Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightസ്വാതന്ത്ര്യത്തിന്‍റെ...

സ്വാതന്ത്ര്യത്തിന്‍റെ കൊടി

text_fields
bookmark_border
കൊടി
cancel
രാവിലെ രണ്ടു വിദ്യാർഥി സംഘടനകളും സംയുക്തമായി കൊടിയുയർത്തി. കൊടിയുയർത്താൻ നിയോഗിക്കപ്പെട്ട അഹമ്മദുണ്ണി അടികൊണ്ട് ആശുപത്രിയിലായ തിനാൽ വിദ്യാർഥി നേതാവ് സുലോചനയാണ് കൊടി ഉയർത്തിയത്. അതേസമയത്ത് ഹിസ്റ്ററി ഡിപ്പാർട്ട്മെൻറിൽ ഒരു കമ്പിെൻറ അറ്റത്ത് രാജഭക്തരായ വിദ്യാർഥികൾ രാജപതാകയും ദേശീയ പതാകയും ഒരുമിച്ച് നാട്ടിയിരുന്നു.

സ്വാതന്ത്ര്യം എപ്പോഴും എന്നും അതിമനോഹരമായ സ്വപ്നസാഫല്യമാണ്. താലത്തിൽവെച്ച് നീട്ടിയതല്ല ഇന്ത്യക്ക് അതാരും. സമരോത്സുകമായ ആത്മസമർപ്പണത്തിലൂടെ പോരാടി നേടിയതാണ് സ്വാതന്ത്ര്യം. എന്നാൽ, സ്വാതന്ത്ര്യദിനത്തിൽ പോലും സമരമുഖത്ത് അണിനിരന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥ പറയാനുണ്ട്-കൊച്ചിക്ക്. ധീരരായ വിദ്യാർഥികളുടെ സ്വാതന്ത്ര്യബോധത്തിന്റെയും ആത്മാഭിമാനത്തിന്റയും കൂടി ചരിത്രമാണത്.

1947 ആഗസ്റ്റ് 15ന് സ്വതന്ത്രമായത് അംഗീകരിക്കാൻ കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാധികാരം മടിച്ചു. ജനങ്ങൾക്കുമേൽ തങ്ങളുടെ അധികാരം നിലനിർത്തിയുള്ള ‘ലയനം’ മാത്രമാണ് അവരുടെ മനസ്സിൽ ഉണ്ടായിരുന്നത്. ദേശീയ പതാക ഉയർത്താൻ പോലും രാജാധികാരം നിബന്ധന വെച്ചു. എന്നാൽ, ജനാധിപത്യവാദികൾക്ക് അത് അംഗീകരിക്കാനാവുമായിരുന്നില്ല. അക്കാര്യത്തിൽ എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥികളായിരുന്നു വഴികാട്ടി.

1947 ആഗസ്റ്റ് 15ന് രാജാവിെൻറ കൊടിയും ദേശീയ പതാകയും ഒരുമിച്ച് ഉയർത്തണമെന്നായിരുന്നു കൊച്ചി രാജാവിെൻറ കൽപന. എന്നാൽ, സ്റ്റുഡൻസ് ഫെഡറേഷനും (എസ്.എഫ്), വിദ്യാർഥി കോൺഗ്രസും (എസ്.എൻ.ഒ)യും ചേർന്ന് ദേശീയ പതാക മാത്രം ഉയർത്താൻ തീരുമാനിച്ചു. കോളജധികാരികളും ഒരു വിഭാഗം വിദ്യാർഥികളും അത് എതിർത്തു. പനമ്പള്ളി ഗോവിന്ദമേനോനാണ് അന്ന് കൊച്ചി പ്രധാനമന്ത്രി. ആഗസ്റ്റ് 14ന് രാത്രി കോളജിെൻറ നടുമുറ്റത്ത് കൊടിമരം നാട്ടുമ്പോൾ രാജഭക്തന്മാരായ ഗുണ്ടകളെത്തി വിദ്യാർഥി പ്രവർത്തകരെ ആക്രമിച്ചു. കെ.ജി. മേനോൻ, അഹമ്മദുണ്ണി തുടങ്ങിയ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉടനെ വിദ്യാർഥികൾ കോരിച്ചൊരിയുന്ന മഴ വകവെക്കാതെ പനമ്പള്ളി മേനോന്റെ വീട്ടിലേക്ക് പ്രതിഷേധ ജാഥ നടത്തി. ആഗസ്റ്റ് 15ന് രാവിലെ രണ്ടു വിദ്യാർഥി സംഘടനകളും സംയുക്തമായി കൊടിയുയർത്തി. കൊടിയുയർത്താൻ നിയോഗിക്കപ്പെട്ട അഹമ്മദുണ്ണി അടികൊണ്ട് ആശുപത്രിയിലായതിനാൽ വിദ്യാർഥി നേതാവ് സുലോചനയാണ് കൊടി ഉയർത്തിയത്. അതേ സമയത്ത് ഹിസ്റ്ററി ഡിപ്പാർട്ട്മെൻറിൽ ഒരു കമ്പിെൻറ അറ്റത്ത് രാജഭക്തരായ വിദ്യാർഥികൾ രാജപതാകയും ദേശീയ പതാകയും ഒരുമിച്ച് നാട്ടിയിരുന്നു.

