ വിക്കറ്റുപോകാതെ നാല് റൺസ് എന്ന നിലയിലാണ് ആതിഥേയർ. ഓസീസിന്‍റെ ആകെ ലീഡ് 46 റൺസായി. ഇംഗ്ലണ്ടിനായി ജോഷ് ടങ് അഞ്ച് വിക്കറ്റ് നേടിയപ്പോൾ, ആസ്ട്രേലിയൻ നിരയിൽ ടോപ് സ്കോററായ മൈക്കൽ നെസെർ ടോപ് വിക്കറ്റ് ടേക്കറുമായി. നാലു വിക്കറ്റ് പിഴുത് ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകിയ താരം, നിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷിയാക്കി ഇത്തരമൊരു പ്രകടനം പുറത്തെടുക്കുകയെന്നത് തന്‍റെ ബാല്യകാല സ്വപ്നമായിരുന്നുവെന്നാണ് പ്രതികരിച്ചത്.
“ഇത് തികച്ചും അയാഥാർഥ്യമായി തോന്നുന്നു. കുട്ടിയായിരിക്കുമ്പോൾ ഞാനിത് സ്വപ്നം കണ്ടിട്ടുണ്ട്. എല്ലാ ബോക്സിങ് ഡേയിലും ഞാനും സഹോദരനും മുറ്റത്ത് ക്രിക്കറ്റ് കളിക്കും. ഇടക്കിടെ വന്ന് സ്കോർ നോക്കും. ടീമിലെത്തുക എന്നത് ഞങ്ങൾക്ക് വലിയ സ്വപ്നമായിരുന്നു. ഇപ്പോഴത് യാഥാർഥ്യമാകുമ്പോൾ എത്ര വലിയ സന്തോഷമാണെന്ന് പറയാൻ വാക്കുകളില്ല” -നെസർ പറഞ്ഞു. ടെസ്റ്റിന്‍റെ വരുംദിവസങ്ങളിലും സ്റ്റേഡിയത്തിലേക്ക് വൻ ജനപ്രവാഹമാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. 2013ലെ ബോക്സിങ് ഡേ ടെസ്റ്റ് കാണാൻ ആകെ 2,71,865 പേരാണ് എം.സി.ജിയിൽ എത്തിയത്. ആ റെക്കോഡും ഇത്തവണ മറികടന്നേക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

