സോനം വാങ്ചുക്കിൻ്റെ നിരാഹാരം; ഗാന്ധിജി നിരാഹാരമനുഷ്ഠിച്ച വേളയിൽ മരണത്തിന് വിട്ടുകൊടുക്കാത്ത, കുറച്ചെങ്കിലും നീതിബോധം പുലർത്തിയിരുന്ന ഒരു ഭരണകൂടം രാജ്യത്തുണ്ടായിരുന്നു -ടി.എസ്. ശ്യാം കുമാർ
text_fieldsസോനം വാങ്ചുക്ക്, ടി.എസ്. ശ്യാം കുമാർടി
ന്യൂഡൽഹി: ഗാന്ധിജി നിരാഹാരമനുഷ്ഠിച്ച കാലഘട്ടത്തിൽ അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കാത്ത, കുറച്ചെങ്കിലും നീതിബോധം പുലർത്തിയിരുന്ന ഒരു ഭരണകൂടം എതിർപക്ഷത്തുണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, സോനം വാങ്ചുക്കിൻ്റെ നിരാഹാരത്തിൽ നിലവിലെ ഭരണകൂടത്തിൻ്റെ നിഷേധാത്മക നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ടി.എസ്. ശ്യാം കുമാർ. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാർഥികളുടെ അവകാശങ്ങൾക്കു വേണ്ടിയും ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിൻ്റെ അവസ്ഥയെ മുൻനിർത്തിയാണ് ടി.എസ്. ശ്യാം കുമാർ സാമൂഹ്യമാധ്യമത്തിൽ വിമർശനവുമായി കുറിപ്പിട്ടത്ത്.
ലക്ഷക്കണക്കിന് മനുഷ്യരെ വെറുപ്പിൻ്റെ രാഷ്ട്രീയത്തിന് ഇരയാക്കുന്ന പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്നവർക്ക് ജനാധിപത്യ മൂല്യങ്ങളോ നീതിബോധമോ ഇല്ലെന്ന് ശ്യാം കുമാർ പോസ്റ്റിലൂടെ കുറ്റപ്പെടുത്തുന്നു. ഗാന്ധിജിയുടെ സമരമുറകൾക്ക് ലഭിച്ചിരുന്ന പരിഗണനപോലും ഇന്നത്തെ ഭരണകൂടത്തിൽ നിന്ന് ലഭിക്കുന്നില്ല എന്നത് ജനാധിപത്യത്തിൻ്റെ വലിയൊരു തകർച്ചയാണ്. ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനായാണ് വാങ്ചുക്ക് പോരാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ജൂൺ 28ന് ആരംഭിച്ച സമരം 18 ദിവസങ്ങൾ പിന്നിടുമ്പോൾ സോനം വാങ്ചുക്കിൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിൻ്റെ ശരീരഭാരം എട്ടു കിലോയിലധികം കുറഞ്ഞിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം താഴുകയും, കടുത്ത പേശിക്ഷയവും ശാരീരിക ബലഹീനതയും അനുഭവപ്പെടുന്നുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. എന്നിട്ടും, കേന്ദ്രസർക്കാർ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
സോനം വാങ്ചുക്കിന് പിന്തുണയുമായി ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും എഴുത്തുകാരി അരുന്ധതി റോയ്, നടൻ നസീറുദ്ദീൻ ഷാ തുടങ്ങിയ സാംസ്കാരിക പ്രവർത്തകരും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വാങ്ചുക്കിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ ഹരജിയും സമർപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കെതിരെയും നീറ്റ് പരീക്ഷയിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിലാണ് സോനം വാങ്ചുക്ക് നിരാഹാരം നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള വിഷയങ്ങൾ സമരക്കാർ ഉന്നയിക്കുന്നുണ്ട്.
ഭരണകൂടത്തിൻ്റെ കടുംപിടുത്തം തുടരുമ്പോഴും, തൻ്റെ പോരാട്ടം രാജ്യത്തെ യുവാക്കൾക്കും വിദ്യാർഥികൾക്കും വേണ്ടിയുള്ളതാണെന്ന ഉറച്ച നിലപാടിലാണ് സോനം വാങ്ചുക്ക്. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ ഉയർന്നു വരുന്ന ഇത്തരം ശബ്ദങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ ഭരണകൂടത്തിന് സാധിക്കില്ലെന്ന് സമരക്കാർ ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

