‘ബിർന്നാണീം പൊരിച്ച കോയീം’; കുഞ്ഞുശങ്കുവിന്റെ ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ചെറിയൊരു ആവശ്യം മാത്രമേ കുഞ്ഞു ശങ്കുവിനുള്ളൂ... അംഗന്‍വാടിയിലെ ഉപ്പുമാവ് മാറ്റി പകരം ‘ബിർന്നാണീം പൊരിച്ച കോയീം’ തരണം. അല്ല പിന്നെ... എന്നും ഉപ്പുമാവ് കഴിച്ചാൽ ആർക്കായാലും മടുപ്പ് വരില്ലേ?. കൊഞ്ചിക്കുഴഞ്ഞ് ഈ ആവശ്യം പറയുമ്പോൾ അവനോ വിഡിയോ എടുത്ത അമ്മയോ സംഗതി ഇങ്ങനെ കൈവിട്ട് പോകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല. ഏതായാലും വിഡിയോ ഹിറ്റായി, ശങ്കുവിന്റെ ‘ബിർന്നാണീം പൊരിച്ച കോയീം’ സോഷ്യൽ മീഡിയയിൽ വൈറലായി. ഒടുവിൽ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജിന്റെ മുന്നിലും വിഷയമെത്തി. ഇക്കാര്യം ഗൗരവത്തിൽ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
അംഗനവാടിയിൽ എന്തുവേണം എന്ന് ചോദിച്ചപ്പോഴാണ് ‘ഉപ്പുമാവ് മാറ്റീട്ട് ബിർന്നാണീം പൊരിച്ച കോയീം’ തരണം എന്ന് ശങ്കു പറഞ്ഞത്. നമുക്ക് പരാതി അറിയിക്കാം കേട്ടോ എന്ന് അമ്മ മകനെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
ദേവികുളം പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗനവാടിയിലെ പ്രജുൽ എസ് സുന്ദർ എന്ന ശങ്കുവാണ് ഈ ആവശ്യം ഉന്നയിച്ചത്. വളരെ മനോഹരവും നിഷ്‍കളങ്കവുമായാണ് തന്റെ ആവശ്യം ഉന്നയിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ശങ്കുവിന്റെ ഈ ആവശ്യം പരിഗണിച്ച് ഇപ്പോഴത്തെ മെനു പരിഷ്‍കരിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.