20 മന്ത്രിക്കസേരകൾ കാലി, ഒന്നര മാസത്തിന് ശേഷവും തീരുമാനമില്ല; കർണാടകയിൽ മന്ത്രിസഭ വികസന പ്രതിസന്ധി
text_fieldsബംഗളൂരു: കർണാടകയിൽ നേതൃമാറ്റത്തിന്റെ ഭാഗമായി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റ് ഒന്നര മാസം പിന്നിട്ടിട്ടും മന്ത്രിസഭ വികസനം എങ്ങുമെത്തിയില്ല. ജൂൺ മൂന്നിന് ഡി.കെ ഉൾപ്പെടെ 14 മന്ത്രിമാർ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 20 മന്ത്രിസ്ഥാനങ്ങൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.
മന്ത്രിസ്ഥാനത്തിനായി നിരവധി അവകാശവാദികൾ ഉള്ളതിനാൽ ജാതി, പ്രാദേശിക സമവാക്യങ്ങൾ പരിഗണിച്ച് തീരുമാനമെടുക്കുക മുഖ്യമന്ത്രിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്. മന്ത്രിസ്ഥാനത്തിനു വേണ്ടി ഒറ്റക്കും കൂട്ടായും വിവിധ സംഘടനകൾ വഴിയും ലോബിയിങ് ശക്തമാണ്. ഈ സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം.
അതിനിടെ, കർണാടക മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ ബുധനാഴ്ച ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി വ്യാഴാഴ്ച ഇവർ കൂടിക്കാഴ്ച നടത്തും. കർണാടക കോൺഗ്രസ് അധ്യക്ഷൻ ബി.കെ. ഹരിപ്രസാദും ചർച്ചയിൽ പങ്കെടുക്കും.
മന്ത്രിസ്ഥാനത്തിനായി നിരവധി നേതാക്കൾ ശക്തമായി വാദിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡുമായുള്ള നിർണായക കൂടിക്കാഴ്ച. നേരത്തെ, ഞായറാഴ്ച നടത്താനിരുന്ന യോഗം പിന്നീട് മാറ്റിവെക്കുകയായിരുന്നു. രാഹുൽ ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്താൻ വൈകിയതിനെ തുടർന്നാണ് യോഗം മാറ്റിയതെന്നാണ് വിവരം.
മന്ത്രിസഭ വികസനത്തിനുള്ള പേരുകളിൽ ധാരണയായാൽ അടുത്ത ആഴ്ച തന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടക്കാൻ സാധ്യതയുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. 224 അംഗ നിയമസഭയിൽ പരമാവധി 34 പേർക്കു വരെ മന്ത്രിമാരാകാം. എന്നാൽ, 20 പേരെയും മന്ത്രിമാരാക്കാതെ ഏതാനും സീറ്റുകൾ ഒഴിച്ചിടാൻ സാധ്യതയുണ്ട്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകൾ പൂർത്തിയായ ശേഷം ബാക്കി ഒഴിവുകൾ നികത്താമെന്നാണ് പാർട്ടിക്കുള്ളിലെ ആലോചന.
വിശാല ബംഗളൂരു അതോറിറ്റി, ഗ്രാമപഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. ഇതിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചായിരിക്കും ശേഷിക്കുന്ന സ്ഥാനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രിയങ്ക് ഖാർഗെ, ജി. പരമേശ്വര, കൃഷ്ണ ബൈരെ ഗൗഡ, രാമലിംഗ റെഡ്ഡി, ഡോ. യതീന്ദ്ര സിദ്ധരാമയ്യ, കെ.ജെ. ജോർജ്, യു.ടി. ഖാദർ, കെ.എച്ച്. മുനിയപ്പ, എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, ഈശ്വർ ഖാെന്ദ്ര, ശരൺ പ്രകാശ് പാട്ടീൽ, ബൈരതി സുരേഷ് എന്നിവരാണ് നിലവിലുള്ള മന്ത്രിമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

