ആസ്ട്രേലിയ 132ന് പുറത്ത്, ലീഡുയർത്തി ഇംഗ്ലണ്ട്; പെർത്തിൽ ചാരമാകുമോ മൈറ്റി ഓസീസ്?
text_fieldsപെർത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 40 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ്. ഇംഗ്ലണ്ടിന്റെ 172 റൺസിന് മറുപടിയായി 132 റൺസ് നേടാനേ ഓസീസിന് കഴിഞ്ഞു. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട്, രണ്ടാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 59 എന്ന നിലയിലാണ്. സന്ദർശകരുടെ ആകെ ലീഡ് 99 ആയി. ബെൻ ഡക്കറ്റ് (28*), ഒലി പോപ് (24*) എന്നിവരാണ് ക്രീസിൽ. ഓപണകർ സാക് ക്രൗലിയുടെ (0) വിക്കറ്റാണ് നഷ്ടമായത്.
ഒമ്പതിന് 123 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്ക് ഒമ്പത് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവസാന വിക്കറ്റും നഷ്ടമായി. നാല് റൺസ് നേടിയ നേഥൻ ലിയോണിനെ ബ്രൈഡൻ കാഴ്സ്, ബെൻ ഡക്കറ്റിന്റെ കൈകളിലെത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് ഇന്നും സ്കോർ ബോർഡ് തുറക്കുംമുമ്പ് വീണു. കഴിഞ്ഞ ദിവസം ഏഴ് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് തന്നെ ഇത്തവണയും ഓസീസിനായി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ആദ്യ ഓവറിലെ അഞ്ചാംപന്തിൽ ഒറ്റക്കൈയിൽ ഡൈവ് ചെയ്തെടുത്ത മനോഹര ക്യാച്ചിലൂടെയാണ് ക്രൗലിയെ കൂടാരം കയറ്റിയത്.
ആദ്യദിനം വീണത് 19 വിക്കറ്റുകൾ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ആതിഥേയരായ ആസ്ട്രേലിയ 172 റൺസിലൊതുക്കി. പാറ്റ് കമ്മിൻസില്ലാത്ത ടീമിൽ മിച്ചൽ സ്റ്റാർക്ക് ആതിഥേയർക്കായി ഏഴ് വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് പക്ഷേ പിഴച്ചു. ഇംഗ്ലീഷ് നായകൻ അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോൾ ഒമ്പതിന് 123 എന്ന നിലയിലാണ് ആസ്ട്രേലിയ ഒന്നാംദിനം അവസാനിപ്പിച്ചത്. ദിവസങ്ങൾ ബാക്കിയുണ്ടെങ്കിലും പകുതി തീർന്ന അവസ്ഥയിലാണ് ആഷസിലെ ആദ്യ പോരാട്ടം. ആറോവറിൽ 23 റൺസ് മാത്രം വഴങ്ങിയാണ് ബെൻ സ്റ്റോക്ക്സ് അഞ്ച് വിക്കറ്റ് നേടിയത്.
രണ്ടാം സെഷനോടെ ഇംഗ്ലണ്ടിനെ ഓസീസ് ചുരുട്ടിക്കെട്ടിയിരുന്നു. 58 റൺസ് വഴങ്ങിയാണ് കരിയറിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ട നടത്തി സ്റ്റാർക്ക് സ്റ്റാറായത്. വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും പതിവ് പോലെ ബാസ്ബാൾ ശൈലിയിൽ റൺറേറ്റിൽ ഇംഗ്ലണ്ട് മികവ് പുലർത്തി. ഒരോവറിൽ 5.23 എന്നതായിരുന്നു റൺറേറ്റ്. ഹാരി ബ്രൂക്കും (52) ഒലി പോപുമാണ് (46) ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. ഇരുവരും അഞ്ചാം വിക്കറ്റിൽ 55 റൺസ് ചേർത്തു.
സാക് ക്രോളിയെ പൂജ്യത്തിന് പുറത്താക്കി ആദ്യ ഓവറിൽ തന്നെ ഇംഗ്ലണ്ടിന് മിച്ചൽ സ്റ്റാർക്ക് പ്രഹരമേൽപ്പിച്ചു. ആദ്യ അഞ്ചോവറിൽ ബെൻ ഡക്കറ്റ് (21), ജോ റൂട്ട് (പൂജ്യം) എന്നിവരെയും സ്റ്റാർക്ക് പുറത്താക്കി. ലഞ്ചിന് ശേഷം നാല് വിക്കറ്റ് കൂടി നേടി. ഫീൽഡിങ്ങിനിടെ ടോയ്ലറ്റ് ബ്രേക്കെടുത്ത് ഖവാജ പവിലിയനിലേക്ക് മടങ്ങിയപ്പോഴായിരുന്നു ഇംഗ്ലണ്ട് ടീം ഓൾഔട്ടായത്. ചട്ടമനുസരിച്ച് പുറത്തിരുന്ന അത്രയും സമയം കഴിഞ്ഞു മാത്രമേ തിരിച്ചെത്താനാകുമായിരുന്നുള്ളൂ. അതിനാൽ ഖവാജക്ക് പകരം മൂന്നാം നമ്പറിലിറങ്ങേണ്ട മാർനസ് ലബുഷെയിനാണ് ഓപണറായത്.
അരങ്ങേറ്റക്കാരൻ ജേക് വെതറാൾഡായിരുന്നു മറുതലക്കൽ. ആദ്യ ഓവറിൽതന്നെ വെതറാൾഡിനെ ജോഫ്രെ ആർച്ചർ പുറത്താക്കി. നിശ്ചിത സമയമാകാത്തതിനാൽ ഖവാജക്ക് മൂന്നാമനായും ബാറ്റിങ്ങിനിറങ്ങാനായില്ല. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് എത്തിയത്. പിന്നീട് 14 ഓവറുകൾക്ക് ശേഷം ലെബുഷെയിൻ പുറത്തായ ശേഷമാണ് നാലാം നമ്പറിൽ ഖവാജ എത്തിയത്. 26 റൺസ് നേടിയ വിക്കറ്റ് കീപ്പർ- ബാറ്റർ അലക്സ് കാരിയാണ് ആതിഥേയരുടെ ടോപ്സ്കോറർ. കാമറൂൺ ഗ്രൗൻ 24ഉം ട്രാവിസ് ഹെഡ് 21ഉം റൺസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

