Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇതിഹാസങ്ങൾ...

ഇതിഹാസങ്ങൾ വല്ലപ്പോ​ഴുമേ പിറക്കൂ, ശരിക്കും അയാ​ളൊരു ഇതിഹാസമായിരുന്നു; കപിലിന്​ 62ാം പിറന്നാൾ

text_fields
bookmark_border
ഇതിഹാസങ്ങൾ വല്ലപ്പോ​ഴുമേ പിറക്കൂ, ശരിക്കും അയാ​ളൊരു ഇതിഹാസമായിരുന്നു; കപിലിന്​ 62ാം പിറന്നാൾ
cancel

എഢി ഹെമിങ്​സ്​ എന്ന വെറ്ററൻ സ്​പിന്നറുടെ അടിച്ചുപറത്തിയ പന്ത്​ ബൗണ്ടറി ലൈനരികിൽ മൈക്ക്​ ഗാറ്റിങ്ങ്​ കൈപ്പിടിയിലൊതുക്കുമ്പോൾ വാസ്​തവത്തിൽ ഇന്ത്യക്ക്​ നഷ്​ടമായത്​ രണ്ടാം ലോകകപ്പ്​ എന്ന സ്വപ്​നമായിരുന്നു. തൊട്ടു മുമ്പത്തെ പന്ത്​ ബൗണ്ടറിയിലേക്ക്​ അടിച്ചു പായിച്ച ആവേശത്തിൽ ക്രീസിൽ നിന്ന ആ ബാറ്റ്​സ്​മാൻ സിക്​സറിലേക്ക്​ പായിച്ചതായിരുന്നു ക്യാച്ചായി ഒടുങ്ങിയത്​. അപ്പോൾ അഞ്ചു വിക്കറ്റ്​ കൈയിലിരിക്കെ ഇന്ത്യക്ക്​ ജയിക്കാൻ 87 റൺസ്​ മതിയായിരുന്നു. പക്ഷേ, അത്യാപത്തിൽ രക്ഷക വേഷം കെട്ടാൻ പോന്ന ഒരാൾ, ഔട്ടായി തലകുനിച്ചു കയറിപ്പോയ ആ നായകനെ പോലെ മറ്റൊരാൾ പിന്നീട്​ വരാനില്ലായിരുന്നു. എൺപതുകളിൽ ക്രിക്കറ്റിനെ പ്രണയിച്ചവരുടെ മനസ്സിൽ കപിൽദേവ്​ എന്ന ആ നായകൻ ഇന്നും ചെറുപ്പത്തോടെ നിൽക്കുന്നുണ്ട്​.


ട്രെന്‍റ്​ബ്രിഡ്​ജ്​ വെൽസിൽ സിംബാബ്​വേക്കെതിരെ 175 റൺസ്​ നേടിയ കപിൽദേവിൻറെ പ്രകടനം അയാളുടെ നിശ്​ചയദാർഡ്യമായിരുന്നു 1983 ജൂൺ 25ന്​ ലോർഡ്​സി​​​​​ന്റെ ബാൽക്കണിയിൽ പ്രൂഡൻഷ്യൽ ലോകകപ്പ്​ ഇന്ത്യയൂടെ നെഞ്ചിലേക്ക്​ ചേർത്തുവെച്ചത്​. ഒന്നു പൊരുതുവാൻ ​ പോലും ശേഷിയില്ലാത്തവരെന്ന്​ എഴുതിത്തള്ളിയ, ടെലികാസ്​റ്റ്​ ചെയ്യാൻ കൊള്ളാവുന്ന മത്സരമായി ടെലിവിഷൻകാർക്കുപോലും തോന്നാത്ത ഒരു ടീമായിരുന്നു 1983ൽ ഇന്ത്യ. പക്ഷേ, ആ ജൂണിന്​ ശേഷം കാര്യങ്ങൾ മാറിമറിഞ്ഞത്​ കപിൽദേവ്​ എന്ന ഒറ്റയാ​​​​​ന്റെ മേൽവിലാസത്തിലായിരുന്നു. ഇപ്പോൾ കപിൽദേവിന്​ 60 വയസ്സായിരിക്കുന്നു. തുടർച്ചയായി മൂന്നാം ലോക കപ്പ്​ കിരീടം എന്ന വമ്പുമായി വന്ന കരീബിയൻ ടീമിനെ ഒന്നിനും പറ്റാത്ത ഒരു ടീമിനെയും കൊണ്ട്​ മലർത്തിയടിച്ച്​ കിരീടം പിടിച്ചുവാങ്ങിയത്​ അക്കാലത്ത്​ അത്യപൂർവമായ ടെലിവിഷനിലൂടെ നേരിൽ കണ്ടവർക്ക്​ ഇന്നും കപിൽതന്നെയാണ്​ ഇന്ത്യയുടെ നായകൻ.

