കാലംതെറ്റി പിറന്ന ഇതിഹാസം; സചിന്റെ സ്വന്തം അച് രേകറുടെ ശിഷ്യൻ; ഒടുവിൽ പെൺപടക്കൊപ്പം ലോകം ജയിച്ച് അവനും...
text_fieldsഅമോൽ മജുംദാർ
അമോൽ അനിൽ മജുംദാർ... ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് പരിചിതമാണ് ഈ പേര്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ റൺസുകൾ അടിച്ചുകൂട്ടി, ഒരുപിടി റെക്കോഡുകൾ സ്വന്തംപേരിൽ ഇന്നും ഭദ്രമായി സൂക്ഷിക്കുന്ന താരം. പക്ഷേ, ഒരുകൂട്ടം ഇതിഹാസങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻനിര വാണകാലത്ത്, ദേശീയ ടീമിന്റെ ഉമ്മറപ്പടിയിൽ പോലും ഇരിപ്പിടം കിട്ടാതെ കരിയർ അവസാനിപ്പിച്ചിച്ച ലെജൻഡ്.
ഒടുവിൽ കഴിഞ്ഞ രാത്രിയിൽ രാജ്യത്തെ കോടി ജനങ്ങൾ അഭിമാനത്തോടെ ഹർമൻ പ്രീതിനെയും സ്മൃതി മന്ദാനയെയും ഷഫാലിയെയയും അഭിനന്ദനങ്ങൾ കൊണ്ട് മൂടിയപ്പോൾ, അവർക്കു പിന്നിലായി ആനന്ദകണ്ണീരുമായി ആ മനുഷ്യനുമുണ്ടായിരുന്നു. അമോൽ മജുംദാർ എന്ന കാലംതെറ്റിപിറന്ന ലെജൻഡ്.
53 വർഷത്തെ ചരിത്രമുള്ള ഐ.സി.സി വനിതാ ലോകകപ്പിൽ ഇന്ത്യ ആദ്യമായി കിരീടമണിഞ്ഞ്, പുതുചരിത്രമെഴുതിയപ്പോൾ അതിനുപിന്നിൽ ഈ മനുഷ്യന്റെയും കഠിനാധ്വാനമുണ്ടായിരുന്നു. ഇന്ത്യ അണ്ടർ 19 ടീമിന്റെയും, നെതർലൻഡ്സ് ദേശീയ ടീമിന്റെയും ഐ.പി.എൽ ടീമുകളുടെയും പരിശീലകനായ ശേഷം 2023 ഒക്ടോബറിലായിരുന്നു അമോൽ മജുംദാർ ഇന്ത്യൻ വനിതാ സംഘത്തിന്റെ കോച്ചിങ് കുപ്പായത്തിലെത്തുന്നത്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ സമ്പന്നമായ കരിയറിനിടയിലും, ദേശീയ ടീം എന്ന സ്വപ്നത്തെ കുഴിച്ചുമൂടി കരിയർ അവസാനിപ്പിച്ച താരത്തിന് സുന്ദരമായൊരു പ്രതികാരം കൂടിയായിരുന്നു വനിതാ ടീമിന്റെ പരിശീലകനായി ‘ഇന്ത്യ’ കുപ്പായമണിയാനുള്ള അവസരം.
മിഥാലി രാജും ജുലാൻ ഗോസ്വാമിയും ഉൾപ്പെടെ താരനിര വാണ നീലക്കുപ്പായത്തെ പുതുനിരയുടെ കരുത്തിൽ ലോകകപ്പിനായി ഒരുക്കുകയായിരുന്നു മജുംദാറിന്റെ ദൗത്യം. രണ്ടു വർഷത്തിനിപ്പുറം, ആ ജോലി ഏറ്റവും ഭംഗിയായി പൂർത്തിയാക്കിയതിന്റെ നിർവൃതിയിലാണ് ഇന്ന് ഈ ‘അൺസങ് ഹീറോ’.
