അയർലാൻഡിനെ അടിച്ചൊതുക്കി മന്ദാനയും കൂട്ടരും! 435 റൺസ് എന്ന കൂറ്റൻ സ്കോറുമായി റെക്കോഡിലെത്തി ഇന്ത്യൻ വനിതകൾ
text_fieldsഅയർലാൻഡിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം റെക്കോഡ് സ്കോർ നേടി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 435 റൺസാണ് ഇന്ത്യൻ വനിതകൾ അടിച്ചെടുത്തത്. വനിതാ ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. കഴിഞ്ഞ മത്സരത്തിൽ നേടിയ 370 റൺസിന് അധിക ആയുസ്സുണ്ടായില്ല.
വനിത ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ സ്കോറാണിത്. ന്യൂസിലാൻഡ് നേടിയ 491/4, 455/4, 440/3, എന്നിവയാണ് ഉയർന്ന സ്കോറുകൾ. ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച് പരമ്പര നേരത്തെ സ്വന്തമാക്കിയാണ് സൗരാഷ്ട്ര ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ മൂന്നാം അംഗത്തിനിറങ്ങിയത്. ടോസ് നേടിയ ഇന്ത്യൻ നായിക സ്മൃതി മന്ദാന ബാറ്റിങ് തെരഞ്ഞെടുത്തു. തുടക്കം തൊട്ട് ഇന്ത്യ ആക്രമണോത്സുകമായാണ് ബാറ്റ് വീശിയത്.
സ്മൃതിയും യുവ ഓപ്പണർ പ്രതീക റാവലും ഒരുമിച്ച ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെ 233 റൺസ് പിറന്നു. ഇരുവരും സെഞ്ചുറി നേടി. ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ഏകദിന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 129 പന്ത് നേരിട്ട് 20 ഫോറും ഒരു സിക്സറുമടിച്ച് 159 റൺസാണ് പ്രതീക സ്വന്തമാക്കിയത്. 100 പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയ പ്രതീക, അടുത്ത 29 പന്തിൽ 54 റൺസ് കൂടി കൂട്ടിച്ചേർത്തു. ഒരു ഇന്ത്യൻ വനിതാ ബാറ്ററുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോറാണ് ഇരുപത്തിനാലുകാരി സ്വന്തം പേരിൽ കുറിച്ചത്. ദീപ്തി ശർമയും (188) ഹർമൻപ്രീത് കൗറുമാണ് (171*) ആദ്യ രണ്ടു സ്ഥാനങ്ങളിൽ. ഏകദിന കരിയറിൽ വെറും ആറാം മത്സരമാണ് താരം കളിക്കുന്നത്.
ഇതിന് മുമ്പ് കളിച്ച് അഞ്ച് ഏകദിന മത്സരത്തിൽ മൂന്ന് അർധസെഞ്ച്വറി നേടിയ താരം ഇന്നത്തെ മത്സരത്തിൽ കന്നി സെഞ്ച്വറിയാണ് നേടിയത്. ആദ്യ ആറ് ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ലോക വനിതാ ക്രിക്കറ്റിലെ ലോക റെക്കോഡും പ്രതീക സ്വന്തം പേരിലാക്കി. ഇംഗ്ലണ്ടിന്‍റെ ഇതിഹാസ താരം ഷാർലറ്റ് എഡ്വേർഡ്സിന്‍റെ പേരിലുണ്ടായിരുന്ന 434 റൺസിന്‍റെ റെക്കോഡാണ് തകർന്നത്.
അതേസമയം, കൂടുതൽ ആക്രമണോത്സുകമായി ബാറ്റ് വീശിയ സ്മൃതി മന്ദാന, 12 ഫോറും ഏഴ് സിക്സും സഹിതം വെറും 80 പന്തിൽന നിന്നും 135 റൺസും നേടി. താരത്തിന്‍റെ പത്താം ഏകദിന സെഞ്ച്വറിയാണിത്. 70 പന്തിൽ ശതകത്തിലെത്തിയ സ്മൃതി ഒരു ഇന്ത്യൻ വനിതാ ബാറ്ററുടെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും സ്വന്തം പേരിൽ കുറിച്ചു. ഏകദിനത്തിൽ പത്ത് ശതകങ്ങൾ തികക്കുന്ന ആദ്യ ഏഷ്യൻ വനിതാ താരവും സ്മൃതിയാണ്.
മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് 42 പന്തിൽ 59 റൺസ് സ്വന്തമാക്കി. തുടർന്നെത്തിയവരിൽ തേജാൽ ഹസാബ്നി 28 റൺസും ഹർലീൻ ഡിയോൾ 15 റൺസും നേടി. ജമീമ റോഡ്രിഗ്സ് 4 റൺസും ദീപ്തി ശർമ 11 റൺസുമെടുത്ത് പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ് ആരംഭിച്ച അയർലാൻഡ് വനിതകൾ 19ാം ഓവറിലേക്ക് കടക്കുമ്പോൾ 101ന് നാല് എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

