കാര്യവട്ടത്ത് ഇനി കളിയാഘോഷ ദിനങ്ങൾ
text_fieldsഗ്രീൻഫീൾഡ് സ്റ്റേഡിയം
തിരുവനന്തപുരം: വിശ്വകീരിട പോരാട്ടത്തിന്റെ തയാറെടുപ്പുകൾക്കായി കാര്യവട്ടത്ത് കളിയാടാൻ തിങ്കളാഴ്ച മുതൽ ടീമുകൾ എത്തിത്തുടങ്ങും. തിങ്കളാഴ്ച പുലർച്ചെ 3.10ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് സംഘമാണ് സന്നാഹ മത്സരങ്ങൾക്കായി ആദ്യം തലസ്ഥാനത്തെത്തുന്നത്. കരുത്തരായ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക.
ഈ മാസം 29ന് അഫ്ഗാനിസ്താനുമായാണ് ടെംബ ബാവുമ നേതൃത്വം നൽകുന്ന പ്രോട്ടീസിന്റെ ആദ്യസന്നാഹ മത്സരം. തുടർന്ന് ഒക്ടോബർ രണ്ടിന് ന്യൂസിലാൻഡിനെയും ദക്ഷിണാഫ്രിക്ക നേരിടും. ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് പ്രതീക്ഷിക്കുന്ന അഫ്ഗാനിസ്താൻ 26നാണ് എത്തുക. ദ. ആഫ്രിക്കക്ക് ഹോട്ടൽ ലീലയിലും അഫ്ഗാനിസ്താന് ഹോട്ടൽ ഹൈസിന്തിലുമാണ് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ താമസം ഒരുക്കിയിരിക്കുന്നത്.
26, 27, 28 തീയതികളിൽ സൗത്ത് ആഫ്രിക്ക ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. 28നാകും അഫ്ഗാനിസ്താൻ പരിശീലനത്തിന് ഇറങ്ങുക. ഓസ്ട്രേലിയ നെതർലന്റ്സ് ടീമുകൾ സെപ്റ്റംബർ 28നും ന്യൂസിലാൻഡ് 30നും ഇന്ത്യൻ ടീം ഒക്ടോബർ ഒന്നിനും സന്നാഹ മത്സരങ്ങൾക്കായി തിരുവനന്തപുരത്തെത്തും. സെപ്റ്റംബർ 30ന് ഓസ്ട്രേലിയ നെതർലന്റിനെയും ഒക്ടോബർ മൂന്നിന് നെതർലാൻഡ് ഇന്ത്യയെയും കാര്യവട്ടത്ത് നേരിടും.
മഴ വില്ലനാകുമോ?
ലോകകപ്പ് മത്സരം നൽകിയില്ലെങ്കിലും കാര്യവട്ടത്ത് ഇന്ത്യകൂടി ഉൾപ്പെടുന്ന അഞ്ച് സന്നാഹമത്സരമാണ് ബി.സി.സി.ഐ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എന്നാൽ കളി മഴകൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ. പരിശീലന മത്സരങ്ങൾ ആരംഭിക്കുന്ന സെപ്റ്റംബർ 29ന് ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടുമെന്നും തുടർന്നുള്ള 24 മണിക്കൂറുകൾക്കുള്ളിൽ അത് ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്രന്യൂനമർദമായി മാറുമെന്നാണ് കാലാവസ്ഥ പ്രവചനം. അങ്ങനെയെങ്കിലും ന്യൂനമർദം തിരുവനന്തപുരം ജില്ല ഉൾപ്പെടുന്ന തെക്കൻകേരളത്തെയാകും ഏറെ ബാധിക്കുക. ശക്തമായി മഴ പെയ്താലും മികച്ച ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻഫീൽഡിൽ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ 50 ഓവർ മത്സരങ്ങൾ പൂർണമായി മഴകൊണ്ടുപോകില്ലെന്ന ആത്മവിശ്വാസം കെ.സി.എക്കുണ്ട്.
ആളുണ്ടാകുമോ?
നടക്കാൻ പോകുന്നത് ഏകദിന പരിശീലന മത്സരമായതിനാൽ ഇത്തവണ സ്റ്റേഡിയം നിറയെ ആരാധകരെ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതീക്ഷിക്കുന്നില്ല. ടിക്കറ്റ് വിൽപനയിലും ഈ തണുപ്പൻ പ്രതികരണം വ്യക്തമാണ്. എങ്കിലും വരുംദിവസങ്ങളിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിയുമെന്ന പ്രതീക്ഷയിലാണ് കെ.സി.എ. 300, 900 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബർ മൂന്നിന് നടക്കുന്ന ഇന്ത്യ-നെതർലൻഡ് മത്സരത്തിനാണ് കൂടുതൽപേരെ പ്രതീക്ഷിക്കുന്നത്. ബുക്ക് മൈ ഷോ ആപ് വഴിയാണ് ഓൺലൈൻ ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഇതിന് പുറമെ സ്റ്റേഡിയത്തിലും രണ്ട് കൗണ്ടറുകൾ ടിക്കറ്റ് വിൽപനക്കായി തുറന്നിട്ടുണ്ട്.
പണി തകൃതി
പരിശീലന മത്സരങ്ങൾക്ക് ടോസ് വീഴാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ഗ്രൗണ്ടിലെ പണികൾ പൂർത്തിയായെങ്കിലും ഗാലറിയിലെ പൊട്ടിയ കസേരകൾ മാറ്റുന്നതും, കളിക്കാരുടെ ഡ്രസിങ് റൂം, കോർപറേറ്റ് ബോക്സ് എന്നിവയുടെ പണികളും അവസാനഘട്ടത്തിലാണ്. മൂന്ന് ദിവസത്തിനുള്ളിൽ ഇവ പൂർത്തീകരിക്കുമെന്ന് കെ.സി.എ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