കാലംതെറ്റി പിറന്ന ലെജൻഡ്
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 11,167 റൺസ്, കാൽനൂറ്റാണ്ട് കാലം തന്റേതാക്കി മാറ്റിയ രഞ്ജി ട്രോഫിയിലെ അരങ്ങേറ്റക്കാരന്റെ റെക്കോഡ് ഇന്നിങ്സ് (260 റൺസ്), 30 സെഞ്ച്വറി അലങ്കാരമായ രണ്ടു പതിറ്റാണ്ടുകാലത്തെ കരിയർ. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ എല്ലാം വെട്ടിപ്പിടിച്ചതായിരുന്നു അമോൽ മജുംദാറിന്റെ കരിയർ. എന്നാൽ, ഇന്ത്യൻ ടീമിൽ ഒരു തവണയെങ്കിലും കളിക്കുകയെന്ന സ്വപ്നം മാത്രം ബാക്കിയായി.
സചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി ഉൾപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ഫാബുലസ് ഫോർ’ ക്രീസ് വാണ കാലം തന്നെയായിരുന്നു മജുംദാറിന്റെ സ്വപ്നങ്ങൾക്കും തിരിച്ചടിയായി മാറിയത്.
മുംബൈക്കു വേണ്ടി മൂന്നും നാലും സ്ഥാനങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരത്തിന് പക്ഷേ, ദേശീയ ടീമിൽ ആ പൊസിഷനിലേക്കൊരു അവസരമില്ലായിരുന്നു. വെല്ലുവിളികളില്ലാതെ സചിനും കൂട്ടുകാരും ഇന്ത്യൻ ടീമിനെ തങ്ങളുടേതാക്കി മാറ്റിയപ്പോൾ പൊലിഞ്ഞുപോയ കരിയറുകളിൽ ഒന്നായി മജുംദാറും മാറി. 1994-95ൽ ഗാംഗുലിക്കും ദ്രാവിഡിനുമൊപ്പം ഇന്ത്യ‘എ’ ടീമിൽ കളിച്ചുവെങ്കിലും അതിനപ്പുറത്തേക്ക് ടെസ്റ്റിലോ ഏകദിനത്തിലോ വിളിയെത്തിയില്ല.
എന്നാൽ, രഞ്ജിയിൽ തന്റെ ഇരിപ്പിടം ഭദ്രമാക്കിയ അമോൽ പോരാട്ടം തുടർന്നു. 1993 മുതൽ 2009 വരെ 16 വർഷത്തോളം മഹാരഥൻമാർ വാണ മുംബൈയുടെ രഞ്ജി ടീമിൽ നിത്യസാന്നിധ്യമായി. 2006-07ൽ മുംബൈയെ 37ാം രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചപ്പോൾ ക്യാപ്റ്റനായി. 2009ൽ മുംബൈയോട് യാത്രപറഞ്ഞ ശേഷം അസ്സമിനും (2009-12), പിന്നെ ആന്ധ്രക്കും (2013-14) വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച ശേഷം 40ാം വയസ്സിലാണ് സജീവ ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞത്. അപ്പോഴേക്കും, 170ൽ ഏറെ ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 30 സെഞ്ച്വറിയും 60 അർധ സെഞ്ച്വറിയുമായി 48.13 ശരാശരിയിൽ 11,167 റൺസും പിറന്നിരുന്നു. ലിസ്റ്റ് ‘എ’ ക്രിക്കറ്റിൽ 113 മത്സരങ്ങളിൽ 3286 റൺസും, ട്വന്റി20യിൽ 14 മത്സരങ്ങളിൽ 174 റൺസും നേടി.
