എം.വി. ഗോവിന്ദൻ ഇപ്പോൾ ആർ.എസ്.എസ് ബന്ധം വെളിപ്പെടുത്തിയതിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ട് -ഫാത്തിമ തഹ്ലിയ
text_fieldsകോഴിക്കോട്: ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെളിപ്പെടുത്തലിന് പിന്നിൽ രണ്ട് ഉദ്ദേശ്യങ്ങളുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ. അർധ ഫാഷിസത്തിന്റെ രീതിയിൽ അടിയന്തരാവസ്ഥ വന്നപ്പോൾ യോജിക്കുന്നവരുമായെല്ലാം യോജിച്ചിട്ടുണ്ടെന്നും വർഗീയവാദികളായ ആർ.എസ്.എസുമായും ചേർന്നിട്ടുണ്ടെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ ഒരുചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അത് തുറന്ന് പറയാൻ തങ്ങൾക്കൊരു ഭയവുമില്ലെന്നും സത്യസന്ധമായ കാര്യങ്ങൾ പറഞ്ഞാൽ വിവാദമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആർ.എസ്.എസുമായി സി.പി.എം സഹകരിച്ചിട്ടുണ്ട് എന്നത് ചരിത്രമാണെന്നും എം.വി. ഗോവിന്ദൻ അത് അടിവരയിട്ട് പറയുമ്പോൾ അദ്ഭുതം കൂറേണ്ട കാര്യമേ ഇല്ലെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. ‘പിന്നെ എന്തുകൊണ്ടാണ് ഇത് ഇപ്പോൾ ഗോവിന്ദൻ എടുത്തിടുന്നത്. രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ഒന്നാമത്തേത് എം. സ്വരാജിനുള്ള പണിയാണ്. ഉള്ള വോട്ടും കളഞ്ഞു തോൽവിയുടെ ആഴംകൂട്ടും. രണ്ടാമത്തേത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ളതാണ്. യു.ഡി.എഫ് അധികാരത്തിൽ വരുന്നത് തടയാൻ സി.പി.എം ചിന്തിക്കുന്ന ഏക മാർഗം ബി.ജെ.പി ബാന്ധവമാണ്. പൂരം കലക്കി തൃശൂർ ലോക്സഭ സീറ്റ് ബി.ജെ.പിക്ക് കൊണ്ടുകൊടുത്തപോലെ ചില ഒത്തുതീർപ്പുകൾ. ബി.ജെ.പിക്ക് ജയപ്രതീക്ഷയുള്ള സ്ഥലങ്ങളിൽ വോട്ട് മറിക്കുക. മറ്റു സ്ഥലങ്ങളിൽ അവരുടെ വോട്ട് വാങ്ങുക. എം.വി. ഗോവിന്ദന്റേയും സി.പി.എമ്മിന്റെയും ഉദ്ദേശ്യം ഇതാണെന്ന് മനസ്സിലാവാത്തവർ തലച്ചോർ എ.കെ.ജി സെന്ററിൽ പണയംവെച്ച പാർട്ടി അടിമകൾ മാത്രമാണ്’ -ഫാത്തിമ തഹ്ലിയ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

