ഒരു ഫോട്ടോ, മാറിയത് ഒരു ഗ്രാമത്തിന്റെ വിധി! സലാഹ് ഇരുന്ന കല്ല് കാണാൻ ജനപ്രവാഹം
text_fieldsഅടുത്തിടെ പുറത്തിറങ്ങിയ ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ സൂപ്പർ ഹിറ്റ് ആയതോടെ ചിത്രത്തിലെ ജസ്റ്റിൻ എന്ന കഥാപാത്രം (നിവിൻ പോളി) താമസിച്ച വീട് കാണാൻ നിരവധി പേരാണ് എത്തുന്നത്. അതുപോലെ ഒരു സംഭവമാണ് തുർക്കിയയിലും ഇപ്പോൾ നടക്കുന്നത്. ഒരു സാധാരണ പാറക്കല്ലാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയകളിലെ താരം.
തുർക്കിയയിൽ സന്ദർശനത്തിനെത്തിയ ഫുട്ബാൾ സൂപ്പർ താരം മുഹമ്മദ് സലാഹ് ട്രബ്സണിലെ ഒരു താഴ്വര സന്ദർശിച്ചിരുന്നു. അവിടെ ഒരു പാറക്കല്ലിൽ ഇരുന്ന് അദ്ദേഹം ഒരു ചിത്രം എടുത്തു. അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ചിത്രം പുറത്തുവന്നതോടെ ഒറ്റ രാത്രികൊണ്ട് പ്രദേശം വലിയൊരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
സലാഹ് ഇരുന്ന കല്ലിൽ ഇരിക്കാനും അവിടെയിരുന്ന് ചിത്രം പകർത്താനുമായി ആരാധകരുടെയും സഞ്ചാരികളുടെയും കുത്തൊഴുക്കാണ് ഇപ്പോൾ. ഈ സ്ഥലം ഇപ്പോൾ അറിയപ്പെടുന്നത് തന്നെ ‘സലാഹ് യൈലാസി’ (സലാഹയുടെ മലനിരകൾ) എന്നാണ്.
തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി എന്ന് ബൈബിളിൽ പറയുന്നതുപോലെ വെറുതെ കിടന്നൊരു പാറ ഇപ്പോൾ വിനോദസഞ്ചാരത്തിന്റെ മൂലക്കല്ലായി മാറിയിരിക്കുകയാണ്.
‘ഈ പ്രദേശത്ത് ഇതുവരെ ഇത്രയും വലിയൊരു ജനത്തിരക്ക് ഉണ്ടായിട്ടില്ല’ -പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. ഞങ്ങളുടെ മലനിരകളിലെ ഒരു സാധാരണ കല്ല് ഇത്രയധികം പ്രശസ്തമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.
‘ലിവർപൂളിൽ നിന്ന് അദ്ദേഹം ഇവിടെയെത്തിയതിൽ വലിയ അഭിമാനമുണ്ട്. ഇപ്പോൾ ഞങ്ങൾ അദ്ദേഹം ഇരുന്ന അതേ പാറപ്പുറത്താണ് ഇരിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
ലിവർപൂളിലെ ഇതിഹാസതാരമായിരുന്ന മുഹമ്മദ് സലാഹ് ഇപ്പോൾ തുർക്കിയയിൽ ട്രാബ്സോൺസ്പോർ ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നത്. തുർക്കി സൂപ്പർ ലീഗിൽ ഇതുവരെ ആറു മത്സരങ്ങളിൽ നിന്ന് സലാഹ് ഏഴു ഗോളും രണ്ട് അസിസ്റ്റുമായി മുന്നിലാണ്.
ഈജിപ്ത് ദേശീയ ടീമിന്റെ നായകനായ സലാഹ്, ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസും 2030 ലോകകപ്പ് യോഗ്യതാ മത്സരങ്ങളും മുന്നിൽക്കണ്ട് മികച്ച ഫോമിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ട്. യൂറോപ്പിലെ മത്സരാന്തരീക്ഷം അതിന് കൂടുതൽ സഹായകരമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തുർക്കിയ ക്ലബ്ബിൽ ചേർന്നതെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