സചിന്റെ കളിക്കൂട്ടുകാരൻ; അച് രേകറുടെ ശിഷ്യൻ
ലോകക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽകറും അമോൽ മജുംദാറും തമ്മിൽ ഇഴപിരിക്കാനാവാത്തൊരു ബന്ധമുണ്ട്. മുംബൈയിലെ ബി.പി.എം ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ അമോലിന്റെ കുഞ്ഞു കൈയിലെ ബാറ്റിങ് പാടവം തിരിച്ചറിഞ്ഞ രമാകാന്ത് അച് രേകറായിരുന്നു അദ്ദേഹത്തെയും ക്രിക്കറ്റ് ക്രീസിലേക്ക് തിരിച്ചുവിടുന്നത്. അങ്ങനെ, സചിൻ പഠിച്ചു വളർന്ന ശാരദാശ്രമം വിദ്യാമന്ദിർ സ്കൂളിൽ പ്രവേശനം നേടാൻ അച് രേകർ നിർദേശിച്ചു. ഒരു കോച്ചിനു കീഴിൽ ഇരു താരങ്ങളും കളി പഠിച്ചു വളർന്നു. 1988ൽ തന്റെ 15ാം വയസ്സിൽ സചിൻ മുംബൈക്കുവേണ്ടി രഞ്ജിയിൽ അരങ്ങേറിയെങ്കിൽ, രണ്ടു വയസ്സിന് ഇളമുറക്കാരനായ അമോൽ അഞ്ചുവർഷത്തിനിപ്പുറമാണ് രഞ്ജിയിൽ അരങ്ങേറിയത്. അപ്പോഴേക്കും സചിൻ ഇന്ത്യൻ ടീമിന്റെ വണ്ടർ ബോയ് ആയി മാറിയിരുന്നു.
ബാല്യകാലത്ത് ഒന്നിച്ചു പരിശീചലിച്ച അമോൽ, ഇന്നും സചിനുമായി ഇന്നും അടുത്ത സൗഹൃദം സൂക്ഷിക്കുന്നതും ഈ പാഠങ്ങളുടെ ഫലം തന്നെ.
മധുരപ്രതികാരമായ കോച്ചിങ് കരിയർ
അണിയാൻ കഴിയാതെ പോയ ദേശീയ ടീം കുപ്പായം അണിഞ്ഞു പൂതിതീർക്കുകയാണ് ഇന്ന് അമോൽ. 2014ൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് പരിശീലകന്റെ റോളിലേക്ക് അതിവേഗം പ്രവേശിച്ചു. ഇന്ത്യ അണ്ടർ 19, അണ്ടർ 23 ടീമുകളുടെ പരിശീലകനായാണ് തുടക്കം. 2013ൽ തന്നെ നെതർലൻഡ്സ് ദേശീയ ടീമിന്റെ ബാറ്റിങ് കൺസൾട്ടന്റായി നിയമിതനായിരുന്നു. 2018 മുതൽ മൂന്നു സീസണിൽ ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസ് ബാറ്റിങ് കോച്ചായി. ഇതിനിടെ, ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻടീമിന്റെയും ബാറ്റിങ് കോച്ചായി. 2021ൽ തന്റെ തട്ടകമായ മുംബൈയുടെ പരിശീലകനായും തിരികെയെത്തി.
ഏറ്റവും ഒടുവിലാണ് 2023 ഒക്ടോബറിൽ ഇന്ത്യൻ വനിതാ ടീം മുഖ്യ കോച്ചായി മാറുന്നത്.
ടീമിലെ കളിക്കാരുടെ മികവിനെ തേച്ച് മിനിക്കുക മാത്രമല്ല, തോൽവിയിലും തിരിച്ചടിയിലും തളരാതെ ആത്മവിശ്വാസം നിറച്ച് പോരാട്ട വീര്യവും പകർന്ന യഥാർത്ഥ പരിശീലകനായി അമോൽ അടയാളപ്പെടുത്തപ്പെട്ട പോരാട്ടം കൂടിയായിരുന്നു ഈ വിശ്വമേള. അതുകൊണ്ടുതന്നെ, ഈ കിരീട വിജയം കാലം ഒളിപ്പിച്ച ‘അൺസങ്’ ഹീറോക്കും അവകാശപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