1983ലായിരുന്നുവല്ലോ ഫൈനലിൽ വെസ്​റ്റിൻഡീസിനെ തോൽപ്പിച്ച്​ ഇന്ത്യ ലോക ചാമ്പ്യന്മാരായത്​. അങ്ങനെ 'കപിലിന്റെ ചെകുത്താന്മാർ' (Kapil's Devils) എന്ന്​ ഇന്ത്യക്ക്​ വിളിപ്പേര്​ പതിഞ്ഞത്​. നാല്​ വർഷം കൂടി കഴിഞ്ഞപ്പോൾ ഇന്ത്യ തന്നെ ലോക കപ്പിന്​ ആതിഥേയരായി. കപിൽ ദേവ്​ തന്നെയായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. അതു കാത്തുസൂക്ഷിച്ചുകൊണ്ട്​ മുന്നിൽ നിന്ന്​ അയാൾ നയിച്ചതാണ്​. പക്ഷേ, സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പാളിപ്പോയ ആ ഷോട്ട്​ കിരീടം നിലനിർത്താമെന്ന ഇന്ത്യയുടെ സ്വപ്​നങ്ങളെ പിച്ചി ചീന്തി.


അപ്പോഴും വേണമെങ്കിൽ വിജയം പൊരുതി പിടിച്ചെടുക്കാമായിരുന്നു. ക്രീസിൽ മറുവശത്ത്​ മുഹമ്മദ്​ അസറുദ്ദീൻ മികച്ച ഫോമിലുണ്ടായിരുന്നു. അതിശയങ്ങൾ തീർക്കാൻ കെൽപ്പുള്ള രവി ശാസ്​ത്രി വരാനുണ്ടായിരുന്നു. മനോജ്​ പ്രഭാകറും കിരൺ മോറേയും ചേതൻ ശർമയും വേണമെങ്കിൽ വിജയം പിടിച്ചെടുക്കാൻ കഴിയുന്നവരുമായിരുന്നു. പക്ഷേ, കപിൽ എന്ന നായകൻ വീണതോടെ അവരുടെ ആത്​മവിശ്വാസങ്ങൾ എല്ലാം തകർന്നുപോയിരുന്നു. അനാവശ്യമായി ക്രോസ്​ ബാറ്റ്​ വീശി അസ്​ഹർ എഢി ഹെമ്മിങ്​സി​​​​റെ പന്തിൽ 64 റൺസുമായി ടോപ്​ സ്​കോറർ ആയി പുറത്തായി. ഒടുവിൽ ലക്ഷ്യമില്ലാതെ ഉയർത്തിയടിച്ച്​ ശാസ്​ത്രിയും പുറത്തായതോടെ ഇന്ത്യ 35 റൺസിന്​തോറ്റു. ആ ലോക കപ്പ്​ പരമ്പരയിൽ ഇന്ത്യ അത്യുജ്ജല ഫോമിലായിരുന്നു.

