ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വൻമതിലായിരുന്ന ചേതേശ്വർ പൂജാര വിരമിച്ചു
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ രാഹുൽ ദ്രാവിഡിനുശേഷം ഇന്ത്യയുടെ വൻമതിൽ എന്നറിയപ്പെട്ടിരുന്ന ചേതേശ്വർ പൂജാര തന്റെ ഇന്റർനാഷനൽ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതായി എക്സ് പേജിലൂടെ അറിയിച്ചു. തുടർച്ചയായ പരിക്കും ഫോമില്ലായ്മയും യുവതാരങ്ങളുടെ ആധിക്യവും ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള അവസരങ്ങൾ ലഭിക്കാതായതും വിരമിക്കലിന് കാരണമായേക്കാം. 37 വയസ്സുകാരനായ പൂജാര ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയാണ്. പിതാവ് അരവിന്ദ് പൂജാരയും സൗരാഷ്ട്രയുടെ ക്രിക്കറ്ററായിരുന്നു.
അഞ്ച് ഏകദിനങ്ങളും പത്തൊമ്പത് ടെസ്റ്റ് മൽസരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 19 സെഞ്ച്വറികളും 35 അർധ സെഞ്ച്വറികളുമുള്‍പ്പടെ 7195 റൺസ് നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 278 മത്സരങ്ങളിൽനിന്നായി 21,301 റൺസും നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ 66 സെഞ്ച്വറിയും പൂജാര അടിച്ചെടുത്തിട്ടുണ്ട്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ലഭിച്ച അവസരങ്ങൾക്ക് നന്ദിയോടെയാണ് കരിയർ അവസാനിപ്പിക്കുന്നതെന്ന് പൂജാര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘ഇന്ത്യൻ ജഴ്സി ധരിച്ച്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും എന്റെ ഏറ്റവും മികച്ച പ്രകടനത്തിനു വേണ്ടിയാണു ശ്രമിച്ചത്. പക്ഷേ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ടാകുമല്ലോ. വളരെ നന്ദിയോടെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കാൻ ഞാൻ തീരുമാനിക്കുന്നു.’’–പൂജാര എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി.
2010 മുതൽ 2023 വരെ 103 ടെസ്റ്റുകളിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്ട്രേലിയക്കെതിരെയായിരുന്നു അവസാന രാജ്യാന്തര മത്സരം . രഞ്ജി ട്രോഫി 2025 സീസണിലും സൗരാഷ്ട്രക്കുവേണ്ടി കളിച്ചു. 2010 ല്‍ ആസ്ട്രേലിയക്കെതിരെ ബംഗളൂരുവിലായിരുന്നു പൂജാരയുടെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ നാലു റൺസായിരുന്നു സമ്പാദ്യമെങ്കിലും രണ്ടാം ഇന്നിങ്സിൽ 89 ബോളിൽ 72 റൺസടിച്ചാണ് തന്റെ വരവറിയിച്ചത്.
ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ യോർക്‌ഷെയർ, ഡെർബി ഷെയർ, സസെക്സ് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമുകളുടെ ഭാഗമായിരുന്നു.
ടെസ്റ്റിലെ അതിവേഗ ബോളിങ്ങിൽ അടിപതറാതെ ക്രീസിൽ ഉറച്ചുനിന്ന് സ്വതസിദ്ധമായ രീതിയിൽ ബാറ്റുവീശിയ താരമായിരുന്നു പൂജാര. ബോളുകളെ കൃത്യമായി ജഡ്ജ്ചെയ്ത് ഒഴിവാക്കുന്ന രീതി എടുത്തു പറയേണ്ടതാണ്. ഒരു ബൗളറെ സംബന്ധിച്ച് ബാറ്റെടുക്കാതെ തന്നെ ബാൾ ലീവ് ചെയ്യുന്ന പൂജാര സ്റ്റൈൽ കളിയിൽ കാണേണ്ടതു തന്നെയാണ്. എത്ര പ്രകോപിപ്പിച്ചാലും ശാന്തതയും നിർവികാരതയും നിറഞ്ഞ നോട്ടത്തോടെ പന്തുകൾ നേരിടുന്ന ആ പൂജാര എന്ന വിശ്വസ്ത ബാറ്ററുടെ യുഗത്തിനാണ് അവസാനമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

