ആസ്ട്രേലിയക്കെതിരെ ചരിത്ര ജയം; രണ്ടാം ഇന്നിങ്സിൽ 412 റൺസ് പിന്തുടർന്ന് ഇന്ത്യ ‘എ’; കെ.എൽ രാഹുൽ (176*) സായ് സുദർശൻ (100)
text_fieldsആസ്ട്രേലിയ എ ക്കെതിരെ സെഞ്ച്വറി നേടിയ ഇന്ത്യയുടെ കെ.എൽ രാഹുൽ
ലഖ്നോ: ആസ്ട്രേലിയ ‘എ’ക്കെതിരായ ചതുർദിനത്തിൽ രണ്ടാം ഇന്നിങ്സിൽ വൻ സ്കോർ ചേസ് ചെയ്ത് ഇന്ത്യ ‘എ’ക്ക് ചരിത്ര ജയം. ലഖ്നോവിൽ നടന്ന ‘എ’ ടീം ടെസ്റ്റിലായിരുന്നു കെ. എൽ രാഹുലിന്റെയും (176 നോട്ടൗട്ട്), സായ് സുദർശന്റെയും (100) മിന്നും പ്രകടനത്തിന്റെ മികവിൽ ഇന്ത്യ ഉജ്വല വിജയം സ്വന്തമാക്കിയത്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-0ത്തിന് ജയിച്ചു. ആദ്യ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫസ്റ്റ്ക്ലാസ് റൺ ചേസിനായിരുന്നു ലഖ്നോ അടൽ ബിഹാരി വാജ്പെയ് ക്രിക്കറ്റ് സ്റ്റേഡിയ സാക്ഷ്യം വഹിച്ചത്. ഏഷ്യാ കപ്പ് പോരാട്ടവും കഴിഞ്ഞ് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങുന്നതിനിടെയാണ് സർവസജ്ജമെന്ന് ബോധ്യപ്പെടുത്തികൊണ്ട് ഓസീസ് പടക്കെതിരെ ഇന്ത്യയുടെ ജയം.
ഒന്നാം ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയ 420 റൺസെടുത്തപ്പോൾ ഇന്ത്യ 194ന് പുറത്തായിരുന്നു. ഒന്നാം ഇന്നിങ്സിൽ 226 റൺസിന് സന്ദർശകർക്ക് ലീഡ്. സായ് സുദർശൻ (75), എൻ. ജഗദീഷ് (38) എന്നിവരായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർമാർ.
രണ്ടാം ഇന്നിങ്സിൽ ആസ്ട്രേലിയയെ 185 റൺസിന് പുറത്താക്കാൻ കഴിഞ്ഞത് ഇന്ത്യക്ക് പ്രതീക്ഷയായി. എങ്കിലും ഒരു ദിനം മാത്രം ബാക്കിനിൽക്കെ ജയിക്കാൻ 411 റൺസ് വേണ്ടിയിരുന്നു. ഓപണർ എൻ. ജഗദീശനെ (36) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ കെ.എൽ രാഹുലും സായ് സുദർശനും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ട് നയിച്ചു. രണ്ടിന് 169 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി അവസാനിപ്പിച്ച ഇന്ത്യക്ക് നാലാം ദിനം എട്ട് വിക്കറ്റ് ബാക്കിനിൽക്കെ വൻ ലക്ഷ്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇതിനിടയിൽ 74 റൺസുമായി കെ.എൽ രാഹുൽ റിട്ട. ഹർട്ടായി മടങ്ങിയിരുന്നു. ദേവ്ദത്ത് പടിക്കലിനെ (5) മൂന്നാം ദിനം തന്നെ നഷ്ടമായി.
വെള്ളിയാഴ്ച കളി പുനരാരംഭിച്ചതിനു പിന്നാലെ മാനവ് സുദറിന്റെ (5) വിക്കറ്റും പോയി. ശേഷം, ക്യാപ്റ്റൻ ധ്രുവ് ജുറലിനെ (66 പന്തിൽ 56) കൂട്ടുപിടിച്ച് സായ് സുദർശൻ സെഞ്ച്വറി തികച്ച ഇന്നിങ്സുമായി നാലാം വിക്കറ്റിൽ ഇന്ത്യക്ക് വിജയ പ്രതീക്ഷ നൽകി. സ്കോർ 267ലെത്തിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 172 പന്ത് നേരിട്ട സായ് തന്റെ എട്ടാം ഫസ്റ്റ്ക്ലാസ് സെഞ്ച്വറി തികച്ചു. അഞ്ചാം വിക്കറ്റിൽ തിരികെയെത്തിയ രാഹുൽ ധ്രുവിനൊപ്പം വീണ്ടും റൺ മെഷീൻ ഓൺ ചെയ്തു. 74 പന്തിൽ അടുത്ത 76റൺസ് കൂട്ടിചേർത്തായിരുന്നു രാഹുൽ ഇന്നിങ്സ് നയിച്ചത്. ടീം ടോട്ടൽ 382ലെത്തിയപ്പോഴാണ് ജുറൽ പുറത്തായത്. രാഹുലിനൊപ്പം നിതീഷ് കുമാർ റെഡ്ഡി (16) ഇന്ത്യയെ വിജയത്തിലെത്തിച്ചു.
ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ മാനവ് സുദർ അഞ്ചും, ഗുർനൂർ ബ്രാർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ സിറാജ് രണ്ടും, ഗുർനൂർ ബ്രാർ, മാനവ് സുദർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് ഏകദിനങ്ങളും ഇരു ടീമുകളും കളിക്കും.
സ്കോർ ചുരുക്കത്തിൽ: ആസ്ട്രേലിയ ‘എ’: 420, 185 ആൾഔട്ട്. ഇന്ത്യ ‘എ’ 194 ആൾഔട്ട്, 413-5 (കെ.എൽ രാഹുൽ 176നോട്ടൗട്ട്, സായ് സുദർശൻ 100, ധ്രുവ് ജുറൽ 56, ടോഡ് മർഫി 3 വിക്കറ്റ്. മത്സരത്തിൽ ഇന്ത്യ ‘എ’ക്ക് അഞ്ചു വിക്കറ്റ് ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