ചാമ്പ്യൻമാരായ ആസ്​ട്രേലിയയെ ഗ്രൂപ്പ്​ മത്സരത്തിൽ തോൽപ്പിച്ചതുമാണ്​. ഉദ്​ഘാടനത്തിന്​ മുന്നോടിയായി നടന്ന പ്രദർശന മത്സരത്തിൽ പാക്കിസ്​ഥാനെയും (ഇത്​ പിന്നീട്​ അന്താരാഷ്​ട്ര മത്സരമായി പരിഗണിച്ചു). ഗ്രൂപ്പ്​ മത്സരത്തിൽ ആദ്യം ഓസീസിനോട്​ ഇന്ത്യ തോറ്റത്​ ഒരു റൺസിനായിരുന്നുവെങ്കിൽ പിന്നീട്​ തോൽവിയറിയാതെയായിരുന്നു സെമി ഫൈനലിൽ എത്തിയത്​. അതിനിടയിൽ രണ്ടാം മത്സരത്തിൽ ആസ്​ട്രേലിയയെ 56 റൺസിന്​ തോൽപ്പിച്ചു. ന്യൂസിലാൻഡിനെയും സിംബാബ്​വേയും രണ്ടു വട്ടവും പരാജയപ്പെടുത്തി. സെമി കടന്നിരുന്നുവെങ്കിൽ അന്നത്തെ ഫോമിൽ ഫൈനലിൽ ആസ്​ട്രേലിയയെ പരാജയപ്പെടുത്താൻ സാധ്യത ഏറെയായിരുന്നു...

ശൂന്യതയിൽനിന്ന്​ ലോക കപ്പ്​ നേടി കൊടുക്കുകയും അടുത്ത ലോക കപ്പിൽ സെമിയിൽ വരെ എത്തിക്കുകയും ചെയ്​ത ക്യാപ്​റ്റനെ ഇന്ത്യ പക്ഷേ, കണക്കിനു ശിക്ഷിക്കുകയായിരുന്നു. ആ വർഷം ഒടുവിൽ നടന്ന ഇന്ത്യ - വെസ്​റ്റിൻഡീസ്​ പരമ്പരയിൽ കപിൽദേവായിരുന്നില്ല ക്യാപ്​റ്റൻ. വെംഗ്​സർക്കാർ ആയിരുന്നു. പരമ്പരയിലെ അവസാന ടെസ്​റ്റിൽ വെംഗ്​സർക്കാർ പരിക്കേറ്റ്​ പുറത്തിരുന്നപ്പോൾ താൽക്കാലിക ക്യാപ്​റ്റന്റ ചുമതല പോലും കപിലിന്​ നൽകിയില്ല. രവിശാസ്​ത്രിയായിരുന്നു നായകൻ.നരേന്ദ്ര ഹിർവാനി 16 വിക്കറ്റ്​ വീഴ്​ത്തി റെക്കോർഡിട്ട ചെന്നൈയിലെ ആ ടെസ്​റ്റിൽ വിൻഡീസ്​ ബൗളിങ്ങിനെ അരിഞ്ഞുതള്ളി നേടിയ​ തകർപ്പൻ സെഞ്ച്വറിയായിരുന്നു കപിലി​​​​​ന്റെ മറുപടി.


എങ്ങനെ മറക്കും ആ 175..?

1983 ജൂൺ 18. ഇന്ത്യ ലോക കപ്പ്​ നേടുന്നതിന്​ കൃത്യം ഒരാഴ്​ച മുമ്പ്​. ട്രെന്‍റ്​ബിഡ്​ജ്​വെൽസ്​ മൈതാനത്ത്​ സിംബാബ്​വേയെ ഇന്ത്യ നേരിടുന്നു. ടോസ്​ കിട്ടിയ ഇന്ത്യ ബാറ്റിങ്ങ്​ തന്നെ തെരഞ്ഞെടുത്തു. സ്​കോർ ബോർഡിൽ റൺ വിരിയും മുമ്പേ സുനിൽ ഗവാസ്​കർ വട്ടപ്പൂജ്യത്തിന്​ പുറത്ത്​. തൊട്ടുടൻ കൃഷ്​ണമാചാരി ശ്രീകാന്ത് റണ്ണെടുക്കാതെ പുറത്ത്​. മൊഹീന്ദർ അമർനാഥ്​, സന്ദീപ്​ പാട്ടീൽ, യശ്​പാൽ ശർമ എന്നിവരും ഡ്രസിങ്​ റൂമിലേക്ക്​ മാർച്ച്​ പാസ്​റ്റ്​ നടത്തുകയാണ്​. 17 റൺസിന്​ അഞ്ച്​ വിക്കറ്റ്​.

