‘അവൻ അധികം പഠിക്കുന്നില്ല, വെറുതെ നടക്കുകയാണ്’; സ്റ്റീഫൻ ഹോക്കിങ്ങിനെക്കുറിച്ച് അച്ഛൻ ഡയറിയിൽ കുറിച്ച ആശങ്കകൾ!
text_fieldsലണ്ടൻ: പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും തമോഗർത്തങ്ങളെക്കുറിച്ചുള്ള പഠനങ്ങളും വഴി ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഇതുവരെ പുറംലോകം അറിയാത്ത വ്യക്തിജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ ജീവചരിത്ര പുസ്തകം വരുന്നു. കോസ്റ്റാ അവാർഡ് ജേതാവും ഭൗതികശാസ്ത്രജ്ഞനുമായ ഗ്രഹാം ഫാർമലോ എഴുതിയ 'ഹോക്കിങ്' എന്ന പുസ്തകം സെപ്റ്റംബർ 24ന് ജോൺ മുറെ പബ്ലിഷർമാർ പുറത്തിറക്കും.
ഹോക്കിങ്ങിന്റെ കുടുംബാംഗങ്ങൾ സൂക്ഷിച്ചിരുന്ന ഡയറിക്കുറിപ്പുകളും കത്തുകളും അപൂർവ ചിത്രങ്ങളും വിശകലനം ചെയ്താണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. ഹോക്കിങ്ങിന്റെ സഹോദരി മേരിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവ് ഫ്രാങ്ക് ഹോക്കിങ്ങിന്റെയും മാതാവ് ഐസോബെല്ലിന്റെയും സ്വകാര്യ ഡയറിക്കുറിപ്പുകൾ ഇതിനായി ഗ്രഹാം ഫാർമലോക്ക് ലഭ്യമായിരുന്നു.
ഉഷ്ണമേഖലാ രോഗങ്ങളിൽ വിദഗ്ദ്ധനായിരുന്ന ഹോക്കിങ്ങിന്റെ പിതാവ് ഫ്രാങ്ക്, തന്റെ ഡയറിക്കുറിപ്പുകളിൽ പലതും ഗ്രീക്ക് അക്ഷരമാല ഉപയോഗിച്ചുള്ള രഹസ്യ കോഡുകളിലാണ് എഴുതിയിരുന്നത്. ശത്രുക്കളുടെയോ അല്ലെങ്കിൽ കുടുംബാംഗങ്ങളുടെയോ കൈകളിൽ പെടാതിരിക്കാനാണ് അദ്ദേഹം ഈ രഹസ്യ കോഡ് ഉപയോഗിച്ചത്. എഴുത്തുകാരനായ ഫാർമലോ ഈ രഹസ്യ കോഡുകൾ അഴിച്ചെടുത്താണ് ഹോക്കിങ്ങിന്റെ കുട്ടിക്കാലം, അസുഖം, വിവാഹജീവിതം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചത്.
മകൻ ഒരു വലിയ ശാസ്ത്രജ്ഞനാകുന്നതിന് മുമ്പ് കോളജ് കാലഘട്ടത്തിൽ അവനെക്കുറിച്ച് പിതാവിനുണ്ടായിരുന്ന ആശങ്കകൾ ഡയറിയിൽ വ്യക്തമാണ്. 1961ൽ അദ്ദേഹം എഴുതി. ‘സ്റ്റീഫൻ വളർന്നു വരുന്ന രീതിയിൽ ഞങ്ങൾക്ക് ചെറിയ ആശങ്കയുണ്ട്. അവൻ വലിയ താല്പര്യങ്ങളൊന്നുമില്ലാതെ വീട്ടുപരിസരത്ത് തന്നെ നടക്കുകയാണ്, അധികം പഠിക്കുന്നുമില്ല. ഓക്സ്ഫോർഡിലെ ഫിസിക്സ് പഠനത്തിൽ അവന് വിശ്വാസം നഷ്ടപ്പെട്ടതായി തോന്നുന്നു’.
തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് ഹോക്കിങ്ങിന് മോട്ടോർ ന്യൂറോൺ രോഗം സ്ഥിരീകരിക്കുന്നത്. പരമാവധി രണ്ട് വർഷം മാത്രമാണ് ഡോക്ടർമാർ അദ്ദേഹത്തിന് ആയുസ്സ് പ്രവചിച്ചിരുന്നത്. മകന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതിലുള്ള കടുത്ത വിഷമം പിതാവ് ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1967ൽ അദ്ദേഹം എഴുതി. ‘അവന്റെ കൂടെയുള്ള ഓരോ നിമിഷവും കഠിനമാണ്. എല്ലാം വളരെ പതുക്കെയാണ് നടക്കുന്നത്. സംസാരിക്കാൻ ബുദ്ധിമുട്ടുന്നതിനാൽ ആശയവിനിമയം പ്രയാസകരമാണ്. എനിക്ക് അവനോട് സഹതാപമുണ്ട്, എന്നാൽ അവന്റെ കൂടെ സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’.
എന്നാൽ മെഡിക്കൽ ലോകത്തിന്റെ പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ഹോക്കിങ് 2018ൽ 76-ാം വയസ്സിലാണ് അന്തരിച്ചത്. വീൽചെയറിലിരുന്ന്, കമ്പ്യൂട്ടറിന്റെയും വോയ്‌സ് സിന്തസൈസറിന്റെയും സഹായത്തോടെ അദ്ദേഹം പ്രപഞ്ചശാസ്ത്രത്തിലും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലും വിപ്ലവകരമായ കണ്ടെത്തലുകൾ നടത്തി. അദ്ദേഹത്തിന്റെ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന പുസ്തകം ലോകമെമ്പാടുമായി 1.3 കോടിയിലധികം കോപ്പികളാണ് വിറ്റഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

