Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘താരങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിച്ചു, പരസ്പരം കണ്ടാൽ മിണ്ടാതായി'; മുൻ ഇന്ത്യൻ പരിശീലകനെതിരെ തുറന്നടിച്ച് ഹർഭജൻ സിംഗ്

text_fields
bookmark_border
‘താരങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിച്ചു ഭരിച്ചു, പരസ്പരം കണ്ടാൽ മിണ്ടാതായി; മുൻ ഇന്ത്യൻ പരിശീലകനെതിരെ തുറന്നടിച്ച് ഹർഭജൻ സിംഗ്
cancel

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഭിന്നിപ്പിച്ച് ദുർബലമാക്കാനാണ് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ ശ്രമിച്ചതെന്ന ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ചാപ്പലിന്റെ പരിശീലനകാലം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും മോശവുമായ അധ്യായങ്ങളിലൊന്നായിരുന്നുവെന്നും അദ്ദേഹത്തെ പരിശീലകനായി നിയമിച്ചത് ഇന്ത്യൻ ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായിരുന്നുവെന്നും ഹർഭജൻ പറഞ്ഞു. സ്വകാര്യ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യൻ സ്പിന്നറുടെ പ്രതികരണം.

സൗരവ് ഗാംഗുലിയോട് ചാപ്പൽ പെരുമാറിയ രീതിയെയും അക്കാലത്ത് ഇന്ത്യൻ ടീമിൽ അദ്ദേഹം സൃഷ്ടിച്ച പ്രശ്നങ്ങളെയും ഹർഭജൻ രൂക്ഷമായി വിമർശിച്ചു. ടീമിനുള്ളിൽ താരങ്ങളെ പരസ്പരം പോരടിപ്പിച്ച് അധികാരം കൈയാളുന്ന രീതിയായിരുന്നു ചാപ്പലിന്റേതെന്ന് അദ്ദേഹം ആരോപിച്ചു.

“ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഇരുണ്ടതും മോശവുമായ കാലഘട്ടങ്ങളിലൊന്നായിരുന്നു അത്. അദ്ദേഹത്തെ മുഖ്യ പരിശീലകനായി നിയമിച്ചത് ഇന്ത്യൻ മാനേജ്മെന്റ് എടുത്ത ഏറ്റവും മോശം തീരുമാനങ്ങളിലൊന്നായിരുന്നു. ടീമിനുള്ളിൽ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് അദ്ദേഹം നടപ്പാക്കിയത്. താരങ്ങളെ പരസ്പരം പോരടിപ്പിക്കുകയും അതേസമയം ഭരണാധികാരിയെപ്പോലെ പെരുമാറുകയുമായിരുന്നു,” ഹർഭജൻ പറഞ്ഞു. 2003 ലോകകപ്പിൽ ഒരുമിച്ചു കളിച്ച, വളരെ അടുത്ത ബന്ധമുള്ള താരങ്ങൾ കണ്ടാൽ മിണ്ടാതായി. ശക്തരായിരുന്ന ഇന്ത്യൻ ടീമിനെ ചാപ്പൽ തകർത്തു.’’

2003 ഏകദിന ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിൽ താരങ്ങൾ തമ്മിൽ മികച്ച സൗഹൃദവും ഒത്തിണക്കവുമുണ്ടായിരുന്നുവെന്ന് ഹർഭജൻ ഓർത്തെടുത്തു. എന്നാൽ ചാപ്പൽ പരിശീലകനായി എത്തിയതോടെ ടീമിന്റെ അന്തരീക്ഷം മാറിയെന്നും ഒരുമിച്ച് കളിച്ചിരുന്ന അടുത്ത സുഹൃത്തുക്കൾ പോലും പിന്നീട് പരസ്പരം കണ്ടാൽ സംസാരിക്കാത്ത അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ശക്തമായിരുന്ന ടീമിനെ ചാപ്പൽ തകർത്തുവെന്നും ഹർഭജൻ ആരോപിച്ചു.

അക്കാലത്ത് ഓസ്ട്രേലിയക്ക് നിരന്തരം വെല്ലുവിളി ഉയർത്തിയിരുന്ന ടീമുകളിലൊന്ന് ഇന്ത്യയായിരുന്നുവെന്ന് ഹർഭജൻ ചൂണ്ടിക്കാട്ടി. ഇന്ത്യൻ താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി ടീമിന്റെ ഐക്യം തകർക്കുകയായിരുന്നു ചാപ്പലിന്റെ ലക്ഷ്യമെന്ന് താൻ കരുതുന്നതായും അദ്ദേഹം പറഞ്ഞു. താരങ്ങൾ ഒറ്റക്കെട്ടായി കളിക്കാതായാൽ ഇന്ത്യക്ക് മത്സരങ്ങളിൽ തോൽവി നേരിടേണ്ടിവരുമെന്നും അതാണ് 2007 ലോകകപ്പിൽ സംഭവിച്ചതെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു.

2005 ജൂണിലാണ് ഓസ്ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. 2003 ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യക്ക് 2007 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകേണ്ടിവന്നു. ബംഗ്ലാദേശിനെതിരായ അപ്രതീക്ഷിത തോൽവി ഇന്ത്യയുടെ പുറത്താകലിൽ നിർണായകമായി. ചാപ്പലിന്റെ പരിശീലനകാലം ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Harbhajan Slams Greg Chappell
Next Story