സംഘാടകർ അങ്കലാപ്പിലായി. അധികം കാണികൾ ഇല്ലെങ്കിലും ഉച്ചയ്​ക്ക്​ മുമ്പ്​ കളി തീരുന്ന മട്ടാണ്​. വാർത്ത ഏജൻസികൾ അതിനു പാകത്തിൽ കമൻററി എ​ഴുതാൻ തുടങ്ങിയ നേരം. ക്യാപ്​റ്റൻ പദവി ഏറ്റെടുത്തിട്ട്​ നാലു മാസം മാത്രം പ്രായമുള്ള കപിൽദേവ്​ എന്ന 24കാരൻ ആറാമനായി ക്രീസിൽ ഇറങ്ങിയത്​ അപ്പോഴാണ്​. റോജർ ബിന്നിയെ കൂട്ടുപിടിച്ച്​ സ്​കോർ 77ൽ എത്തിച്ചപ്പോൾ ആറാമത്തെ വിക്കറ്റും വീണു. ഒരു റൺ കൂടി ചേർന്നപ്പോൾ രവി ശാസ്​ത്രിയും കട്ടയും പടവും മടക്കി. 78ന്​ ഏഴ്​. നൂറു കടക്കാനുള്ള സാധ്യത കഷ്​ടി.

എട്ടാം വിക്കറ്റിൽ മദൻലാൽ വന്നപ്പോൾ മറുവശത്ത്​ കപിൽ ഒറ്റയ്​ക്ക്​ ഇന്നിങ്​സി​​​​ന്റെ അറ്റകുറ്റ പണികൾ തീർക്കാനുള്ള പുറപ്പാടിലായിരുന്നു. ഒരുവിധം 140ൽ എത്തിച്ചപ്പോൾ മദൻലാലും മതിയാക്കി. എട്ടിന് 140. ഒമ്പതാമനായി ക്രീസിൽ വന്ന വിക്കറ്റ്​ കീപ്പർ സെയ്യദ്​ കിർമാനിയോട്​ കപിലിന്​ ഒന്നേ പറയാനുണ്ടായിരുന്നുള്ളു, 'എന്തു വന്നാലും 60 ഓവറും പിടിച്ചു നിൽക്കണം. ബാക്കി കാര്യം ഞാനേറ്റു..' (അന്ന്​ 60 ഓവർ മത്സരമായിരുന്നു ഏകദിനം).

പിന്നെ ട്രെന്‍റ്​​ബ്രിഡ്​ജ്​വെൽസ്​ കണ്ടത്​ കൊലവിളിയായിരുന്നു. കപിൽ ശരിക്കും ​ ചെകുത്താനായി മാറിയ ദിവസം. ഒരൊറ്റ ഇന്ത്യക്കാരൻ പോലും ഏകദിനത്തിൽ സെഞ്ച്വറി തൊട്ടിട്ടില്ലാത്ത ആ കാലത്ത്​ ആദ്യമായി ഇന്ത്യക്കുവേണ്ടി കപിൽ ഏകദിനത്തിൽ സെഞ്ച്വറി കുറിച്ചു. പറഞ്ഞതുപോലെ 60 ഓവറും കിർമാനി കൂടെ നിന്നു. കളി അവസാനിക്കുമ്പോൾ ഇന്ത്യൻ സ്​കോർ എട്ടിന്​ 266.

കപിൽദേവ്​ പുറത്താകാതെ 175 റൺസ്​. അതും വെറും 138 പന്തിൽ. മൈതാനത്തി​​​​​ന്റെ അതിരുകൾ അളന്ന 16 ഫോറുകൾ. ആകാശം ഭേദിച്ച ആറ്​ സിക്​സറുകൾ. ഏറെ കാലം പിന്നിട്ട്​ സൗരവ്​ ഗാംഗുലി 183 അടിക്കുന്നതുവരെ കപിലി​​​​​ന്റെ 175 ആയിരുന്നു ഇന്ത്യക്കാര​​​​​ന്റ ഏറ്റവും ഉയർന്ന സ്​കോർ. 31 റൺസിന്​ ആ മത്സരം ജയിച്ച്​ ഇന്ത്യ അവസാന വട്ടത്തിലേക്ക്​ ഓടിക്കയറുകയും ചെയ്​തു.

