പുതുതാരങ്ങളുടെ ക്ലബ് ലോകകപ്പ്
text_fieldsഒബെദ് വെർഗാസ്, ജോൺ അരിയാസ്, ഫ്രാങ്കോ മസ്റ്റന്റൗനോ
അമേരിക്കൻ മൈതാനങ്ങളിൽ ക്ലബ് ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് നോക്കൗട്ട് ആവേശത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. ലോകത്തെ മികച്ച ക്ലബുകളിൽ പലതും പന്തുതട്ടുന്ന ക്ലബ് മാമാങ്കത്തിൽ അത്രയൊന്നും അറിയപ്പെടാത്ത ടീമുകളും അങ്കംവെട്ടുന്നുണ്ട്. അതിനാൽ, പ്രശസ്തരായ താരങ്ങൾക്കൊപ്പം വളർന്നുവരുന്ന താരങ്ങളുടെ കൂടി അങ്കത്തട്ടാണിത്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ശ്രദ്ധേയരായ 10 പുതുമുഖ താരങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം.
ഇഗോർ ജെസ്യൂസ് (ബോട്ടഫോഗോ)
കേളിശൈലി കൊണ്ട് ലാറ്റിനമേരിക്കയിലെ ദിദിയർ ദ്രോഗ്ബ എന്ന വിശേഷണമുള്ള ഇഗോർ ജെസ്യൂസ് 2024ൽ ക്ലബിലെത്തിയതുമുതൽ ബോട്ടഫോഗോയുടെ നട്ടെല്ലാണ്. കഴിഞ്ഞ സീസണിൽ ലീഗ്, കോപ ലിബർട്ടഡോറസ് കിരീടങ്ങൾ സ്വന്തമാക്കാൻ ബോട്ടഫോഗോയെ സഹായിച്ച ജെസ്യൂസിനെ ക്ലബ് ലോകകപ്പിന് തൊട്ടുമുമ്പ് നോട്ടിങ്ഹാം ഫോറസ്റ്റ് 17 ദശലക്ഷം പൗണ്ടിന് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.
ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടിയ ജെസ്യൂസിന്റെ ബൂട്ടുകളിൽ തന്നെയാണ് ബോട്ടഫോഗോയുടെ നോക്കൗട്ട് പ്രതീക്ഷകളും. ബ്രസീൽ ദേശീയ ടീമിലും ഇടംപിടിച്ചുകഴിഞ്ഞിട്ടുണ്ട് ഈ 24കാരൻ.
ക്ലോഡിയോ എച്ചെവെറി (മാഞ്ചസ്റ്റർ സിറ്റി)
കഴിഞ്ഞവർഷം ജനുവരിയിൽ റിവർപ്ലേറ്റിൽനിന്ന് ടീമിലെത്തിച്ച അർജന്റീന താരത്തെ പക്ഷേ ഒരു വർഷം കൂടി പഴയ ക്ലബിൽ തുടരാൻ അനുവദിച്ച മാഞ്ചസ്റ്റർ സിറ്റി ഈ ജനുവരിയിലാണ് തിരിച്ചുകൊണ്ടുവന്നത്. സിറ്റി നിരയിൽ ഇതുവരെ കാര്യമായ അവസരം ലഭിക്കാതിരുന്ന 19കാരൻ പക്ഷേ ക്ലബ് ലോകകപ്പിൽ കിട്ടിയ ചാൻസ് മുതലാക്കുകയാണ്. അൽ ഐനിനെതിരായ ആദ്യ കളിയിൽ ഇടതുവിംഗറായി ആദ്യ ഇലവനിൽ തന്നെയിറങ്ങിയ എച്ചെവെറി ഫ്രീകിക്കിലൂടെ ഗോൾ നേടുകയും ചെയ്തു. ‘അവിശ്വസനീയ താരം, ഗംഭീര ഗോൾ’ എന്നായിരുന്നു കോച്ച് പെപ് ഗ്വാർഡിയോളയുടെ പ്രശംസ. ടൂർണമെന്റിൽ മികച്ച ഫോം തുടർന്നാൽ വരും സീസണിൽ ടീമിൽ കാര്യമായ അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് എച്ചെവെറി.
ജോൺ അരിയാസ് (ഫ്ലുമിനീസ്)
കൊളംബിയക്കാരനായ താരം ലാറ്റിനമേരിക്കക്ക് പുറത്തുകളിച്ചിട്ടില്ലെന്നത് അടുത്തുതന്നെ തിരുത്തപ്പെടാനാണ് സാധ്യത. ഫ്ലുമിനീസിന്റെ ആദ്യ രണ്ടു കളികളിലും പ്ലേമേക്കർ റോളിൽ മിന്നിത്തിളങ്ങിയ 27കാരൻ ഒരു ഗോളും നേടി. കൊളംബിയക്കായി 31 മത്സരങ്ങൾ കളിച്ചിട്ടുള്ള അരിയാസ് മൂന്നു ഗോളുകളും സ്കോർ ചെയ്തിട്ടുണ്ട്. വിംഗറായും അറ്റാക്കിങ് മിഡ്ഫീൽഡറായും മാറിമാറിക്കളിക്കുന്ന താരത്തെ ക്രിസ്റ്റൽ പാലസ് നോട്ടമിട്ടിട്ടുണ്ട്.
