കൊൽക്കത്തയുടെ മസിൽ പവറൊഴിഞ്ഞു; ആന്ദ്രെ റസൽ ഇനി പവർകോച്ച്; ‘മറ്റൊരു ജഴ്സിയും നിനക്ക് ചേരില്ല കൂട്ടുകാരാ...’-നന്ദിയോടെ ഷാറൂഖ്
text_fieldsആന്ദ്രെ റസൽ, കെ.കെ.ആർ ഉടമ ഷാറൂഖ് ഖാനൊപ്പം
കൊൽക്കത്ത: മസിൽ പവറും, പോരാട്ട വീര്യവും കൊണ്ട് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ വെസ്റ്റിൻഡീസിന്റെ ‘കരിസ്മാറ്റിക് ഓൾറൗണ്ടർ’ ആന്ദ്രേ റസ്സൽ ഐ.പി.എല്ലിൽ നിന്ന് വിരമിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം 12 സീസൺ പിന്നിട്ട കളിജീവിതത്തിനാണ് റസ്സൽ വിരാമമിട്ടത്.
2026 സീസണിലേക്കുള്ള ലേലത്തിന് മുമ്പ് റസ്സലിനെ നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിങ്സിലേക്കും മറ്റ് ഫ്രാഞ്ചൈസികളിലേക്കും ചേക്കേറുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഇനി കളിക്കാനില്ലെന്ന് തീരുമാനിക്കുകയും ഐ.പി.എൽ 2026 സീസണിൽ പുതിയ പവർ കോച്ചായി ടീമിന്റെ ബാക്ക്റൂം സ്റ്റാഫിൽ ചേരുകയും ചെയ്തു.
ഐ.പി.എൽ കരിയറിൽ 140 മത്സരങ്ങൾ കളിച്ച അദ്ദേഹം 174.18 സ്ട്രൈക്ക് റേറ്റിൽ 2,651 റൺസ് നേടുകയും 123 വിക്കറ്റുകൾ നേടുകയും ചെയ്തു.
ബാറ്റിലും ബൗളിലും എന്നും ടീമിന്റെ വിശ്വസ്തനായ ഓൾറൗണ്ടറായി ഓരു വ്യാഴവട്ടക്കാലം കളം വാണ താരത്തെ പക്ഷേ, ടീം വിടാൻ കെ.കെ.ആർ അനുവദിച്ചില്ല. 37ാം വയസ്സിൽ ഐ.പി.എൽ കരിയർ മതിയാക്കിയ താരത്തെ മറ്റൊരു ജഴ്സിയിലും ലീഗിൽ കാണാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചത് ടീം ഉടമയായ ഷാറൂഖ് ഖാൻ തന്നെയാണ്.
തന്റെ സാമൂഹിക മാധ്യമ പേജിൽ ആന്ദ്രെ റസലിന്റെ കളിക്കാലത്തെ ഹൃദ്യമായ വാക്കുകളിലൂടെ തന്നെ ഷാറൂഖ് അനുസ്മരിച്ചു.
ഇതുവരെ ടീമിന്റെ തലയെടുപ്പായി മസിൽ പെരുപ്പിച്ച ആന്ദ്രെ, ശേഷിക്കുന്ന കാലം കളിക്കാരുടെ പവർകോച്ചായി തുടരുമെന്ന് ഷാറൂഖ് പ്രഖ്യാപിച്ചു.
‘അവിസ്മരണീയ ഓർമകൾ സമ്മാനിച്ചതിന് നന്ദീ ആന്ദ്രെ... നമ്മുടെ ‘നൈറ്റിന്’ നിങ്ങളെന്നും തലയെടുപ്പായിരുന്നു. കെ.കെ.ആറിനൊപ്പമുള്ള സംഭാവനകൾ ചരിത്രത്തിൽ ഇടം നേടുന്നതാണ്. ഒരുകായികതാരമെന്ന നിലയിൽ യാത്ര മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇനി ഞങ്ങളുടെ പവർ കോച്ച്. നിങ്ങൾ പകരുന്ന കരുത്തും പരിചയവും അറിവും ഞങ്ങളുടെ പർപ്പിൾ-ഗോൾഡ് ബോയ്സിനെ പവറാവും. മറ്റൊരു ജഴ്സിയും നിനക്ക് ചേരില്ല കൂട്ടുകാരാ.. മസിൽ റസൽ .. ലവ് യൂ... ടീമിന്റെയും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെയും പേരിൽ സ്നേഹം മാത്രം’ -ഷാറൂഖ് ഖാൻ എക്സിൽ കുറിച്ചു.
ഐ.പി.എല്ലിൽ കളിക്കില്ലെങ്കിലും ലോകത്തെ മറ്റു ലീഗുകളിൽ കളിക്കും. അന്താരാഷ്ട്ര തലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസിയുടെ ഭാഗമായും തുടരും.
2012 മുതൽ ഐ.പി.എല്ലിലെ നിത്യസാന്നിധ്യമായിരുന്നു ആന്ദ്രെ റസൽ. ആദ്യ രണ്ടു സീസണിൽ ഡൽഹി ഡെയർഡെവിൾസിലും, 2014ൽ കൊൽക്കത്തയിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

