നിർമല സീതാരാമനെതിരായ അപകീർത്തിക്കേസ് കോടതി തള്ളി; വൈറലായി വിധിന്യായത്തിലെ ‘ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ’
text_fieldsന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ എ.എ.പി നേതാവ് സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക മിത്ര നൽകിയ ക്രിമിനൽ അപകീർത്തിക്കേസ് ഡൽഹി കോടതി തള്ളി. റൂസ് അവന്യൂ കോടതിയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരസ് ദലാൽ ആണ് പരാതിയിൽ തുടർനടപടികൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി കേസ് തള്ളിയത്. വിധിന്യായത്തിൽ കോടതി ഉപയോഗിച്ച 'Floccinaucinihilipilification' എന്ന അപൂർവ്വവും നീളമേറിയതുമായ വാക്കാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെയ് 17ന് നിർമല സീതാരാമൻ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ തന്റെ ഭർത്താവിന്റെ പ്രതിച്ഛായ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു ലിപിക മിത്രയുടെ പരാതി. ന്യൂഡൽഹി മണ്ഡലത്തിലെ ഇന്ത്യ സഖ്യം സ്ഥാനാർഥിയായിരുന്ന സോംനാഥ് ഭാരതിയുടെ വിജയസാധ്യത ഇല്ലാതാക്കാൻ വ്യാജവും അപകീർത്തികരവുമായ പ്രസ്താവനകൾ നടത്തിയെന്ന് അവർ ആരോപിച്ചു. പരാതിയിൽ വസ്തുതകളില്ലെന്ന് നിരീക്ഷിച്ച കോടതി, കേസ് ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ചു. ഇതിനിടെയാണ് ജഡ്ജി അപൂർവ്വ വാക്ക്വാക്ക് ഉപയോഗിച്ചത്.
‘ഈ പരാതി Floccinaucinihilipilification (ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷൻ) എന്ന വാക്കല്ലാതെ മറ്റൊന്നുമല്ല. അതായത്, യാതൊരു വിലയുമില്ലാത്ത അല്ലെങ്കിൽ പ്രയോജനമില്ലാത്ത ഒരു കാര്യത്തെ അനാവശ്യമായി വലിച്ചുനീട്ടിയിരിക്കുകയാണ്’ എന്നാണ് ജഡ്ജി പറഞ്ഞത്. 29 അക്ഷരങ്ങളുള്ള ഈ ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം ‘ഒരു കാര്യത്തെ തീർത്തും വിലകെട്ടതോ പ്രയോജനരഹിതമോ ആയി കണക്കാക്കുന്ന പ്രവർത്തി’ എന്നാണ്. 18-ാം നൂറ്റാണ്ടിൽ രൂപപ്പെട്ട ഈ വാക്ക് 'ഒന്നുമില്ല' എന്നർത്ഥം വരുന്ന നാല് ലാറ്റിൻ പദങ്ങൾ ചേർത്താണ് നിർമിച്ചിരിക്കുന്നത്.
നേരത്തെ, കോൺഗ്രസ് നേതാവ് ശശി തരൂർ തന്റെ ട്വീറ്റുകളിലൂടെ ഈ വാക്ക് ഇന്ത്യയിൽ പ്രശസ്തമാക്കിയിരുന്നു. 2021ൽ കോവിഡ് മരുന്നുകളുടെ സങ്കീർണ്ണമായ പേരുകളെക്കുറിച്ച് ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവുവുമായി തമാശയിൽ ഏർപ്പെട്ടപ്പോഴാണ് തരൂർ ഈ വാക്ക് ഉപയോഗിച്ചത്. സങ്കീർണ്ണമായ ഇംഗ്ലീഷ് പദങ്ങളോടുള്ള തരൂരിന്റെ താൽപ്പര്യം അന്ന് വലിയ വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