കെനാൻ യിൽദിസ് (യുവന്റസ്)
ബയേൺ മ്യൂണിക് അക്കാദമിയിൽനിന്ന് ബാഴ്സലോണയെ മറികടന്ന് 2022ൽ കെനാൻ യിൽദിസിനെ യുവന്റസ് സ്വന്തമാക്കിയത് ഏറെ പ്രതീക്ഷകളോടെയാണ്. ക്ലബ് പ്രതീക്ഷിച്ച കളിമികവ് സ്ഥിരതയോടെ പുറത്തെടുക്കാൻ ഇതുവരെ 20കാരനായിട്ടില്ലെങ്കിലും ക്ലബ് ലോകകപ്പിലെ ഫോം കരിയറിൽ നിർണായകമായേക്കും. ആദ്യ രണ്ടു കളികളിലും സ്കോർ ചെയ്യുക മാത്രമല്ല, ഗംഭീര കളി പുറത്തെടുക്കുകയും ചെയ്തു ഈ തുർക്കിയ അന്തർദേശീയ താരം. തുർക്കിയ ജഴ്സിയിൽ 21 വട്ടം കളിച്ചുകഴിഞ്ഞ യിൽദിസ് രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.
ഒബെദ് വെർഗാസ് (സിയാറ്റിൽ സൗണ്ടേഴ്സ്)
ടീമിന്റെ എൻജിൻ റൂമാണ് ഈ മെക്സിക്കൻ മിഡ്ഫീൽഡർ. 2021 മുതൽ ക്ലബിലുള്ള വെർഗാസിന്റെ ക്ലബ് ലോകകപ്പിലെ പ്രകടനം യൂറോപ്യൻ ക്ലബുകളുടെ ശ്രദ്ധയാകർഷിച്ചതായാണ് റിപ്പോർട്ടുകൾ. സിയാറ്റിൽ സൗണ്ടേഴ്സ് മൂന്നു കളികളും തോറ്റ് പുറത്തായെങ്കിലും വേറിട്ടുനിൽക്കുന്ന കളിയായിരുന്നു 19കാരന്റേത്. ദേശീയ ടീമിനായും അരങ്ങേറിക്കഴിഞ്ഞ വെർഗാസ് കളി മികവിനൊപ്പം അധ്വാനവും മത്സരബുദ്ധിയും ഒത്തിണങ്ങിയ കളിക്കാരനായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
എസ്റ്റാവോ വില്യൻ (പാൽമീറാസ്)
പ്രീമിയർ ലീഗ് ആരാധകർ ക്ലബ് ലോകകപ്പിൽ ഏറെ ശ്രദ്ധയോടെ പിന്തുടരുന്ന താരമാണ് ഈ 18കാരൻ. കാരണം, അടുത്ത സീസൺ തുടക്കത്തിൽ താരം ചെൽസിയിലെത്തുന്നു എന്നതുതന്നെ. 56 ദശലക്ഷം പൗണ്ടിനാണ് പാൽമീറാസിൽനിന്ന് ചെൽസി വില്യനെ ടീമിലെത്തിക്കുന്നത്. മികച്ച പന്തടക്കവും ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് മുന്നേറാനുള്ള കഴിവും പ്രകടമാക്കുന്ന താരം ഗ്രൂപ് റൗണ്ടിലെ രണ്ടു കളികളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബ്രസീൽ ദേശീയ ടീമിനായും ബൂട്ടണിഞ്ഞുതുടങ്ങിയിട്ടുണ്ട് വില്യൻ.
ഫ്രാങ്കോ മസ്റ്റന്റൗനോ (റിവർപ്ലേറ്റ്)
40 ദശലക്ഷം യൂറോക്കാണ് യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജിയെ മറികടന്ന് റയൽ മഡ്രിഡ് അർജന്റീന താരത്തെ അടുത്തിടെ ടീമിലെത്തിച്ചത്. റിവർപ്ലേറ്റിനായി വിടവാങ്ങൽ ടൂർണമെന്റ് കളിക്കുന്ന 17കാരൻ എന്തുകൊണ്ട് റയൽ തന്നെ തേടിയെത്തിയെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്ന കളിയാണ് പുറത്തെടുക്കുന്നത്.
