ട്വന്റി 20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന് ബംഗ്ലാദേശ്; ഐ.സി.സിക്ക് കത്തയച്ചു
text_fieldsമുംബൈ: ഇന്ത്യയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് ടീമിനെ അയക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഫെബ്രുവരിയിലാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. നാല് മത്സരങ്ങളാണ് ബംഗ്ലാദേശ് ഇന്ത്യയിൽ കളിക്കുന്നത്. മൂന്ന് എണ്ണം കൊൽക്കത്തയിലും ഒരു മത്സരം മുംബൈയിലുമാണ് നടക്കുക.
ഫേസ്ബുക്ക് പേജിലൂടെ ബംഗ്ലാദേശ് യൂത്ത് ആൻഡ് സ്പോർട്സ് ഉപദേഷ്ടാവ് അസിഫ് നാസറുലാണ് ഇന്ത്യയിൽ കളിക്കാനെത്തില്ലെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച് ബി.സി.ബി ഐ.സി.സിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് തങ്ങളുടെ മത്സരങ്ങൾ മാറ്റണമെന്ന് ഐ.സി.സിയോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ബി.സി.ബി ഡയറക്ടർ ഖാലിദ് മസ്ഹുദ് പറഞ്ഞു. ഞങ്ങളുടെ ഒരു ടീമംഗത്തിന് സുരക്ഷ ഉറപ്പാക്കാൻ കഴിയാത്തവർ എങ്ങനെ മൊത്തം ടീമിന് സംരക്ഷണം നൽകുമെന്ന് ഖാലിദ് മസ്ഹൂദ് ചോദിച്ചു.
എന്നാൽ, ലോകകപ്പ് ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ വേദിമാറ്റം അസാധ്യമണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നത്. ‘‘ആരുടെയെങ്കിലും ഇഷ്ടാനുസരണം മത്സരങ്ങൾ മാറ്റാൻ കഴിയില്ല. എതിർ ടീമുകളെക്കുറിച്ചും ചിന്തിക്കുക. അവരുടെ വിമാന ടിക്കറ്റുകൾ, ഹോട്ടലുകൾ എന്നിവ ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും മൂന്നു മത്സരങ്ങളുണ്ട്, ഒരു മത്സരം ശ്രീലങ്കയിലാണ്.
പ്രക്ഷേപണ സംഘമുണ്ട്. അതിനാൽ ഇതു പറയുന്നതു പോലെ അത്ര എളുപ്പമായിരിക്കില്ല.’’– ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം ലോകകപ്പിലെ പാകിസ്താന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ബംഗ്ലാദേശിന്റെയും നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

