Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഡബ്ലിയു.സി.സിക്ക്...

ഡബ്ലിയു.സി.സിക്ക് തെറ്റ് പറ്റിയത് എവിടെയാണ്?

text_fields
bookmark_border
ഡബ്ലിയു.സി.സിക്ക് തെറ്റ് പറ്റിയത് എവിടെയാണ്?
cancel

പുരോഗമനപരമായി ചിന്തിക്കുന്ന മലയാളികളുടെ മനസ്സിൽ പ്രതീക്ഷയും ആവേശവും നിറച്ച് രൂപംകൊണ്ട കൂട്ടായ്മയാണ് വുമൺ ഇൻ സിനിമ കലക്​ടീവ്​ (ഡബ്ലിയു.സി.സി). താരമൂല്യമുള്ള നായകന്മാരെ ചുറ്റിപ്പറ്റി വളരുന്ന സിനിമാവ്യവസായത്തിന്‍റെ തലതൊട്ടപ്പന്മാർക്കുനേരെ ചൂണ്ടുവിരൽ ഉയർത്തി സംസാരിക്കാൻ കുറച്ച് സ്ത്രീകൾക്കെങ്കിലും കരുത്ത് നൽകിയ സംഘടന.

നായക​​​​െൻറ ജനസമ്മതിയേയും താരമൂല്യത്തേയും ജനപ്രിയത എന്ന അളവുകോൽ മാത്രം വെച്ച് കണക്കാക്കുന്ന വ്യവസായത്തിൽ സ്ത്രീകൾക്ക് പ്രാധാന്യം കുറഞ്ഞുപോകുന്നത് സ്വാഭാവികമെന്ന് കരുതുന്നവരുണ്ടാകാം. അവരെ ഉള്ളാലെ സന്തോഷിപ്പിക്കുന്നുണ്ട് ഡബ്ലിയു.സി.സിയിൽ ഇപ്പോൾ ഉയർന്നുവന്ന അസ്വാരസ്യങ്ങൾ. അതേസമയം, ചിലരെയെങ്കിലും നിരാശപ്പെടുത്തുന്നു ഈ പുതിയ സംഭവവികാസങ്ങൾ എന്നതിലും തർക്കമില്ല. പ്രതീക്ഷ നൽകുന്ന കാര്യം ഇരുവിഭാഗവും പരസ്യമായി വിഴുപ്പലക്കി പ്രശ്നങ്ങൾ സങ്കീർണമാക്കുന്നില്ല എന്നതാണ്.

മലയാളത്തിലെ പ്രശസ്തയായ ഒരു നടി അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഡബ്ലിയു.സി.സിയുടെ പിറവി. വേട്ടക്കാരന്‍റെ ഒപ്പവും ഇരയുടെ പിറകെയും ഓടുന്ന താരസംഘടന സ്വീകരിച്ച ഇരട്ടത്താപ്പിൽ മനംമടുത്ത സമാനമനസ്ക്കർ നടിക്ക് പിന്തുണയുമായെത്തിയത് ഡബ്ലിയു.സി.സിയെന്ന കൂട്ടായ്മക്ക് ഉണർവേകി. കൂട്ടായ്മയുടെ യോഗം പോലും വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. പിന്നീടിങ്ങോട്ട് സിനിമയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന എന്തിലും ഏതിലും ഡബ്ലിയു.സി.സി സ്വീകരിക്കുന്ന നിലപാട് പ്രധാന്യത്തോടെ പരിഗണിക്കപ്പെട്ടു.  