ഡീപ് ലയിങ് പ്ലേമേക്കർ, അറ്റാക്കിങ് മിഡ്ഫീൽഡർ, വിംഗർ റോളുകളിലൊക്കെ അനായാസം പന്തുതട്ടാനാവുന്നു എന്നതുതന്നെയാണ് മസ്റ്റന്റൗനോയുടെ പ്ലസ് പോയന്റ്. സൂപ്പർ താരങ്ങൾ അരങ്ങുവാഴുന്ന റയൽ നിരയിൽ കളിക്കാൻ അവസരം ലഭിക്കുക പ്രയാസകരമാണെങ്കിലും പുതുകോച്ച് സാബി അലോൺസോയുടെ വിശ്വാസം നേടുന്ന കളിയാണ് മസ്റ്റന്റൗനോയുടേത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓസ്കർ ഗ്ലൗഖ് (റെഡ്ബുൾ സാൽസ്ബർഗ്)
ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ എർലിങ് ഹാലൻഡിന്റെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഈ ഇസ്രായേൽ സ്ട്രൈക്കർ. ആദ്യ കളിയിൽ പചൂകക്കെതിരെ മനോഹരമായ ഗോൾ നേടിയ 21കാരൻ അൽഹിലാലിനെതിരെയും മികച്ച കളി കെട്ടഴിച്ചു. നോർവേ സ്ട്രൈക്കറുടെയത്ര ഗോളടിമികവ് ഇതുവരെ പ്രകടമാക്കിയിട്ടില്ലെങ്കിലും ഓരോ കളിയിലും മെച്ചപ്പെട്ടുവരുന്ന താരമാണ് ഗ്ലൗഖ് എന്നത് നിസ്തർക്കമാണ്.
ലൂകാസ് റിബെയ്റോ (മമെലോഡി സൺഡൗൺസ്)
നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായെങ്കിലും ടൂർണമെന്റിനെ ഞെട്ടിച്ച ടീമായിരുന്നു ദക്ഷിണാഫ്രിക്കൻ ചാമ്പ്യന്മാരായ മമെലോഡി സൺഡൗൺസ്. അവരുടെ തുരുപ്പുചീട്ടാവട്ടെ ലൂകാസ് റിബെയ്റോയും. ആദ്യ കളിയിൽ ഉൽസാനെ 1-0ത്തിന് തോൽപിച്ച സൺഡൗൺസ് രണ്ടാം മത്സരത്തിൽ ജർമൻ കരുത്തരായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ വിറപ്പിച്ചാണ് 3-4ന് കീഴടങ്ങിയത്. ആ കളിയിൽ റിബെയ്റോ നേടിയ ഗോൾ കാണികളെ കോരിത്തരിപ്പിച്ചു.
സെന്റർ സർക്കിളിൽനിന്ന് കിട്ടിയ പന്തുമായി കുതികുതിച്ച 26കാരൻ മൂന്നു ടച്ചിനകം ഡോർട്ട്മുണ്ട് പ്രതിരോധത്തെ ഒന്നടങ്കം നിഷ്പ്രഭമാക്കി ഗോൾകീപ്പർ ഗ്രിഗോർ കോബലിനെയും മറികടന്ന് സ്കോർ ചെയ്തപ്പോൾ അവിശ്വസനീയ ഗോളായി അത്. മുമ്പ് യൂറോപ്പിൽ കളിച്ച് പരിചയമുള്ള ബ്രസീലുകാരനെ തേടി വീണ്ടും യൂറോപ്പിൽനിന്ന് വിളിയെത്തിയേക്കുമെന്നാണ് സൂചന.
ഗോൺസാലോ ഗാർഷ്യ (റയൽ മഡ്രിഡ്)
സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപെക്ക് അസുഖം ബാധിച്ചതോടെ ക്ലബ് ലോകകപ്പിൽ റയൽ മഡ്രിഡ് ആക്രമണം നയിക്കാൻ വിനീഷ്യസ് ജൂനിയർ, ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ, അർദ ഗുലെർ എന്നിവരിലൊരാളെ കോച്ച് സാബി അലോണസോ നിയോഗിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
എന്നാൽ പുതുപരിശീലകൻ പ്രതീക്ഷയർപ്പിച്ചത് 21കാരനായ സ്ട്രൈക്കർ ഗോൺസാലോ ഗാർഷ്യയിലാണ്. ആദ്യ കളിയിൽ തന്നെ ഗോളുമായി സ്പെയിൻകാരൻ കോച്ചിന്റെ വിശ്വാസം കാക്കുകയും ചെയ്തു. 2014ൽ റയൽ അക്കാദമിയിലെത്തിയ താരത്തിന് ഫസ്റ്റ് ടീമിൽ ഇടമുറപ്പിക്കാനുള്ള ശ്രമത്തിന് ക്ലബ് ലോകകപ്പിലെ പ്രകടനം തുണയായേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

