ഇന്ത്യ നാളെ പാകിസ്താനെതിരെ; കളത്തിലിറങ്ങും മുമ്പ് പരിക്ക് ഭീഷണി
text_fieldsഅക്സർ പട്ടേൽ
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യക്ക് വൻ തിരിച്ചടി. സ്പിൻ ബൗളറും, വെടിക്കെട്ട് ഹിറ്റുകളുമായി ബാറ്റിങ് ഓർഡറിലും തിളങ്ങുന്ന അക്സർ പട്ടേലിന് തലക്കേറ്റ പരിക്കാണ് നിർണായക മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ക്ഷീണമായി മാറുന്നത്.
വെള്ളിയാഴ്ച രാത്രിയിൽ അബുദബിയിൽ ഒമാനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിനിടെയായിരുന്നു അക്സർ പട്ടേലിന് പരിക്കേറത്. കളിയുടെ 15ാം ഓവറിൽ ഒമാൻ ബാറ്ററുടെ ഷോട്ട് കൈയിൽ ഒതുക്കാനുള്ള ശ്രമത്തിനിടെ ഗ്രൗണ്ടിൽ തലയടിച്ച് വീണാണ് അക്സറിന് പരിക്കു പറ്റിയത്.
ആശങ്കപ്പെടാനില്ലെന്നായിരുന്നു മത്സര ശേഷം ഫീൽഡിങ് കോച്ച് ടി ദിലീപിന്റെ പ്രതികരണം. എന്നാൽ, പാകിസ്താനെതിരെ കളിക്ക് 48 മണിക്കൂറിൽ കുറഞ്ഞ സമയം മാത്രം ബാക്കിയുള്ളതിനാൽ താരത്തിന്റെ ഫിറ്റ്നസിൽ ഉറപ്പില്ല. വീണ്ടും പരിശോധിച്ച ശേഷമായിരുക്കും കളിക്കുന്നതിൽ തീരുമാനമെടുക്കുക.
ഞായറാഴ്ച ദുബൈയിലാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് വീണ്ടും വേദിയുണരുന്നത്. ഗ്രൂപ്പ് റൗണ്ടിൽ അയൽകാരായ വൈരികൾ ഏറ്റ് മുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു ജയം. അടങ്ങാത്ത വിവാദങ്ങൾക്കിടെ സൂപ്പർ ഫോറിൽ അയൽക്കാർ വീണ്ടുമെത്തുമ്പോൾ കൂടുതൽ കനത്ത പോരാട്ടത്തിനാവും വേദിയാകുന്നത്.
അക്സർ പട്ടേൽ പരിക്കു കാരണം പുറത്തായാൽ കുൽദീപ് യാദവിനൊപ്പം സ്പിൻ ഓപ്ഷൻ വേണോ, അതോ പേസറെ ഇറക്കണോ എന്നതിൽ കോച്ചിന്റെ തീരുമാനം നിർണായകമാവും. വരൺ ചക്രവർത്തിയാണ് ടീമിനൊപ്പമുള്ള മൂന്നാമത്തെ സ്പിന്നർ. അതേസമയം, പേസ് ബൗളറെ ഇറക്കാനാവും സാധ്യത.
ബൗളർ എന്നതിനൊപ്പം, മധ്യനിരയിൽ അടിച്ചു കളിക്കാൻ ശേഷിയുള്ള ബാറ്റ്മാൻ കൂടിയാണ് അക്സർ പട്ടേൽ. ഒമാനെതിരായ മത്സരത്തിൽ 13 പന്തിൽ 26 റൺസുമായി താരം മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. റിയാൻ പരാഗ്, വാഷിങ് ടൺ സുന്ദർ എന്നിവർ ടീമിനൊപ്പം സ്റ്റാൻഡ് ബൈ ആയുണ്ട്. ഒമാനെതിരെ 21 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. മലയാളി താരം സഞ്ജു സാംസൺ അർധസെഞ്ച്വറിയുമായി തിളങ്ങി. ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് കളിയും ജയിച്ചാണ് ടീം സൂപ്പർ ഫോറിൽ ഇറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ അങ്കത്തിൽ ശനിയാഴ്ച ശ്രീലങ്ക -ബംഗ്ലാദേശിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

