സഞ്ജു എവിടേക്ക്...? സൂചനയുമായി ചെന്നൈ സൂപ്പർ കിങ്സ്
text_fieldsസഞ്ജു സാംസണും ഋതുരാജ് ഗെയ്ക്‍വാദും രഞ്ജി ട്രോഫി മത്സരത്തിനിടെ
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ എട്ടു സീസണിലായി പാഡണിഞ്ഞ രാജസ്ഥാൻ റോയൽസിൽ നിന്നും പടിയിറങ്ങാനുള്ള സഞ്ജു സാംസണിന്റെ തീരുമാനം ഉറപ്പിച്ച വാർത്തയാണ്. എന്നാൽ, വെടിക്കെട്ട് ക്രിക്കറ്റിൽ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഞ്ജുവിന്റെ അടുത്ത താവളം ഏതെന്നറിയാതെ വാ പൊളിച്ചിരിപ്പാണ് ആരാധകർ. സഞ്ജു ടീം വിടുന്നതും, ചേക്കേറുന്ന പുതിയ ടീം ഏതെന്നതിലും ഇതുവരെ ഔദ്യോഗിക വെളിപ്പെടുത്തലുകളൊന്നുമുണ്ടായിട്ടില്ല.
എന്നാൽ, മലയാളി താരത്തിന്റെ പുതിയ തട്ടകം ഏതെന്നതിൽ ഊഹാപോഹങ്ങൾ ശക്തമാണ്. ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി കാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളാണ് നിലവിൽ സഞ്ജുവിനായി വലവീശി കാത്തിരിക്കുന്നത്. എന്നാൽ, സഞ്ജു രാജസ്ഥാൻ വിടുമ്പോൾ തുല്യനായൊരു താരത്തെ തിരികെ വേണമെന്ന ടീമിന്റെ നിലപാടിൽ കൈമാറ്റം വൈകുന്നുവെന്നാണ് റിപ്പോർട്ട്.
സഞ്ജുവിനോടുള്ള താൽപര്യം കൂടുതൽ പ്രകടിപ്പിക്കുന്ന പോസ്റ്റ് ചെന്നൈ സൂപ്പർകിങ്സ് സാമൂഹിക മാധ്യമ പേജിൽ പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ കൂടുമാറ്റം അയൽ നാട്ടിലേക്കെന്നുറപ്പിക്കുകയാണ് ആരാധകർ. തിരുവനന്തപുരത്തു നടക്കുന്ന കേരളം-മഹാരാഷ്ട്ര രഞ്ജി ട്രോഫി മത്സരത്തിനിടെ സി.എസ്.കെ താരം ഋതുരാജ് ഗെയ്ക്‍വാദും മലയാളി താരം സഞ്ജു സാംസണും ഒന്നിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ചെന്നെ ആരാധകരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയത്. സഞ്ജുവിന്റെ പുതിയ ടീം ഏതെന്നതിലെ വലിയ ഉത്തരമാണ് സി.എസ്.കെയുടെ പോസ്റ്റെന്ന് ആരാധകർ ഉറപ്പു പറയുന്നു.
രഞ്ജി മത്സരത്തിൽ മഹാരാഷ്ട്ര ഇന്നിങ്സിൽ ഋതുരാജും, കേരള ഇന്നിങ്സിൽ സഞ്ജു സാംസണുമായിരുന്നു ടോപ് സ്കോറർ. കളി സമനിലയിൽ പിരിഞു.
കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ നിരാശപ്പെടുത്തിയ ചെന്നൈക്ക് ബാറ്റിങ് ഓർഡർ പൊളിച്ചടുക്കൽ അനിവാര്യമായതോടെയാണ് പുതുതാരങ്ങളെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. മധ്യനിരയുടെ വീഴ്ച പരിഹരിക്കാൻ വിദേശികൾ ഉൾപ്പെടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാനും സി.എസ്.കെ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ നായകൻ ഋതുരാജ് പരിക്കേറ്റ് പുറത്താവുകയും, രചിൻ രവീന്ദ്ര, ഡെവോൺ കോവെ, രാഹുൽ ത്രിപാഠി, ശിവം ദുബെ എന്നിവർ നിറംമങ്ങിയതും ടീമിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