വിദ്യാർഥികളെ ആക്രമിച്ചവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ആഗസ്റ്റ് 15നും പനമ്പള്ളി ഗോവിന്ദമേനോന്റെ മന്ത്രിമന്ദിരത്തിൽ പ്രതിഷേധ ജാഥയുമായെത്തി. നടപടി ഉണ്ടാകാത്തതിനാൽ പഠിപ്പുമുടക്കും പിക്കറ്റിങ്ങും തുടർന്നു. ആഗസ്റ്റ് 19ന് രാജപതാക വിദ്യാർഥി നേതാവ് വി. വിശ്വനാഥ മേനോൻ കത്തികൊണ്ട് മുറിച്ച് താഴെയിട്ടു. പിന്നീട് ആ കൊടി കോളജ് അങ്കണത്തിൽവെച്ച് കത്തിച്ചു ചാമ്പലാക്കി. തുടർന്ന് വിദ്യാർഥികൾ മാർച്ച് ചെയ്ത് തൃപ്പൂണിത്തുറ ഹിൽപാലസിലേക്ക് നീങ്ങി. അതിൽ നല്ലപങ്കും വിദ്യാർഥിനികളായിരുന്നു. അവർ ആറുമൈൽ നടന്ന് ഹിൽപാലസിന് മുന്നിലെത്തി. വിദ്യാർഥി പ്രതിനിധികളെ കാണാൻ രാജാവ് സമ്മതിച്ചതിനാൽ വൈലോപ്പിള്ളി രാമൻകുട്ടി മേനോൻ, എം.വി. ജോസഫ് (എസ്.എൻ.ഒ), വി. വിശ്വനാഥ മേനോൻ (എസ്.എഫ്) എന്നിവർ രാജാവിനെ കണ്ടു. കഠിനമായ ശകാരമാണ് രാജാവിൽനിന്ന് വിദ്യാർഥി നേതാക്കൾ കേട്ടത്. തിരിച്ചുവന്ന് ഹിൽപാലസിന് മുന്നിലെ അത്താണിക്ക് മുകളിൽ കയറിനിന്ന് വി. വിശ്വനാഥ മേനോൻ, വിദ്യാർഥികളോട് സമരം തുടരാൻ ആഹ്വാനം ചെയ്തു. നാട്ടുരാജാക്കന്മാരെ നാടുകടത്തണം എന്നായിരുന്നു പ്രസംഗത്തിന്റെ കാതൽ. നാട്ടുരാജാക്കന്മാരെ നാടുകടത്തും എന്ന മുദ്രാവാക്യവുമായി ജാഥ തിരിച്ച് എറണാകുളത്തെത്തി. എന്നാൽ, പതിനേഴ് വിദ്യാർഥികളെ പ്രിൻസിപ്പൽ ജി.ആർ. നാരായണ അയ്യർ പുറത്താക്കി കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഓണാവധി കഴിഞ്ഞ് കോളജ് തുറന്നപ്പോൾ എസ്.എൻ.ഒയുടെയും എസ്.എഫിെൻറയും രണ്ട് നേതാക്കൾവീതം കോളജ് നടുമുറ്റത്ത് നിരാഹാര സമരം തുടങ്ങി. തമ്മനത്ത് അരവിന്ദാക്ഷൻ, എൻ.എ. കരീം, വി. വിശ്വനാഥമേനോൻ, കെ.കെ. സത്യവ്രതൻ എന്നിവരാണ് നിരാഹാരം ആരംഭിച്ചത്. ക്ലാസുകൾ നടന്നില്ല. നിരാഹാരക്കാരെ അറസ്റ്റ് ചെയ്തു. ബാച്ച് ബാച്ചായി സമം തുടർന്നു. കോൺഗ്രസ് വിദ്യാർഥി നേതാക്കളായ ടി.സി.എൻ.മേനോൻ, വൈലോപ്പിള്ളി രാമൻകുട്ടി മേനോൻ, എം.വി. ജോസഫ് എന്നിവരെ വിളിച്ച് പനമ്പള്ളി ഗോവിന്ദമേനോൻ ചർച്ച നടത്തി. എല്ലാവരെയും തിരിച്ചെടുത്തുകൊള്ളാം എന്ന് കേവല ഉറപ്പുംനൽകി. അതോടെ അവർ നിരാഹാര സമരം അവസാനിപ്പിച്ചു. എസ്.എഫ് പ്രവർത്തകർ സമരം തുടർന്നെങ്കിലും സമരം അവസാനിപ്പിക്കാനായിരുന്നു കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനം.

