അപരാജിതനായി റൂട്ട്, ആറ് വിക്കറ്റ് പിഴുത് സ്റ്റാർക്ക്; ഇംഗ്ലണ്ട് 334ന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ ഹെഡിനെ നഷ്ടമായി ഓസീസ്
text_fieldsസെഞ്ച്വറി നേടിയ ജോ റൂട്ടിനെ അഭിനന്ദിക്കുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്
ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 334 റൺസിൽ അവസാനിച്ചു. ജോ റൂട്ടിന്‍റെ അപരാജിത സെഞ്ച്വറിയും ഓപണർ സാക് ക്രോളിയുടെ അർധ ശതകവുമാണ് സന്ദർശകർക്ക് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. ആദ്യ ടെസ്റ്റിലേതിനു സമാനമായി ബ്രിസ്ബേനിലും മൂർച്ചയേറിയ ബൗളിങ് പ്രകടനമാണ് പേസർ മിച്ചൽ സ്റ്റാർക്ക് കാഴ്ചവെച്ചത്. ഇംഗ്ലിഷ് നിരയിലെ ആറ് ബാറ്റർമാരെയാണ് ഒന്നാം ഇന്നിങ്സിൽ സ്റ്റാർക്ക് കൂടാരം കയറ്റിയത്. മറുപടി ബാറ്റിങ്ങിൽ 14 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 എന്ന നിലയിലാണ് ആസ്ട്രേലിയ. ജേക്ക് വെതർ (40*), മാർനസ് ലബൂഷെയ്ൻ (1*) എന്നിവരാണ് ക്രീസിൽ.
ഒമ്പതിന് 325 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഒമ്പത് റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 38 റൺസ് നേടിയ ജോഫ്ര ആർച്ചറെ ബ്രെൻഡൻ ഡോഗറ്റ്, ലബൂഷെയ്ന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 138 റൺസ് നേടി ഇംഗ്ലിഷ് ഇന്നിങ്സിന്‍റെ നട്ടെല്ലായ ജോ റൂട്ട് പുറത്താകാതെ നിന്നു. 20 ഓവർ എറിഞ്ഞ മിച്ചൽ സ്റ്റാർക്ക്, 75 റൺസ് വിട്ടുകൊടുത്താണ് ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. ഇത്തവണ താരത്തിന് മെയ്ഡൻ ഓവറുകളില്ല എന്നത് ശ്രദ്ധേയമാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ വെതർലൻഡിനൊപ്പം 77 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് കഴിഞ്ഞ മത്സരത്തിലെ താരമായ ട്രാവിസ് ഹെഡ് പുറത്തായത്. മൂന്ന് ഫോറും ഒരു സിക്സുമുൾപ്പെടെ 33 റൺസ് നേടിയ താരത്തെ ബ്രൈഡൻ കാഴ്സ്, ഗസ് അറ്റ്കിൻസന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
റൂട്ടിന് ആസ്ട്രേലിയൻ മണ്ണിൽ ആദ്യ സെഞ്ച്വറി
ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നായി മറികടക്കുമ്പോഴും ഇംഗ്ലീഷ് താരം ജോ റൂട്ടിന്‍റെ കരിയറിൽ ആസ്ട്രേലിയൻ മണ്ണിൽ ഒരു സെഞ്ച്വറി എന്നത് സ്വപ്നമായി തുടരുകയായിരുന്നു. ഒടുവിൽ ആ ‘പേരുദോഷവും’ താരം മാറ്റി. ഗാബയിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തകർച്ചയോടെയാണ് തുടങ്ങിയത്. അഞ്ച് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. റണ്ണൊന്നും നേടാതെ ബെൻ ഡക്കറ്റും ഓലീ പോപ്പും പുറത്തായി. സ്റ്റാർക്കാണ് രണ്ടുപേരെയും മടക്കിയത്.
മൂന്നാം വിക്കറ്റിൽ സാക് ക്രോളിയും റൂട്ടും നിലയുറപ്പിച്ചതോടെ ടീം നൂറു കടന്നു. അർധ സെഞ്ച്വറി നേടിയ ക്രോളിയെ (76) മൈക്കൽ നെസെർ മടക്കി. ഹാരി ബ്രൂക്ക് (31), ബെൻ സ്റ്റോക്സ് (19), ജാമീ സ്മിത്ത് (പൂജ്യം), വിൽ ജാക്സ് (19), ഗസ് അറ്റ്കിൻസൺ (നാല്), ബ്രൈഡൻ കാർസെ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. റൂട്ടിന്‍റെ ടെസ്റ്റ് കരിയറിലെ 40ാം സെഞ്ച്വറിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

