ചീഫ് ജസ്റ്റിസിനുനേരെ ചെരുപ്പെറിഞ്ഞ അഭിഭാഷകൻ അക്രമ സ്വഭാവത്തിന് പേരുകേട്ടയാൾ, ‘കുറ്റബോധമില്ല, ചെയ്തത് പരമാത്മാവിന്റെ ജോലി’ എന്ന് പ്രതികരണം
text_fieldsന്യൂഡൽഹി: സുപ്രീം കോടതിയിലെ നടപടിക്രമങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോർ അക്രമ സ്വഭാവങ്ങൾക്ക് പേരുകേട്ടയാൾ. മയൂർ വിഹാർ പ്രദേശത്തെ ജനങ്ങളേറെയും ഇയാളുടെ അക്രമപരമായ പെരുമാറ്റത്തിൽ അതൃപ്തി പ്രകടിപ്പിക്കുന്നവരാണ്. അക്രമ സ്വഭാവം ആരോപിച്ച് കിഷോറിനെതിരെ മുമ്പും നിരവധി പരാതികൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചീഫ് ജസ്റ്റിസിനുനേരെ ചെരിപ്പെറിഞ്ഞ സംഭവം കിഷോറിന്‍റെ പേരിൽ മുമ്പുണ്ടായിരുന്ന പല പരാതികളും പുറത്തുവരാൻ കാരണമായി. അയാൾ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ലെന്നും 2021ൽ നിരവധി താമസക്കാർ അയാളുടെ ആക്രമണ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്നും പൊലീസിന് നൽകിയ പരാതിയുടെ പകർപ്പ് കാണിച്ച് സമീപവാസിയായ പുരുഷോത്തം പറഞ്ഞു.
2021 നവംബർ 29ന് കിഷോർ ഒരു മുതിർന്ന പൗരനെ ശാരീരികമായി ആക്രമിച്ചതായി പരാതിയിൽ പറയുന്നുണ്ട്. കൂടാതെ തീവ്ര ഹിന്ദുത്വവാദിയായ ഇയാൾ റെസിഡൻസിന്‍റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജാതി, മതപരമായ അധിക്ഷേപങ്ങൾ ഉപയോഗിച്ച് താമസക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
ചീഫ് ജസ്റ്റിസിനെതിരെ ചെരുപ്പെറിഞ്ഞ സംഭവത്തിൽ തനിക്ക് ഒരു പശ്ചാത്താപവും ഇതുവരെ തോന്നിയിട്ടില്ലെന്ന് കിഷോർ ആവർത്തിച്ചു. ‘പരമാത്മാവ്’ എന്നോട് അങ്ങനെ ചെയ്യാൻ പറഞ്ഞതുകൊണ്ടാണ് താൻ ചെയ്തത്’ എന്ന മറുപടിയാണ് ഇയാളുടേത്. അയാളെ കാണാൻ ശ്രമിച്ച മാധ്യമങ്ങളോട് സന്ദർശകരെ അനുവദിക്കരുതെന്ന് കുടുംബം നിർദേശിച്ചതായാണ് സുരക്ഷാ ജീവനക്കാർ പ്രതികരിച്ചത്. കിഷോർ നല്ല മാനസികാവസ്ഥയിലല്ലെന്നും നല്ല സുഖമില്ലെന്നും അവർ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തെത്തുടർന്ന്, ചൊവ്വാഴ്ച മയൂർ വിഹാറിൽ റിവർവ്യൂ അപ്പാർട്ട്മെന്റിലെ കിഷോറിന്‍റെ വീടിനുനേരെ പ്രതിഷേധം ഉയർന്നു. ചെരുപ്പ് മാലകളും, ഡോ. ബി.ആർ. അംബേദ്കറിന്‍റെ ചിത്രങ്ങളും, ഭരണഘടനയുടെ പകർപ്പുകളും കൊണ്ട് പ്രകടനക്കാർ ഗേറ്റുകൾ വളഞ്ഞു. ആക്രമണത്തെ ദലിത് സമൂഹത്തോടുള്ള അപമാനമായി കണ്ട് പ്രതിഷേധക്കാർ ‘ചീഫ് ജസ്റ്റിസിനെതിരായ അപമാനം ഹിന്ദുസ്ഥാൻ സഹിക്കില്ല’ എന്ന മുദ്രാവാക്യം ഉയർത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു.
കാലങ്ങളായ് ഷഹ്ദാര കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുന്ന കിഷോർ, താൻ "ദൈവിക നിർദേശങ്ങൾ" അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് പറയുന്നത്. "ഞാൻ പരമാത്മാവിന്റെ ജോലി ചെയ്തു. ഇത് ദൈവിക കടമയായിരുന്നു. ഖജുരാഹോയിലെ ഒരു ക്ഷേത്രത്തിൽ വിഷ്ണു വിഗ്രഹം പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾ എന്നെ വേദനിപ്പിച്ചു. ഞാൻ അതനുസരിച്ച് പ്രവർത്തിച്ചു’ - ടൈംസ് ഓഫ് ഇന്ത്യയോട് കിഷോർ പറഞ്ഞു.
മുൻ എം.എൽ.എ സൗരഭ് ഭരദ്വാജ് ഉൾപ്പെടെയുള്ള ആം ആദ്മി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. കിഷോർ ഭരണഘടനയെ ആക്രമിച്ചുവെന്ന് അദ്ദേഹം പരസ്യമായി ആരോപിച്ചു. "ഇത് ഒരു മനുഷ്യൻ ഷൂ എറിഞ്ഞു എന്നതിനെക്കുറിച്ച് മാത്രമല്ല, ചീഫ് ജസ്റ്റിസിനെതിരെ ഓൺലൈനിൽ പ്രചരിക്കുന്ന ജാതീയ അധിക്ഷേപങ്ങളെയും ഭീഷണികളെയും കുറിച്ചാണ്. സർക്കാർ അത്തരം വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം’- ഭരദ്വാജ് ചൂണ്ടിക്കാട്ടി. ഔദ്യോഗികമായി പരാതി ലഭിച്ചെങ്കിലും ഇല്ലെങ്കിലും പൊലീസ് സംഭവത്തിൽ നടപടിയെടുക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

