ഹെഡിനു പിന്നാലെ സ്മിത്തിനും സെഞ്ച്വറി; സിഡ്നിയിൽ 500 പിന്നിട്ട് ആസ്ട്രേലിയ, വമ്പൻ ലീഡിലേക്ക്
text_fieldsസിഡ്നി: ഓപണർ ട്രാവിസ് ഹെഡിനു പിന്നാലെ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും സെഞ്ച്വറി കുറിച്ചതോടെ സിഡ്നി ടെസ്റ്റിൽ ആസ്ട്രേലിയ വമ്പൻ ലീഡിലേക്ക് കുതിക്കുന്നു. മൂന്നാംദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ഒന്നാം ഇന്നിങ്സ് ലീഡ് 134 ആയി. സ്മിത്തിനൊപ്പം (129*) ബ്യൂ വെബ്സ്റ്ററാണ് (42*) ക്രീസിൽ. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 384ന് പുറത്തായിരുന്നു.
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിനായി, ട്രാവിസ് ഹെഡ് ആദ്യ സെഷനിൽ തന്നെ സെഞ്ച്വറി പൂർത്തിയാക്കി. 105 പന്തിലാണ് ഓസീസ് ഓപണർ മൂന്നക്കം കടന്നത്. ഉച്ചഭക്ഷണത്തിനു പിരിയും മുമ്പ് മൈക്കൽ നെസർ (24) വീണെങ്കിലും ഹെഡ് ഇതിനോടകം നിലയുറപ്പിച്ച് കളിച്ച് 150 പിന്നിട്ടിരുന്നു. ക്ഷമയോടെ കളിച്ച താരം 24 ഫോറും ഒരു സിക്സും ഉൾപ്പെടെ 163 റൺസ് നേടിയാണ് പുറത്തായത്. അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഉസ്മാൻ ഖ്വാജ (17) നിരാശപ്പെടുത്തി.
അലക്സ് ക്യാരി 13 പന്തിൽ 16 റൺസെടുത്ത് പുറത്തായി. 37 റൺസാണ് കാമറൂൺ ഗ്രീനിന്‍റെ സംഭാവന. 166 പന്തിൽ സെഞ്ച്വറി തികച്ച സ്മിത്ത് ബാറ്റിങ് തുടരുകയാണ്. 15 ഫോറും ഒരു സിക്സും ഇതിനകം താരത്തിന്‍റെ ബാറ്റിൽനിന്ന് പിറന്നുകഴിഞ്ഞു. ടെസ്റ്റ് കരിയറിൽ സ്മിത്തിന്‍റെ 37-ാം സെഞ്ച്വറിയാണിത്. ജേക്ക് വെതർലാൻഡ് (21), മാർനസ് ലബൂഷെയ്ൻ (48) എന്നിവരുടെ വിക്കറ്റ് കഴിഞ്ഞ ദിവസം നഷ്ടമായിരുന്നു. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്സ് മൂന്നും ബെൻ സ്റ്റോക്സ് രണ്ടും വിക്കറ്റുകൾ നേടി.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 384ന് പുറത്തായിരുന്നു. സെഞ്ച്വറി നേടിയ ജോറൂട്ടാണ് (160) സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചതിൽ നിർണായക പ്രകടനം പുറത്തെടുത്തത്. ടെസ്റ്റ് കരിയറിലെ 41-ാം സെഞ്ച്വറിയാണ് റൂട്ട് സ്വന്തമാക്കിയത്. സെഞ്ച്വറികളുടെ എണ്ണത്തിൽ ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്താൻ റൂട്ടിനായി. പ്രോട്ടീസിന്‍റെ ജാക്ക് കലിസ് (45), ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ (51) എന്നിവർ മാത്രമാണ് ഇക്കാര്യത്തിൽ റൂട്ടിന് മുന്നിലുള്ളത്.
ടെസ്റ്റിലെ റൺവേട്ടക്കാരിൽ സച്ചിന് പിന്നിൽ രണ്ടാമതാണ് റൂട്ടിപ്പോൾ. 297 ഇന്നിങ്സിൽ 13921 റൺസാണ് ഇംഗ്ലിഷ് താരത്തിന്‍റെ സമ്പാദ്യം. സച്ചിനാകട്ടെ 329 ഇന്നിങ്സിൽ 15921 റൺസാണ് നേടിയിട്ടുള്ളത്. കേവലം 2000 രൺസിന്‍റെ മാത്രം വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്. മത്സരത്തിൽ 242 പന്തുകൾ നേരിട്ട റൂട്ട്, 15 ഫോറുകളുടെ അകമ്പടിയോടെ 160 റൺസ് നേടിയാണ് പുറത്തായത്. റൂട്ടും സ്മിത്തും ആദ്യമായാണ് ഒരേ ടെസ്റ്റിൽ സെഞ്ച്വറി നേടുന്നതെന്ന അപൂർവതക്കും സിഡ്നി സാക്ഷ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

