ബഹിരാകാശ നിലയത്തിൽ വിളവെടുക്കാൻ ഇന്ത്യ
text_fieldsനാൽപത് വർഷത്തിനുശേഷം ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശത്തേക്ക് കുതിക്കുകയാണ്. ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡർകൂടിയായ ശുഭാൻഷു ശുക്ലയാണ് യാത്രികൻ.
ദൗത്യത്തിന്റെ ഭാഗമായി നാസയിൽ പരിശീലനത്തിലുള്ള ശുഭാൻഷു ആക്സിയം -4 പദ്ധതിയുടെ ഭാഗമായി 14 ദിവസത്തേക്ക് ബഹിരാകാശ നിലയത്തിലേക്ക് കുതിക്കും. മേയ് 29നാണ് ആ ചരിത്ര യാത്ര. ശുഭാൻഷുവിന്റെ യാത്രയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഐ.എസ്.ആർ.ഒ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു: ബഹിരാകാശനിലയത്തിൽ അദ്ദേഹം ചില കൃഷി പരീക്ഷണങ്ങൾ നടത്തും.
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നേരത്തേ തന്നെ ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ചെടികളൊക്കെ വളർത്തുന്നുമുണ്ട് അവിടെ. ഗുരുത്വാകർഷണമില്ലാത്ത മേഖലയിൽ സസ്യങ്ങളുടെ വളർച്ചയും ഭക്ഷ്യ ഉൽപാദനവുമൊക്കെ നിരീക്ഷിക്കാനാണ് ഈ പരീക്ഷണങ്ങൾ. അത്തരം പരീക്ഷണങ്ങളിൽ ശുഭാൻഷുവും പങ്കാളിയാവും.
ശുഭാൻഷുവിന്റെ സാന്നിധ്യം പരീക്ഷണത്തിന് ‘ഇന്ത്യൻ ടച്ച്’ നൽകും. ചെറുപയർ, ഉലുവ എന്നിവയുടെ വിത്തുകൾ വെച്ചായിരിക്കും ശുഭാൻഷുവിന്റെ പരീക്ഷണങ്ങൾ. ഇവ രണ്ടും വലിയ പോഷകങ്ങളടങ്ങിയ ഭക്ഷണമാണ്.
അവ ബഹിരാകാശനിലയത്തിൽ വിജയകരമായി ഉൽപാദിപ്പിക്കാനായാൽ യാത്രികർക്ക് ആവശ്യത്തിനുള്ള ഭക്ഷണം അവിടെനിന്നുതന്നെ ലഭ്യമാകും. സ്ക്രീൻ ടൈമുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങളും ശുഭാൻഷു ബഹിരാകാശ നിലയത്തിൽ നടത്തും. 2027ലാണ് ഗഗൻയാൻ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

