Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചരിത്രമെഴുതി ജമ്മു...

ചരിത്രമെഴുതി ജമ്മു കശ്മീർ; കർണാടകയെ വീഴ്ത്തി രഞ്ജി ട്രോഫിയിൽ കന്നിമുത്തം

text_fields
bookmark_border
Jammu and Kashmir lifts Ranji Trophy
cancel
camera_alt

രഞ്ജി ട്രോഫിയിൽ കന്നിക്കിരീടം നേടിയ ജമ്മു കശ്മീർ ടീം

ഹുബ്ലി: 67 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജമ്മു കശ്മീരിന് കന്നി രഞ്ജി ട്രോഫി കിരീടം. ഫൈനലിൽ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡും അഞ്ച് ദിവസവും നീണ്ടുനിന്ന സമ്പൂർണ ആധിപത്യവും ഉറപ്പാക്കിയ ജമ്മു, കരുത്തരായ കർണാടകയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള പഴുതുകളടച്ചാണ് ചരിത്രവിജയം സ്വന്തമാക്കിയത്. അഞ്ചാം ദിനം മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഒന്നാം ഇന്നിങ്സിൽ നേടിയ കൂറ്റൻ ലീഡാണ് ജമ്മുവിന് തുണയായത്.

ഒന്നാമിന്നിങ്സിൽ കൂറ്റൻ സ്കോർ നേടിയതിനു പിന്നാലെ കശ്മീരുകാർ ആഖ്വിബ് നബിയുടെ ബൗളിങ് മികവിൽ കരുത്തരായ കർണാടകയെ 293 റൺസിന് ഓൾഔട്ടാക്കി. തുടർന്ന് രണ്ടാമിന്നിങ്സിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ 342 റൺസെന്ന കരുത്തുറ്റ നിലയിൽ ജമ്മു കശ്മീർ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ ഒന്നാം ഇന്നിങ്‌സിൽ 584 റൺസെന്ന കൂറ്റൻ സ്‌കോറാണ് പടുത്തുയർത്തിയത്. ശുഭം പുന്ദീറിന്റെ (121) സെഞ്ച്വറിയാണ് ജമ്മുവിന് കരുത്തായത്. ഇതിന് പുറമെ യാവർ ഹസ്സൻ (88), ക്യാപ്റ്റൻ പരസ് ദോഗ്ര (70), അബ്ദുൽ സമദ് (61), കനയ്യ വാധവൻ (70), സഹിൽ ലോത്ര (72) എന്നിവരുടെ അർധസെഞ്ച്വറികളും സ്കോർ ബോർഡിന് കരുത്തേകി.

വമ്പൻ ബാറ്റിങ് നിരയുമായി ക്രീസിലിറങ്ങിയ കർണാടകയെ പേസർ ആഖിബ് നബിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് തകർത്തത്. 54 റൺസ് വഴങ്ങിയാണ് താരം അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. 266 പന്തിൽ 160 റൺസെടുത്ത ക്യാപ്റ്റൻ മായങ്ക് അഗർവാൾ മാത്രമാണ് കർണാടക നിരയിൽ പൊരുതിയത്. കെ.എൽ. രാഹുൽ (13), ക്യാപ്റ്റൻ ദേവ്ദത്ത് പടിക്കൽ (11), കരുൺ നായർ (പൂജ്യം), രവിചന്ദ്ര സ്മരൺ (പൂജ്യം), ശ്രേയസ് ഗോപാൽ (27) തുടങ്ങി ദേശീയ ടീമിൽ കളിച്ച് പരിചയമുള്ള കർണാടകയുടെ വമ്പൻ താരങ്ങളെല്ലാം പെട്ടെന്ന് പുറത്തായത് അവർക്ക് കനത്ത തിരിച്ചടിയായി. കൃതിക് കൃഷ്ണ (36), വിദ്യാധർ പാട്ടീൽ (11), പ്രസിദ്ധ് കൃഷ്ണ (4) എന്നിവർക്കും തിളങ്ങാനായില്ല. 293 റൺസിന് കർണാടകയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചതോടെ ജമ്മുവിന് 291 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമായി.

കൂറ്റൻ ലീഡ് ഉണ്ടായിട്ടും കർണാടകയെ ഫോളോ ഓണിന് അയക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ജമ്മു കശ്മീർ കളി പൂർണമായും തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. യാവർ ഹസ്സൻ (1), ശുഭം പുംദീർ (4), പരസ് ദോഗ്ര (16) എന്നിവരുടെ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും ഖമ്രാൻ ഇഖ്ബാലിന്റെയും സഹിൽ ലോത്രയുടെയും സെഞ്ച്വറികൾ ടീമിനെ മുന്നോട്ട് നയിച്ചു. കർണാടകൻ ബൗളർമാരെ വെള്ളം കുടിപ്പിച്ച ഇരുവരും അഞ്ചാം വിക്കറ്റിൽ പുറത്താവാതെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ കർണാടകയുടെ നേരിയ പ്രതീക്ഷകൾ പോലും അസ്തമിച്ചു. ഒടുവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് എന്ന നിലയിൽ ജമ്മു ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെ മത്സരം സമനിലയിലായി. ഒന്നാമിന്നിങ്‌സ് ലീഡിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ ചരിത്രത്തിലാദ്യമായി രഞ്ജി ചാമ്പ്യന്മാരാവുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and Kashmirranji trophyCricket Newsindian cricket
News Summary - Jammu and Kashmir win their first Ranji Trophy title
Next Story