49 ബോളിൽ 106 * ; മേജർ ലീഗ് ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗുമായി ഗ്ലെൻ മാക്സ്‌വെൽ
text_fieldsഅമേരിക്കയിൽ നടക്കുന്ന മേജർ ലീഗ് ക്രിക്കറ്റിൽ വെടിക്കെട്ട് സെഞ്ചുറിമായി ഓസ്ട്രേലിയൻ സൂപ്പർ താരം ഗ്ലെൻ മാക്സ്‌വെൽ.ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്സിന് എതിരെ നടന്ന മത്സരത്തിൽ വാഷിങ്ടൺ ഫ്രീഡം ടീമിനെ നായകനായ മാക്സ്‌വെൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ 113 റൺസിന്റെ പടുകൂറ്റൻ ജയം. മിന്നും പ്രകടനത്തോടെ തകർപ്പൻ ടി20 റെക്കോഡും ഈ കളിക്കിടെ താരത്തെ തേടിയെത്തി.
നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വാഷിങ്ടൺ ടീമിന് വേണ്ടി ആറാമതായാണ് മാക്സ്‌വെൽ ക്രീസിൽ എത്തിയത്. സ്കോർ ബോർഡ് പതുക്കെ ചലിപ്പിച്ച് തുടങ്ങിയ താരം ആദ്യം നേരിട്ട 15 പന്തുകളിൽ 11 റൺസ് മാത്രമാണ് നേടിയത്. എന്നാൽ ഇതിന് ശേഷം സ്റ്റേഡിയം സാക്ഷിയായത് മാക്സ്‌വെല്ലിന്റെ വെടിക്കെട്ടിനായിരുന്നു. 48 പന്തുകളിൽ താരം സെഞ്ചുറി തികച്ചു. അവസാനം നേരിട്ട 34 പന്തുകളിൽ നിന്ന് 95 റൺസാണ് ഓസ്ട്രേലിയൻ സൂപ്പർ താരം അടിച്ചുകൂട്ടിയത്. ഇന്നിങ്സ് അവസാനിക്കുമ്പോൾ 49 പന്തുകളിൽ 106 റൺസുമായി മാക്സ്‌വെൽ പുറത്താകാതെ നിന്നു. രണ്ട് ഫോറുകളും 13 സിക്സറുകളുമാണ് താരം ഈ കിടിലൻ ഇന്നിങ്സിൽ നേടിയത്. മാക്സ്‌വെല്ലിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ മികവിൽ 208/5 എന്ന കൂറ്റൻ സ്കോറാണ് വാഷിങ്ടൺ ഫ്രീഡം നേടിയത്. പിന്നാലെ എതിരാളികളെ 95 റൺസിന് പുറത്താക്കി 113 റൺസിന്റെ പടുകൂറ്റൻ ജയം നേടാനും അവർക്കായി.
ടി20 ക്രിക്കറ്റിൽ ഗ്ലെൻ മാക്സ്‌വെല്ലിന്റെ എട്ടാമത്തെ സെഞ്ചുറിയായിരുന്നു ഈ ഇന്നിങ്സിൽ പിറന്നത്.ടി20 യിൽ താരത്തിന്റെ റൺ നേട്ടം 10500 കടന്നു. ഇതിന് പുറമെ 178 വിക്കറ്റുകളും ടി20 യിൽ താരം നേടിയിട്ടുണ്ട്. ഇതോടെ ടി20 യിൽ 10,500 റൺസും, 170 വിക്കറ്റും ഒന്നിലധികം സെഞ്ചുറികളും നേടുന്ന ലോകത്തെ ആദ്യ താരമായി മാക്സ്‌വെൽ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

