‘അവസരം ലഭിച്ചിട്ടും പ്രയോജനപ്പെടുത്തിയില്ല, ആരാധകർ ഇത് മനസ്സിലാക്കണം’; സഞ്ജു സാംസണെ കുറിച്ച് മുൻ ഇന്ത്യൻ താരം
text_fieldsമലയാളി താരമായ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. ഏതാനും മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യൻ ടീമിനായി താരത്തിന് കളിക്കാനായത്.
എന്നാൽ, ടീമിനൊപ്പം പോയ സ്ഥലങ്ങളിലെല്ലാം താരത്തെ ആവേശത്തോടെ വരവേൽക്കാനായി കാണികളെത്തിയിരുന്നു. കഴിഞ്ഞവർഷത്തെ അയർലൻഡ്, വെസ്റ്റിൻഡീസ്, സിംബാബ്വെ പര്യടനങ്ങളിലെല്ലാം നമ്മളത് കണ്ടതാണ്. ഇന്ത്യയിൽ കളിക്കുമ്പോൾ ആരാധകർ താരത്തിനായി മതിമറന്ന് ആഘോഷിക്കും. മികച്ച താരങ്ങളിലൊരാളായിട്ടും ഇന്ത്യക്കുവേണ്ടി 12 ഏകദിനങ്ങളും 17 ട്വന്‍റി20 മത്സരങ്ങളും മാത്രമാണ് സഞ്ജു കളിച്ചത്.
സഞ്ജുവിന് ഇനി ഇന്ത്യൻ ടീമിൽ വളരെ കുറച്ച് അവസരങ്ങൾ ലഭിക്കാനാണു സാധ്യതയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നു. ഇക്കാര്യം സഞ്ജുവിനും അറിയുന്നതാണ്. ലഭിച്ച അവസരങ്ങളൊന്നും താരം പ്രയോജനപ്പെടുത്തിയില്ല. ആരാധകർ അതു മനസ്സിലാക്കുന്നില്ലെന്നും ചോപ്ര യൂട്യൂബ് വിഡിയോയിൽ പറഞ്ഞു.
‘ഇന്ത്യൻ ക്രിക്കറ്റ് വളരെ രസകരമാണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, സാഹചര്യങ്ങളാണ് ഇവിടെ ധാരണ സൃഷ്ടിക്കുന്നതെന്നതാണ് വസ്തുത. അത് ചിലപ്പോൾ സത്യത്തേക്കാൾ ശക്തമാണ്. ഈ ഡിജിറ്റൽ യുഗത്തിൽ സഞ്ജു സാംസണ് വലിയ ആരാധകരുണ്ട്. മികച്ച ഫോമിലാണെങ്കിൽ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിരിക്കാൻ തന്നെ രസമാണ്. അദ്ദേഹം രഞ്ജിയിൽ തന്റെ ടീമിനൊപ്പം മുന്നേറി, ഐ.പി.എല്‍ ഫൈനൽ വരെയെത്തി. ഇന്ത്യൻ ടീമിൽ സഞ്ജുവിന് ചില അവസരങ്ങൾ ലഭിച്ചു, പക്ഷേ അവ പ്രയോജനപ്പെടുത്താനായില്ല. ഈ യാഥാർഥ്യം ആരാധകർ മനസ്സിലാക്കുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ തനിക്ക് കുറച്ച് അവസരങ്ങൾ കൂടി മാത്രമേ ലഭിക്കൂവെന്നു സഞ്ജുവിന് അറിയാം’ -ചോപ്ര പറഞ്ഞു.
പ്ലെയിങ് ഇലവനിൽ ഇടമില്ല. ഇരട്ട സെഞ്ച്വറി നേടിയ ഇഷാൻ കിഷനുപോലും അടുത്ത കുറച്ച് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്നു. ഇടംകിട്ടിയപ്പോൾ അഞ്ചാം നമ്പറിലാണ് ഇറങ്ങിയത്. അവസരങ്ങൾ വരുമ്പോൾ അതു സ്വന്തമാക്കുകയാണു വേണ്ടത്. അല്ലെങ്കിൽ പിന്നീടു പശ്ചാത്തപിക്കേണ്ടിവരും. ആളുകൾ സഞ്ജുവിനെ ദൈവത്തിന്റെ വരമായൊക്കെ കാണുന്നുണ്ടാകാം. സഞ്ജുവിനെ കളിപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്നൊക്കെ പറയും. ലോകകപ്പ് ഫൈനൽ ജയിക്കും എന്നുവരെ പറയും. എന്നാൽ സഞ്ജു കളിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും ചോപ്ര വ്യക്തമാക്കി.
ജനുവരിയിൽ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യൻ ടീമിനായി അവസാനമായി കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

