'പറക്കും സഞ്ജൂ...ആ ഒരു ഡൈവിങ്ങിൽ നിങ്ങൾ കളി ജയിപ്പിച്ചു', ട്രെൻഡിങ്ങായി വീണ്ടും മലയാളിതാരം -വിഡിയോ
text_fieldsപോർട്ട് ഓഫ് സ്‍പെയിൻ: 'ക്യാച്ചസ് വിൻ മാച്ചസ്' എന്നത് ക്രിക്കറ്റിലെ കാലങ്ങളായുള്ള ക്ലീഷേകളിലൊന്നാണ്. എന്നാൽ, മൈതാനത്ത് അത്രമേൽ അർപ്പണബോധത്തോടെ കളം നിറയുന്ന മലയാളിതാരം സഞ്ജു സാംസൺ ഒരൊറ്റ ഡൈവിങ്ങിലൂടെ ഇന്ത്യയെ വിജയതീരത്തെത്തിച്ചപ്പോൾ 'ഡൈവിങ് വിൻ മാച്ചസ്' എന്ന് ചേർത്തുപറയുകയാണ് സമൂഹ മാധ്യമങ്ങൾ. വെസ്റ്റിൻഡീസിനെതിരെ ഇഞ്ചോടിഞ്ച് പോരടിച്ച ഒന്നാം ഏകദിനത്തിൽ ഇന്ത്യ മൂന്നു റൺസിന് കഷ്ടിച്ച് ജയിച്ചുകയറുമ്പോൾ സഞ്ജുവിന്റെ ആ മുഴുനീള ഡൈവിങ്ങിന് കൈയടിയേറുന്നു. അർപ്പണബോധം നിറഞ്ഞ ആ മിന്നും ഫീൽഡിങ്ങിലൂടെ ട്വിറ്ററിൽ മലയാളിതാരം വീണ്ടും ട്രെൻഡിങ്ങായി മാറി.
രണ്ടു പന്തിൽ ജയിക്കാൻ വെസ്റ്റിൻഡീസിന് എട്ടുറൺസ് വേണ്ടിയിരുന്ന സമയം. മുഹമ്മദ് സിറാജ് എറിഞ്ഞ പന്ത് ഏറെ അകലത്തിൽ വൈഡായി നീങ്ങുന്നു. ബൗണ്ടറിയിലേക്കെന്നുറപ്പിച്ച പന്തിനെ ലക്ഷ്യമിട്ട് വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ മുഴുനീള ഡൈവ്. അസാധ്യമെന്നുതോന്നിക്കുന്ന ലക്ഷ്യത്തിലേക്ക് ശ്രമകരമായിത്തന്നെ സഞ്ജു 'പറന്നെത്തി'. പന്തിനെ പിടിച്ചെടുക്കാനായില്ലെങ്കിലും തടഞ്ഞിടാൻ സഞ്ജുവിന് കഴിഞ്ഞു. അതുവഴി മൂന്നു റൺസാണ് ഒറ്റയടിക്ക് സേവ് ചെയ്തത്. ഒടുവിൽ ഇന്ത്യയുടെ വിജയവും അത്രയും റൺസിനായിരുന്നു. 'ആ 'രക്ഷാശ്രമം' നടന്നിരുന്നില്ലെങ്കിൽ വിൻഡീസിന്റെ വിജയലക്ഷ്യം രണ്ടു പന്തിൽ മൂന്നു റൺസായി ചുരുങ്ങിയേനേ. ഫോമിലുള്ള റൊമാരിയോ ഷെഫേർഡും അകീൽ ഹുസൈനും ചേർന്ന് അത് അനായാസും എത്തിപ്പിടിക്കുകയും ചെയ്തേനേ.
മത്സരത്തിൽ അതിന് മുമ്പും അതേ രീതിയിൽ മുഴുനീള ഡൈവിങ് നടത്തി സഞ്ജു വിൻഡീസിന്റെ ഉറച്ച ബൗണ്ടറി തടഞ്ഞിട്ടിരുന്നു. വൈഡ് ബാളിലെ സഞ്ജുവിന്റെ സേവ് തങ്ങളുടെ ആത്മവിശ്വാസമുയർത്തി എന്ന് മത്സരശേഷം ഇന്ത്യൻ താരം യൂസ്വേന്ദ്ര ചഹൽ പറഞ്ഞു. 'പറക്കും സഞ്ജു ഇന്ത്യയെ ജയിപ്പിച്ചു' എന്ന് ട്വിറ്ററിൽ നിരവധി ആരാധകർ കുറിച്ചു. 'സേവ് ഓഫ് ദ മാച്ച്' എന്നും ആരാധകർ അവസാന ഓവറിലെ ഫീൽഡിങ് മികവിനെ പ്രകീർത്തിച്ചു.
'അവനെ സ്നേഹിക്കാം, വെറുക്കാം..പക്ഷേ അവഗണിക്കാനാവില്ല' എന്നായിരുന്നു ഒരു ആരാധികയുടെ കമൻറ്. 'ആ നിർണായക സേവ് ആണ് ഇന്ത്യക്ക് തുണയായത്. കഴിവു തെളിയിക്കാൻ തീർച്ചയായും അവൻ അവസരങ്ങൾ അർഹിക്കുന്നുണ്ട്' എന്നും കളിക്കമ്പക്കാരിൽ ചിലർ കുറിച്ചു.
പോർട്ട് ഓഫ് സ്പെയിനിൽ നടന്ന കളിയിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തപ്പോൾ വിൻഡീസിന് ആറു വിക്കറ്റ് നഷ്ടത്തിൽ 305 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റൻ ശിഖർ ധവാൻ (97), ശുഭ്മാൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവരാണ് ഇന്ത്യൻ ബാറ്റിങ്ങിൽ തിളങ്ങിയത്. സഞ്ജു 12 റൺസെടുത്ത് പുറത്തായി.
കെയ്ൽ മെയേഴ്സ് (75), ബ്രൻഡൺ കിങ് (54), ഷമ്രാ ബ്രൂക്സ് (46), റൊമാരിയോ ഷെഫേർഡ് (25 പന്തിൽ 39 നോട്ടൗട്ട്), അകീൽ ഹുസൈൻ (32 നോട്ടൗട്ട്) എന്നിവരാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, യൂസ്വേന്ദ്ര ചഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.