സച്ചിനും സെവാഗും രോഹിതുമൊക്കെ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയെങ്കിലും കപിലി​​​​​​ന്റെ ആ 175 ​ന്​ തുല്ല്യം വെക്കാൻ പോന്ന ഒരിന്നിങ്​സ്​ ഓർമയിൽപോലുമില്ല.ഫൈനലിൽ വെസ്​റ്റിൻഡീസിനെതിരെ വെറും 183 റൺസിന്​ പുറത്തായി ബൗളിങ്ങിനായി ഫീൽഡിലേക്കിറങ്ങുമ്പോൾ കപിൽ സഹകളിക്കാരോട്​ പറഞ്ഞതിത്രയുമായിരുന്നു. 'നമുക്ക് നഷ്​ടപ്പെടാൻ ഒന്നുമില്ല, ഒരു പന്തും വിടരുത്​. മരിച്ചിട്ടാണെങ്കിൽ പോലും അത്​ പിടിച്ചിരിക്കണം. മടങ്ങിപ്പോകുമ്പോൾ നമ്മുടെ കൈയിൽ ഒരു കപ്പുണ്ടാവും. ലോക കപ്പ്​...'


നായകൻ തന്നെ മുന്നിൽ നിന്ന്​ അത്​ കാണിച്ചു കൊടുത്തു. 30 വാര പിന്നിലേക്കോടി വിവിയൻ റിചാർഡ്​സി​​​​​​ന്റെ ക്യാച്ചെടുത്തുകൊണ്ട്​. വിൻഡീസ്​ ക്യാപ്​റ്റൻ ക്ലൈവ്​ ലോയ്​ഡി​​​​​​ന്റെ മാരക ​ ഷോട്ട്​ കൈപ്പിടിയിലാക്കി ഒരിക്കൽ കൂടി അത്​ തെളിയിച്ചു. ഒടുവിൽ അമർനാഥി​​​​​​ന്റെ പന്തിൽ മൈക്കിൾ ഹോൾഡിങ്​ വിക്കറ്റിനു മുന്നിൽ കുടുങ്ങുമ്പോൾ ലോഡ്​സിൽ ചരിത്രം കുറിച്ച്​ 43റൺസി​​​​​​ന്റ വിജയവും ലോക കപ്പും നേടിയിരുന്നു. ഇന്ത്യൻ ബൗളിങ്​ എന്നാൽ പ്രസന്നയുടെയും ബിഷൻ സിങ്ങ്​ ബേദിയുടെയും ചന്ദ്രശേഖരി​​​​​​ന്റെയും വെങ്കട്ട രാഘവ​​​​​​ന്റെയും സ്​പിൻ തന്ത്രങ്ങൾ മാത്രമായിരുന്ന കാലത്താണ്​ കപിൽദേവ്​ രാംലാൽ നിഖഞ്ച്​ എന്ന ഹരിയാനക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക്​ കുതിച്ചെത്തുന്നത്. ഹരിയാന എക്​സ്​പ്രസ്​ എന്ന വിളിപ്പേര്​ അന്വർത്ഥമാക്കി.