ഇതിനിടെയായിരുന്നു ഡബ്ലിയു.സി.സിയുടെ സ്ഥാപകരിലൊരാളായ മഞ്ജു വാര്യരുടെ നിശബ്ദമായ കൊഴിഞ്ഞുപോക്ക്. ഒത്തുതീർപ്പുകൾക്ക് വഴങ്ങിയാണ് മഞ്ജു പോരാട്ടത്തിന്‍റെ പാത ഉപേക്ഷിച്ചത് എന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും വിശദീകരണമുണ്ടായില്ല. മഞ്ജു ഇപ്പോഴും സംഘടനക്ക് അകത്താണോ പുറത്താണോ എന്ന് ആ സംഘടനയിലെ അംഗങ്ങൾക്ക് പോലും കൃത്യമായി അറിയില്ല എന്നതാണ് സത്യം. ഒരു നിർണായക സന്ദർഭത്തിൽ അമ്മയിൽ നിന്നും ഡബ്ലിയു.സി.സി അംഗങ്ങളായ നടിമാർ രാജിവെച്ചപ്പോൾ മഞ്ജു അതിന് തയാറാകാതിരുന്നത് സംവിധായികയും നായികയുമായ അംഗത്തെ ചൊടിപ്പിച്ചു. അവരും മഞ്ജുവും തമ്മിൽ നടന്ന ചൂടേറിയ സംവാദത്തിനിടെ മഞ്ജു ഡബ്ലിയു.സി.സി വിടാൻ തീരുമാനിക്കുകയായിരുന്നു. മാധ്യമപ്രവർത്തകരോടാണ് മഞ്ജു ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. എന്തായാലും ഔദ്യോഗികമായി മഞ്ജു രാജിക്കത്ത് ഡബ്ലിയു.സി.സിക്ക് നൽകിയതായി ആർക്കും അറിവില്ല. ഡബ്ലിയു.സി.സി ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടുമില്ല. സംഘടനയിൽ നിലനിൽക്കുന്ന ജനാധിപത്യത്തിന്‍റെ ഈ അഭാവമാണ് വിധു വിൻസൻറ്​ചൂണ്ടിക്കാട്ടുന്നതും.

ബി. ഉണ്ണിക്കൃഷ്ണനെ നിർമാതാവാക്കിക്കൊണ്ട് സിനിമ സംവിധാനം ചെയ്തതാണ് വിധുവിന്‍റെ പേരിലുയർന്ന ആരോപണങ്ങളുടെ അടിസ്ഥാനം. ഇക്കാര്യത്തിൽ വിശദീകരണം തേടുന്നവർ ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം നൽകേണ്ടതല്ലേ എന്നാണ് വിധുവിന്‍റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കേസിൽ  പ്രതിസ്ഥാനത്ത് നിൽക്കുന്ന നടനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സിനിമ സംവിധാനം ചെയ്തതിനാൽ ഡബ്ലിയു.സി.സി അംഗങ്ങൾ അദ്ദേഹത്തെ തീണ്ടാപ്പാടകലെ നിർത്തണമെന്നത് സംഘടനയുടെ അലിഖിത നിയമമായിരുന്നോ? എങ്കിൽ പിന്നെ നടനെ സഹായിക്കുകയും ജയിലിൽ പോയിക്കാണുകയും ചെയ്ത സിദ്ദിഖിനൊപ്പം പാർവതി തെരുവോത്ത് ഉയരെയിൽ അഭിനയിച്ചത് ന്യായീകരിക്കപ്പെടുന്നതെങ്ങനെ? ചില സ്ഥാനമാനങ്ങൾ നിലനിർത്താൻ വേണ്ടി ബീനാപോൾ ബി. ഉണ്ണിക്കൃഷ്ണന്‍റെ സഹായം തേടിയത് ശരിയാണോ? വിശദീകരണക്കത്തിൽ ഒളിഞ്ഞും തെളിഞ്ഞും മറ്റ് ചിലർക്കെതിരെയും ചില അമ്പുകൾ കരുതിവെക്കുന്നുണ്ട് വിധു. തന്‍റെ മകളുടെ കന്നിസംവിധാന സംരഭത്തിന് കണ്ടുവെച്ചിരുന്ന നിർമാതാവിനെ വിധു തട്ടിയെടുത്തതിന്‍റെ വൈരാഗ്യമാണ് വിധുവിനെതിരെ തിരിയാൻ ദീദി ദാമോദരനെ പ്രേരിപ്പിച്ചതെന്നും ആ കത്തിൽ പറയാതെ പറയുന്നുണ്ട്.  

