സഞ്ജു രാജസ്ഥാൻ വിടും; പുതിയ തട്ടകം ചെന്നൈയോ കൊൽക്കത്തയോ..? ആരാകും റോയൽസിന്റെ പുതിയ നായകൻ ?
text_fieldsസഞ്ജു സാംസൺ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോണിക്കൊപ്പം
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ടീം വിടുമെന്നത് ഏറെക്കുറെ ഉറപ്പിച്ച പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. 12 സീസൺകൊണ്ട് ടീമിന്റെ മുഖമായി മാറിയ മലയാളി താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ഏറ്റവും ചർച്ചയിലുള്ളത് സഞ്ജുവും രാജസ്ഥാനുമാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും നായകനുമായ സഞ്ജു അടുത്ത സീസണിൽ ടീമിൽ ഇല്ലെന്ന പോലെയാണ് രാജസ്ഥാന്റെയും അണിയറ നീക്കം. പുതിയ ക്യാപ്റ്റനായുള്ള ചർച്ചകളും സജീവമാണ്. ഇതോടൊപ്പം സഞ്ജുവിന്റെ അടുത്ത തട്ടകം എവിടെയാണെന്നും ചർച്ചയാവുന്നു.
ടീം വിടാനുള്ള താൽപര്യം സഞ്ജു ഇതിനകം മാനേജ്മെന്റിനെ അറിയിച്ചതായി വിവിധ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ടീം വിടുമ്പോൾ ലേലത്തിൽ പോകുമോ, അതോ ലേലത്തിന് മുമ്പ് പുതിയ ടീമുമായി കരാറിലെത്തുമോ എന്നതിലും വ്യക്തതയില്ല. എന്തായാലും 12 വർഷത്തെ രാജസ്ഥാൻ ബന്ധം അവസാനിപ്പിച്ച് സഞ്ജു ജയ്പൂർ വിടും എന്നത് ഏറെക്കുറെ ഉറപ്പായി.
ഡൽഹി കാപ്പിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾ താരത്തിൽ താൽപര്യം അറിയിച്ച് രംഗത്തുണ്ട്. ഇക്കാര്യങ്ങളിൽ ടീം മാനേജ്മെന്റോ, മലയാളി താരമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, സഞ്ജുവില്ലാത്ത 2026 ഐ.പി.എല്ലിൽ പുതിയ നായകൻ ആരെന്ന് കണ്ടെത്താനുള്ള നടപടികളും അണിയറയിൽ സജീവമാണെന്ന് വിവിധ സ്പോർട്സ് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. യുവതാരം യശസ്വി ജയ്സ്വാളാണ് ക്യാപ്റ്റൻസി പരിഗണനയിൽ മുന്നിലുള്ളതെന്നാണ് സൂചന. അങ്ങനെയെങ്കിൽ, 23 കാരനായ താരത്തിന്റെ ക്യാപ്റ്റൻസിയിലെ അരങ്ങേറ്റത്തിനാവും അടുത്ത സീസണിൽ വേദിയൊരുക്കുന്നത്. ടീം വിടാൻ താൽപര്യമറിയിച്ച യശസ്വിയെ ക്യാപ്റ്റൻസി വാഗ്ദാനവുമായി നിലനിർത്തിയതായി സ്പോർട്സ് വെബ്സൈറ്റായ ‘റെവ്സ്പോർട്സ്’ റിപ്പോർട്ട് ചെയ്തു.
അതേസമയം, കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ ടീമിനെ നയിച്ച റിയാൻ പരാഗും മുൻഗണനാ പട്ടികയിലുണ്ട്.
മിനി താര ലേലം ഡിസംബറിൽ
ഐ.പി.എൽ 2026 സീസൺ മിനി താരലേലം ഡിസംബർ പകുതിയോടെ മുംബൈയിൽ നടക്കുമെന്നാണ് സൂചന. ഡിസംബർ 13മുതൽ 15 വരെയാവും താരലേലം. കഴിഞ്ഞ വർഷം സൗദിയിലായിരുന്നു വമ്പൻ ലേലമെങ്കിൽ ഇത്തവണ കൂടുതൽ താരങ്ങളില്ലാതെ മിനി ലേലമാണ് സംഘടിപ്പിക്കുന്നത്. ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി നവംബർ 15 ആണ്. അതിന് മുമ്പായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഐ.പി.എൽ ഗവേണിങ് ബോഡിക്ക് കൈമാറണം. ശേഷിക്കുന്ന കളിക്കാരെയാവും ലേല പൂളിലേക്ക് മാറ്റുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

