ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങൾ കേരളത്തിലേക്ക്...? ശ്രീലങ്കയിലേക്കും പാകിസ്താനിലേക്കും വേദി മാറ്റില്ലെന്നറിയിച്ച് ഐ.സി.സി
text_fieldsബംഗ്ലാദേശ് ക്രിക്കറ്റ് ടീം
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ വേദികൾ മാറ്റണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷക്ക് മറുപടിയായി ഇന്ത്യയിലെ മറ്റു രണ്ട് വേദികൾ നിർദേശിച്ച് ഐ.സി.സി. ഇന്ത്യയിലെ നിലവിലെ വേദികളിൽ കളിക്കുന്നതിൽ സുരക്ഷാ ആശങ്ക പങ്കുവെച്ച ബംഗ്ലാദേശ്, ലോകകപ്പിന്റെ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ, ഈ അപേക്ഷ ഐ.സി.സിയും ബി.സി.സി.ഐയും തള്ളി. പിന്നാലെയാണ് തിരുവനന്തപുരം, ചെന്നൈ നഗരങ്ങളിൽ മത്സരം നടത്താൻ സൗകര്യമൊരുക്കാമെന്ന് ഐ.സി.സി നിർദേശിച്ചത്. ഈ വിഷയത്തിൽ വരും ദിവസങ്ങളിൽ പ്രതികരണം അറിയിക്കാമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഫെബ്രുവരി ആദ്യ വാരത്തിൽ തുടക്കം കുറിക്കുന്ന ടൂർണമെന്റിലേക്ക് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെയാണ് അനിശ്ചിതത്വമുയരുന്നത്. ബംഗ്ലാദേശ് മത്സരത്തിന് വേദിയൊരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും തമിഴ്നാട് അസോസിയേഷനും സന്നദ്ധത അറിയിച്ചതായാണ് വിവരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയം ലോകകപ്പിന്റെ വേദികളിൽ ഒന്നാണ്. നിലവിൽ ഏഴു മത്സരങ്ങൾക്ക് ഇവിടെയാണ് നടക്കുന്നത്. എന്നാൽ, നിലവിൽ തിരുവനന്തപുരം ലോകകപ്പ് വേദിയല്ല. അതേസമയം, ഡിസംബറിൽ ഇന്ത്യ-ശ്രീലങ്ക വനിതാ ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയായ കാര്യവട്ടം സ്റ്റേഡിയം മത്സര സജ്ജമാണ്.
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിന് ഫെബ്രുവരി ഏഴിനാണ് തുടക്കം കുറിക്കുന്നത്. നാല് മത്സരങ്ങളാണ് ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കുന്നത്. മൂന്ന് എണ്ണം കൊൽക്കത്തയിലും ഒരു മത്സരം മുംബൈയിലുമാണ് നടക്കുക.
ഫെബ്രുവരി ഏഴിന് കൊൽക്കത്തയിൽ വിൻഡീസിനെതിരെയാണ് ആദ്യ മത്സരം. ഒമ്പതിന് ഇറ്റലിയെയും, 14ന് ഇംഗ്ലണ്ടിനെയും ഇവിടെ നേരിടും. 17ന് നേപ്പാളിനെതിരെ മുംബൈയിലാണ് നാലാം മാച്ച്.
വേദികൾ ഇന്ത്യയിൽ നിന്നും മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ അപേക്ഷ ഐ.സി.സി നേരത്തെ തന്നെ തള്ളിയിരുന്നു. ബംഗ്ലാദേശ് ആശങ്കപ്പെടുന്ന സുരക്ഷാ പ്രശ്നങ്ങൾ ഇന്ത്യയിൽ ഇല്ലെന്നും, ടീം അംഗങ്ങൾക്കും ആരാധകർക്കും സുരക്ഷിതമായി ലോകകപ്പിന്റെ ഭാഗമാവാമെന്നും ഐ.സി.സി വ്യക്തമാക്കി.
ബംഗ്ലാദേശ് ബൗളർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എൽ ടീമിൽ നിന്നും ഒഴിവാക്കിയതിനു പിന്നാലെയായിരുന്നു ബി.സി.ബി ലോകകപ്പിൽ ഇന്ത്യയിൽ കളിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയത്.
അതിനിടെ, ബംഗ്ലാദേശിന്റെ മത്സരങ്ങൾക്ക് വേദിയൊാരുക്കാൻ പാകിസ്താൻ തയ്യാറാണെന്ന് പി.സി.ബി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