അന്തസ്സോടെ ജോലി ചെയ്യാനും തൊഴിലിടത്തിലെ രണ്ടാംസ്ഥാനത്തിനും എതിരെ സിനിമാവ്യവസായത്തിലെ അതികായന്മാരോട് പൊരുതിയ പ്രസ്ഥാനം എന്ന നിലക്ക് അതിന്‍റെ എല്ലാ കുറവുകളോടുകൂടിയും സംഘടനയെ അംഗീകരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ ഡബ്ലിയു.സി.സിയിലെ വരേണ്യരായ അംഗങ്ങൾ മറന്നുപോകുന്നുണ്ട്. പ്രിവിലേജ്ഡ് ആയ സംവിധായികമാരോ നടിമാരോ അനുഭവിക്കുന്ന പ്രശ്നങ്ങളും തുടക്കക്കാരായ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്. നിലപാടുള്ള സ്ത്രീകൾക്ക് സിനിമയിൽ നായികയാകാനോ/അഭിനയിക്കാൻ പോലുമോ അവസരം കിട്ടുന്നതിലും ബുദ്ധിമുട്ടാണ് അത്തരം സ്ത്രീകളുടെ സാങ്കേതിക വൈദഗ്ധ്യം തേടി സംവിധായകരോ പ്രൊഡ്യൂസർമാരോ മുന്നോട്ടുവരികയെന്നത്. അവകാശങ്ങൾക്കും സമത്വത്തിനും വേണ്ടി ശബ്ദമുയർത്താൻ മാത്രം ഒരുമിച്ച് നിൽക്കുന്നു എന്നതിനപ്പുറത്ത്, മറ്റ് സ്ത്രീകൾക്ക് കൂടി അവസരങ്ങൾ നേടിയെടുക്കുന്ന രീതിയിൽ, സ്ത്രീകൾക്കിടയിൽ സാഹോദര്യം (സിസ്​റ്റർ ഹുഡ്) വളർത്തിയെടുക്കാൻ ഈ സംഘടനക്കായില്ല എന്നതാണ് യാഥാർഥ്യം.

നിയതമായ ഒരു സംഘടനാരൂപം പോലും ഇല്ലാതെ ബാലാരിഷ്​ടതകളിൽ പെട്ട് നട്ടം തിരിയുകയാണെങ്കിലും ഡബ്ലിയു.സി.സിക്ക് മാറിചിന്തിക്കാൻ ഇടനൽകുന്നതാകട്ടെ വിധു നൽകിയ രാജി. നിർണായകമായ പല സന്ദർഭങ്ങളിലും കൂട്ടായ്മയുടെ ജിഹ്വയായി മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട വിധു ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത നടപടിയായി പോയി രാജിയെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ഇതാണ് ഡബ്യു.സി.സിയുടെ അന്ത്യം എന്ന് കരുതേണ്ടതില്ല.

നാളെ അധികാരം പിടിച്ചെടുക്കാമെന്നോ തെരഞ്ഞെടുപ്പിൽ ഒരുകൈ നോക്കാമെന്നോ കരുതിക്കൊണ്ട് രൂപപവത്​കരിക്കപ്പെട്ടതല്ലല്ലോ ഈ സംഘടന. ഡബ്ലിയു. യു.സി.സിയുടെയോ അല്ലെങ്കിൽ അതുപോലുള്ള മറ്റൊരു സംഘടനയുടെ തലപ്പത്തോ വിധുവിനെ നാളെ നാം കണ്ടേക്കാം. കൂറേക്കൂടി വിശാലമായ ജനാധിപത്യ കാഴ്ചപ്പാടുള്ള സംഘടനയായി  ഡബ്യു.സി.സിയെ കാലം വളർത്തിയേക്കാം. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നതും സ്ത്രീകളുടെയും അടിച്ചമർത്തപ്പെടുന്നവരുടേയും നേതൃത്വത്തിൽ കൂടുതൽ സംഘടനകളുണ്ടാകുന്നതും സിനിമാവ്യവസായം കൂടുതൽ ജനാധിപത്യപരമാവുന്നതിന്‍റെ ലക്ഷണമായി മാത്രം കണ്ടാൽ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionVIDHU VINCENTwccParvathy Thiruvothu
News Summary - WCC and Their Mistakes-Openforum
Next Story