ദീപാവലിക്ക് ഐഫോൺ 16 ജീവനക്കാർക്ക് സമ്മാനിച്ച് ഡൽഹിയിലെ കമ്പനി; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി വൈറൽ വിഡിയോ
text_fieldsന്യൂഡൽഹി: ആഘോഷദിവസങ്ങളുടെ ഭാഗമായി പലവിധത്തിലുള്ള ആഭരണങ്ങളോ മറ്റോ സമ്മാനമായി നൽകുന്നത് പലരും കേട്ടിട്ടുണ്ടാകും. എന്നാൽ ദീപാവലിക്ക് ഗിഫ്റ്റായി സ്വന്തം ജീവനക്കാർക്ക് പുത്തൻ ഐഫോൺ 16 സമ്മാനിച്ച് വൈറലായിരിക്കുകയാണ് ഡൽഹിയിലെ ഒരു കമ്പനി. സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരിക്കുകയാണ് റോഹിണിയിലെ ‘ഫൈനാൻസർസാബ്’ എന്ന സ്ഥാപനത്തിന്റെ സമ്മാനദാനം.
കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ദീപാവലി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. ജീവനക്കാരുടെ മേശപ്പുറത്ത് റിബണുകൾ കെട്ടി അലങ്കരിച്ച നിലയിലുള്ള ഐഫോൺ 16 ഫോണുകളുടെ ദൃശ്യങ്ങൾ ഇതിനകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വെള്ള, പച്ച, നീല, കറുപ്പ് തുടങ്ങി വിവിധ നിറങ്ങളിലുള്ള ഹാൻഡ്സെറ്റുകളാണ് ജീവനക്കാർക്കായി ഒരുക്കിയത്. സമ്മാനം കണ്ട് സന്തോഷംകൊണ്ട് കണ്ണീരണിഞ്ഞും ആഹ്ലാദിച്ചും നിൽക്കുന്ന ജീവനക്കാരെയും 15 സെക്കൻഡ് മാത്രം നീളുന്ന ഈ വിഡിയോയിൽ കാണാം. "മത്സരങ്ങളൊന്നുമില്ല; എന്നാൽ നിങ്ങൾക്ക് എന്ത് ലഭിച്ചു?" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയംകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറി.
എന്നാൽ വിഡിയോ പുറത്തുവന്നതിന് പിന്നാലെ വൻ ചർച്ചകളാണ് കമന്റ് ബോക്സിലടക്കം നടക്കുന്നത്. ഇത് എ.ഐ ഉപയോഗിച്ച് നിർമിച്ച വ്യാജ ദൃശ്യങ്ങളാണോ എന്ന സംശയമായിരുന്നു പലരും ആദ്യം ഉന്നയിച്ചത്. എന്നാൽ, ഇത് എ.ഐ നിർമിതമല്ലെന്നും വിഡിയോ ഒന്നുകൂടി ശ്രദ്ധിച്ചുനോക്കാനും ആവശ്യപ്പെട്ട് കമ്പനി അധികൃതർ തന്നെ രംഗത്തെത്തി.
മറ്റു കമ്പനികളിൽ ജോലി ചെയ്യുന്നവരാകട്ടെ കടുത്ത അസൂയയോടെയാണ് ഈ വാർത്തയെ നോക്കിക്കാണുന്നത്. ദീപാവലിക്ക് സമൂഹ മാധ്യമങ്ങളിൽ ഇത്തരം സമ്മാന വിഡിയോകൾ കണ്ട് മനംമടുക്കാതിരിക്കാൻ തങ്ങൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത് നിർത്തിവെക്കേണ്ടി വരുമെന്ന രസികൻ കമന്റുകളും ചിലർ പങ്കുവെച്ചു. ഈ കമ്പനിയിൽ എന്തെങ്കിലും ഒഴിവുകളുണ്ടോ എന്നറിയാൻ തൊഴിലന്വേഷകരും കൂട്ടത്തോടെയെത്തിയിട്ടുണ്ട്. സ്ത്രീ ജീവനക്കാർക്ക് ഐഫോണുകൾ ലഭിച്ചപ്പോൾ പുരുഷന്മാർക്ക് സ്വർണനാണയങ്ങളാകും കമ്പനി നൽകിയിട്ടുണ്ടാവുകയെന്നും, സ്വന്തം ഓഫിസിൽനിന്ന് ഒരു ബോക്സ് സോൺ പാപ്ഡി പോലും ലഭിക്കാത്തവരുണ്ടെന്നും തുടങ്ങി നിരവധി ട്രോളുകളും കമന്റ് ബോക്സിൽ നിറയുന്നുണ്ട്.

