മലയാളം ഒമാൻ ചാപ്റ്റർ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു
text_fieldsമസ്‌കത്ത്: മലയാളം ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 70-ാമത് കേരളപ്പിറവി ദിനാഘോഷം ‘മലയാളസന്ധ്യ’ എന്ന പേരിൽ സംഘടിപ്പിച്ചു. പ്രമുഖ ചലച്ചിത്ര നടൻ ജയരാജ് വാര്യർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാളഭാഷയോടുള്ള സ്നേഹവും കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക പാരമ്പര്യവും പുതുതലമുറക്ക് പകർന്നുനൽകേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.ഒമാനിലെ സാമൂഹിക പ്രവർത്തകൻ സി.എം. നജീബ് ഭാഷയുടെ പ്രാധാന്യം വിശദീകരിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് ആമുഖപ്രഭാഷണം നടത്തി. കൾച്ചറൽ കോഓഡിനേറ്റർ രാജൻ വി. കോക്കൂരി സ്വാഗതവും ട്രഷറർ മനോഹരൻ ചെഗ്ലായി നന്ദിയും പറഞ്ഞു.
ചാപ്റ്ററിന്റെ 2026ലെ അക്ഷരപ്രതിഭ പുരസ്കാരം സാഹിത്യകാരൻ കെ.ആർ.പി. വള്ളിക്കുന്നത്തിന് ജയരാജ് വാര്യർ സമ്മാനിച്ചു. അഫ്സൽ ബഷീർ രചിച്ച ‘പ്രവാസത്തിലെ കവിതകൾ’ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു.സാഹിത്യ-കലാ പ്രവർത്തനങ്ങൾക്ക് മേഘന ഹരി, അശോകൻ വള്ളിക്കാവ്, അപർണ മണ്ണൂർ, ചിത്ര ഷൈൻ, മനു സൈമൺ ഫിലിപ്പ് എന്നിവരെ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഇബ്രാഹിം ഒറ്റപ്പാലം, സരസ്വതി മനോജ്, ജയശങ്കർ എ.കെ. എന്നിവർക്കും ആദരവ് നൽകി.
ഓംകാര നൃത്തവിദ്യാലയത്തിന്റെ നൃത്താവതരണം, ശ്രീഹരി രമേഷിന്റെ കവിതാലാപനം, സുഭാഷ് ചന്ദ്രന്റെ നോവലിനെ ആസ്പദമാക്കി രാജൻ വി. കോക്കൂരി അവതരിപ്പിച്ച ഓഡിയോ സ്റ്റോറി എന്നിവയും അരങ്ങേറി. നിരവധി കുടുംബങ്ങളും കുട്ടികളും പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണം സത്യനാഥ് കെ. ഗോപിനാഥ് നിർവഹിച്ചു.

