ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടം ചതുഷ്കോണം
text_fieldsദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട പ്രചാരണം മുറുകുമ്പോള്‍ വര്‍ഗീയ ധ്രുവീകരണ പാരമ്പര്യമുള്ള 15 ജില്ലകളിലും ചതുഷ്കോണ മത്സരം. ബി.എസ്.പിയും സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യവും ബി.ജെ.പിയും രാഷ്ട്രീയ ലോക്ദളും ചേരിതിരിഞ്ഞുള്ള പോര് മുറുകിയ കാഴ്ചയാണ് മിക്ക മണ്ഡലങ്ങളിലും.
മായാവതിയും മോദിയും രാഹുലും അഖിലേഷും റോഡ്ഷോയും റാലികളുമായി ഇറങ്ങിയതോടെയാണ് തണുപ്പ് വിട്ട് പടിഞ്ഞാറന്‍ യു.പി പതുക്കെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയത്. സംയുക്ത റോഡ്ഷോക്ക് പുറമെ രാഹുലും അഖിലേഷും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേകം വോട്ട് തേടുന്നുണ്ട്. ബ്രാഹ്മണ -മുസ്ലിം -യാദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട എസ്.പി -കോണ്‍ഗ്രസ് സഖ്യം മൂന്നു മണ്ഡലങ്ങളിലെങ്കിലും പരസ്പരം മത്സരിക്കുന്നുണ്ട്.
അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പശ്ചിമ യു.പിയിലെ വിരലിലെണ്ണാവുന്ന മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ടെങ്കിലും മുസ്ലിം വോട്ടര്‍മാരില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. ഫെബ്രുവരി 11ന് നടക്കുന്ന വോട്ടെടുപ്പിന് 840 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ആഗ്ര സൗത്ത് മണ്ഡലത്തിലാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍. 26 പേര്‍. ആറുപേരുള്ള ഹസ്തിനപുര്‍, ലോനി, ഇഗ്ലാസ് സീറ്റുകളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കന്നിയങ്കത്തിന് ഇറങ്ങിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മകന്‍ പങ്കജ് മത്സരിക്കുന്ന നോയിഡ, കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് പ്രദീപ് മാത്തൂറും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മയും മത്സരിക്കുന്ന മഥുര എന്നിവ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു.
മുസഫര്‍നഗര്‍ കലാപക്കേസിലെ പ്രതി സംഗീത് സോം മത്സരിക്കുന്ന മീറത്തിലെ സര്‍ധാനയിലും ഒന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. കലാപത്തിനിറങ്ങിയ ജാട്ടുകള്‍ക്കും ഇരകളായ മുസ്ലിംകള്‍ക്കും സ്വാധീനമുള്ള പടിഞ്ഞാറന്‍ യു.പിയിലെ ചില മണ്ഡലങ്ങളില്‍ ബി.എസ്.പിയും ബി.ജെ.പിയും തമ്മില്‍ നേരിട്ടാണ് മത്സരം. എന്നാല്‍, മിക്ക സീറ്റുകളിലും എസ്.പി -കോണ്‍ഗ്രസ് സഖ്യവും രാഷ്ട്രീയ ലോക്ദളും ശക്തമായ പ്രചാരണത്തിലൂടെ ചതുഷ്കോണ മത്സരമൊരുക്കിയിരിക്കുകയാണ്.
വര്‍ഗീയ ധ്രുവീകരണത്തില്‍ മാത്രം കണ്ണുവെച്ചിരുന്ന ബി.ജെ.പിക്ക് ജാട്ടുകളുടെ എതിര്‍പ്പ് ഭീഷണിയായി മാറിയിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണത്തില്‍ ബി.ജെ.പിയോടൊപ്പം നിന്ന ജാട്ടുകള്‍ സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ ആര്‍.എല്‍.ഡിയിലേക്ക് തിരിച്ചുപോകുന്നത് തടയാന്‍ ലവ് ജിഹാദും കൈരാനയിലെ ‘പലായന’വും തെരഞ്ഞെടുപ്പ് വിഷയമാക്കി പതിനെട്ടടവും പയറ്റുകയാണ് ബി.ജെ.പി. ഞായറാഴ്ചത്തെ റാലിയില്‍ ലവ് ജിഹാദ് തടയാന്‍ ഉത്തര്‍പ്രദേശില്‍ ആന്‍റി റോമിയോ സ്ക്വാഡുകള്‍ ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത് ജാട്ടുകളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണ്. കോണ്‍ഗ്രസിന് പോകുമെന്ന് ഭയക്കുന്ന ബ്രാഹ്മണ വോട്ടുകളും മുസ്ലിം സമുദായത്തില്‍നിന്നുള്ള കാമുകന്മാരെ കാണിച്ച് പേടിപ്പിച്ച് പിടിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
മുസഫര്‍നഗര്‍ കലാപത്തിന്‍െറ ഓര്‍മ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ശാംലി ജില്ലയിലെ കൈരാനയില്‍ ഹിന്ദുക്കളുടെ പലായനം സംഭവിക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞ ശേഷവും ബി.ജെ.പി വലിയ പ്രചാരണായുധമാക്കുന്നത് ജാട്ടുവോട്ട് പിടിക്കാനാണ്. ബി.ജെ.പിയുടെ ഈ രണ്ട് പ്രചാരണായുധങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചാല്‍ അത് എസ്.പി -കോണ്‍ഗ്രസ് സഖ്യത്തിന് മേഖലയിലുള്ള പ്രതീക്ഷകളെ ബാധിക്കും. എന്നാല്‍, ബി.ജെ.പിയെ തോല്‍പിക്കാന്‍ ഏറ്റവും ജയസാധ്യതയുള്ള എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടുനല്‍കണമെന്ന ജാട്ട് പഞ്ചായത്തിന്‍െറ ആഹ്വാനം പശ്ചിമ യു.പിയുടെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