വി. വിശ്വനാഥ മേനോൻ എഴുതുന്നു: ‘‘വിദ്യാർഥി ഫെഡറേഷൻ (എസ്.എഫ്) കാരായ സമരക്കാർ സമരത്തിൽനിന്ന് പിന്മാറേണ്ടതുണ്ട് എന്ന രഹസ്യ നിർദേശമാണ് പാർട്ടിയുടെ ഭാഗത്തുനിന്നും കിട്ടിയത്. സഖാക്കൾ പി. കൃഷ്ണപിള്ളയും ഇ.എം.എസ്. നമ്പൂതിരിപ്പാടും സമരക്കാരെ വന്നുകണ്ട് പിരിയുന്നതിനുമുമ്പ് ഒരു ചെറിയ സംഭവം കൂടിയുണ്ടായി. സ. പി. കൃഷ്ണപിള്ള എെൻറ ചെവിയിൽ ഒരു രഹസ്യസന്ദേശം മന്ത്രിച്ചു. ‘സഖാവ് ജനാർദനൻ ഇപ്പോൾ ഇവിടെ വരും. അയാൾ പറയുന്നതുപോലെ ചെയ്തുകൊള്ളണം’. കിടക്കുന്ന എല്ലാവരെയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചാണ് സഖാവ് പിരിഞ്ഞത്. കുറേ കഴിഞ്ഞപ്പോൾ സി. ജനാർദനനെത്തി. അദ്ദേഹത്തിനായിരുന്നു പാർട്ടിയിൽ വിദ്യാർഥികളുടെ ചാർജ്. സഖാവ് സി. ജനാർദനനും സമരം പിൻവലിക്കണം, പാർട്ടി മാൻഡേറ്റാണ് എന്ന് രഹസ്യമായി അറിയിച്ചു. അപ്പോഴേക്കും രാമൻകുട്ടിയും എം.വി. ജോസഫും നാരങ്ങാനീരുമായി എത്തി. ജനാർദനനും ജോസഫും തന്ന നാരങ്ങാനീരു കുടിച്ചു. സരമം വിൻവിജയമായി എന്ന ധാരണ വരുത്തി നിരാഹാരസമരക്കാരും വിദ്യാർഥി സമൂഹവും വൻ പ്രകടനമായി എറണാകുളം ടൗൺ ചുറ്റി’’ എന്നാൽ, വിദ്യാർഥികളെ തിരിച്ചെടുത്തില്ല. ടി.സി.എൻ. മേനോൻ, വൈലോപ്പിള്ളി രാമൻകുട്ടി മേനോൻ, അഹമ്മദുണ്ണി, എ.എ.കൊച്ചുണ്ണി, എൻ.എ. കരീം, പി.കെ. ബാലകൃഷ്ണൻ, കെ.എ. ചന്ദ്രഹാസൻ, എൻ.വി.മാത്യു, കെ.കെ.സത്യവ്രതൻ, തമ്മനത്ത് അരവിന്ദാക്ഷൻ, സുന്ദരേശൻ, വി.വിശ്വനാഥ മേനോൻ തുടങ്ങിയവരാണ് അന്ന് കോളജിൽ നിന്ന് പുറത്താക്കപ്പെട്ടവർ. പക്ഷേ, കാലം ഈ വിദ്യാർഥി പ്രവർത്തകർക്കൊപ്പമായിരുന്നു. ആ പേരുകൾ ഒന്നുകൂടി വായിച്ചുനോക്കൂ. ജനാധിപത്യത്തിന്റെ പുതിയ പാഠങ്ങൾ കാലത്തെ പഠിപ്പിച്ചവരായിരുന്നു ആ പേരുകാർ എല്ലാം. അവരായിരുന്നു ചരിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:independenceopinionFreedomIndia
News Summary - The flag of freedom
Next Story