1978 ഒക്​ടോബർ 16ന്​ ഫൈസലാബാദിൽ പാക്കിസ്​ഥാനെതിരെ സാദിഖ്​ മുഹമ്മദി​നെ ഗാവസ്​കറുടെ കൈയിലെത്തിച്ച്​ വിക്കറ്റ്​ വേട്ടയ്​ക്ക്​ തുടക്കം കുറിച്ച കപിൽ ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓൾ റൗണ്ടർ തന്നെയായിരുന്നു. ഇംറാൻ ഖാനും റിച്ചാർഡ്​ ഹാഡ്​ലിയും ഇയാൻ ബോതവും കത്തിനിന്നപ്പോഴും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചത്ത പിച്ചിൽനിന്ന്​ കപിൽ അതിശയങ്ങൾ തീർത്തു. ഇടംകൈ ഉയർത്തി അൽപം ഇടത്തോട്ട്​ ചാഞ്ഞ്​ അന്തരീക്ഷത്തിൽ ഉയർന്ന്​ പന്ത്​ ഔട്ട് സ്വിങ്ങറിലേക്ക്​ തൊടുക്കുന്ന കപിലി​​​​​ന്റെ അത്രയും മനോഹരമായ ബൗളിങ്​ ആക്ഷൻ പിന്നീട്​ ലോകത്തിലാരിലും കണ്ടിട്ടില്ല.


ടെസ്​റ്റ്​ ക്രിക്കറ്റിൽ 5248 റൺസും 434 റൺസും എന്ന ഇതുവരെ തകർക്കാനാവാത്ത ആൾറൗണ്ട്​ റെക്കോർഡുമായി ന്യൂസിലാൻഡിനെതിരെ ഹാമിൽട്ടണിൽ 1994 മാർച്ചിൽ നടന്ന ടെസ്​റ്റ്​ ക്രിക്കറ്റോടെ കപിൽ 34ാമത്തെ വയസ്സിൽ കളി മതിയാക്കി. ഒരു കളിക്കാര​​​​​​ന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെ സ്​നേഹിക്കുന്ന ആരാധകരുടെ നടുവിൽനിന്ന്​ വിരമിക്കണം എന്നതാണ്​. പക്ഷേ, ആ അവസരം ഇന്ത്യൻ ക്രിക്കറ്റിനെ ഏറെ കാലം തോളിലേറ്റിയ കപിൽദേവിന്​ ഇന്ത്യൻ ക്രിക്കറ്റ്​ അധികൃതർ അനുവദിച്ചില്ല.

ഒരാളുടെയും ഔദാര്യത്തിന്​ കാത്തുനിൽക്കുന്നയാളായിരുന്നില്ല കപിൽ. കളിക്കളത്തിലും പുറത്തും ആ വ്യക്​തിത്വം അങ്ങനെ തിളങ്ങി നിന്നിട്ടുണ്ട്​. ഇന്ന്​ ഇന്ത്യൻ ഭൂഖണ്ഡത്തിൽ ആടിത്തിമിർക്കുന്ന ​ ഐ.പി.എല്ലിനും ഒരർത്ഥത്തിൽ തുടക്കക്കാരൻ കപിൽ തന്നെയായിരുന്നു. ​ ഐ.സി.എൽ (ഇന്ത്യൻ ക്രിക്കറ്റ് ലീഗ്) എന്ന ട്വൻറി 20 ലീഗുമായി വന്ന്​ ബി.സി.സി.​ഐയുടെ കണ്ണിലെ കരടായി മാറുകയായിരുന്നു ആ സംരംഭം.

ആരുടെ മുന്നിലും ഓച്ഛാനിച്ച്​ നിന്ന്​ അയാൾക്ക്​ ശീലമില്ല. അതുകൊണ്ട്​ ഇന്ത്യൻ ടീമി​​​​​ന്റെ കോച്ചായി അധിക കാലം നിലനിൽക്കാൻ കപിലിനായില്ല. ബി.സി.സി.​ ഐ എന്ന പണംവാരി പ്രസ്​ഥാനത്തി​​​​​​ന്റെ ഉയർന്ന കസേരകളിൽ ഇരിക്കാനും അതുകൊണ്ടു തന്നെ കപിലിനായില്ല. എങ്കിലും ഇന്ത്യൻ ക്രിക്കറ്റ്​ എന്നാൽ ആദ്യം മനസ്സിൽ വരിക ഈ മനുഷ്യന്റെ പേരാണ്​. ഇതിഹാസങ്ങൾ വല്ലപ്പോ​ഴുമേ പിറക്കൂ. ശരിക്കും കപിൽ ഒരു ഇതിഹാസമായിരുന്നു...

Show Full Article
TAGS:Kapil Dev indian cricket 
Next Story