'മൺപാത്രം തലയിലേന്തിയ ബി.ആർ. ഗവായ്'; ചീഫ് ജസ്റ്റിസിനെ ലക്ഷ്യം വെച്ച് ഹിന്ദുത്വ അനുകൂലികൾ ആക്രമണം തുടരുന്നു
text_fieldsന്യൂഡൽഹി: സനാതന ധർമത്തെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെയുണ്ടായ ഷൂ ഏറിനെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം മൂലമുണ്ടായ ആക്രമണം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ആഴ്ചകളോളം നീണ്ടുനിന്ന ഹിന്ദുത്വ അനുകൂല ആക്രമണം കുറയുന്നതിന്റെ ലക്ഷണമൊന്നും കാണുന്നില്ല.
ഹിന്ദുത്വ അനുകൂല വലതുപക്ഷ സംഘം ചീഫ് ജസ്റ്റിസ് ഹിന്ദുവിരുദ്ധനാണെന്നാണ് ആക്ഷേപിക്കുന്നത്. ജാതീയ ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്നുമാണ് അവരുടെ ആരോപണം. തിങ്കളാഴ്ച വൈകിയാണ് സംഭവത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാൻ തന്നെ തയാറായത്. ചീഫ് ജസ്റ്റിസ് ഹിന്ദു വിരുദ്ധ പരാമർശങ്ങൾക്കെതിരെ സംസാരിക്കുന്നില്ലെന്നും അംബേദ്കറൈറ്റായി മാറിയെന്നുമായിരുന്നു പ്രധാനമന്ത്രി പ്രധാനമായും ഉന്നയിച്ച ആരോപണം.
ചീഫ് ജസ്റ്റിസിനെതിരായ അധിക്ഷേപത്തിന്റെ ഏറ്റവും തീവ്രത വലതുപക്ഷ ചായ്‍വുള്ള കികി സിങ് എന്നയാൾ പോസ്റ്റ് ചെയ്ത എക്സ് വിഡിയോയിൽ പ്രകടമായി കാണാം. തലയിൽ മൺപാത്രം ഏന്തിയ ഗവായിയാണ് ഒരു വിഡിയോയിലുള്ളത്. മുഖത്ത് നീലനിറത്തിലുള്ള ചായം പൂശിയ ഗവായിയെ ഷൂ കൊണ്ട് അടിക്കുന്ന എ.ഐ ചിത്രവും വിഡിയോയിൽ കാണാം. ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷവും ഈ വിഡിയോ എക്സിൽ നിന്ന് നീക്കിയിട്ടില്ല. ആ എക്സ് അക്കൗണ്ടിന് 30,000 ഫോളോവേഴ്സ് ഉണ്ട്.
മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര സമുച്ചയത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കുന്നതിനിടെ നടത്തിയ പരാമർശത്തിൽ പ്രകോപിതനായ കിഷോർ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞതും വീഡിയോയിൽ കാണാം.
മധ്യപ്രദേശിലെ ഖജുരാഹോയിലെ പൈതൃക സ്ഥലങ്ങളിലൊന്നിൽ തകർന്നുകിടക്കുന്ന വിഷ്ണു പ്രതിമ പുനഃസ്ഥാപിക്കാനാണ് പൊതുതാൽപര്യ ഹരജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ദേവനോട് തന്നെ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടണമെന്നായിരുന്നു ഗവായിയുടെ മറുപടി. വിഷ്ണുവിന്റെ ഭക്തനെന്ന നിലയിൽ നിങ്ങൾ പ്രാർഥിക്കുകയും ധ്യാനിക്കുകയും ചെയ്യുക എന്നും ഹരജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നാലെയാണ് എ.ഐ ജനറേറ്റഡ് വിഡിയോ എക്സിൽ പോസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസിനെ ആക്രമിച്ചതിൽ പശ്ചാത്തപിക്കുന്നില്ലെന്നാണ് ഷൂ എറിഞ്ഞ കിഷോർ പറഞഞത്. ഈ ആക്രമണം ഒരു തുടക്കമാണെന്നും ജഡ്ജിമാർ ഇതുപോലുള്ള പരാമർശങ്ങൾ നടത്തിയാൽ തെരുവിൽ നേരിടുമെന്നും ഹിന്ദുത്വ അനുകൂല യൂട്യൂബർ അജിത് ഭാരതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

