Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറിഞ്ഞുപയോഗിക്കണം ആന്റിബയോട്ടിക്കുകൾ

text_fields
bookmark_border
അറിഞ്ഞുപയോഗിക്കണം ആന്റിബയോട്ടിക്കുകൾ
cancel

കേരള ആന്റിബയോട്ടിക് റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാനിന്റെ ഭാഗമായി നടപ്പാക്കുന്ന കേരള ആന്റിമൈക്രോബിയൽ സാക്ഷരതാ പ്രചാരണം ഏറെ സമയോചിതമാണ്. സകല ജീവജാലങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഈ ആരോഗ്യഭീഷണിയെക്കുറിച്ച് ഓരോ വ്യക്തിയിലും അവബോധമെത്തിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

ബാക്ടീരിയകളെ നശിപ്പിക്കുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുന്ന ഔഷധങ്ങളാണ് ആന്റിബയോട്ടിക്കുകൾ. നമുക്ക് ചിരപരിചിതമായ പെനിസിലിൻ, ക്ലോറാംഫെനിക്കോൾ, ജെന്റാമൈസിൻ, അമോക്സിസിലിൻ, അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ എന്നിവയെല്ലാം ഇവയ്ക്ക് ഉദാഹരണങ്ങളാണ്. പല രോഗചികിത്സകൾക്കും ഇവയുടെ ഉപയോഗം നിർണായകമാണ്. എന്നാൽ ഡോക്ടറുടെ നിർദേശമില്ലാതെ ഇവ കഴിക്കുന്നതും, രോഗം മാറിയെന്ന ധാരണയിൽ നിശ്ചിത കാലാവധി എത്തുന്നതിനു മുമ്പേ ചികിത്സ നിർത്തുന്നതും വലിയ അപകടമുണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ രോഗാണുക്കൾ പൂർണമായി നശിക്കാതെ വളരുകയും, ആന്റിബയോട്ടിക്കുകളെ അതിജീവിക്കാനുള്ള കരുത്ത് നേടുകയും ചെയ്യുന്നു. ഇതാണ് ബാക്ടീരിയകളുടെ ആന്റിബയോട്ടിക് പ്രതിരോധം. കൂടാതെ, മൃഗങ്ങൾ വേഗത്തിൽ വളരുന്നതിനായി ഫാമുകളിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതിലൂടെ, പ്രതിരോധശേഷി നേടിയ ബാക്ടീരിയകൾ ഭക്ഷണത്തിലൂടെയും നമ്മുടെ ശരീരത്തിലെത്തുന്നു. ഇതുകാരണം മുൻകാലങ്ങളിൽ ഫലപ്രദമായിരുന്ന പല ആന്റിബയോട്ടിക്കുകളും ഇന്ന് രോഗം മാറ്റാൻ കഴിയാതെ പരാജയപ്പെടുകയാണ്.

പ്രതിരോധശേഷി ആർജിച്ച ബാക്ടീരിയകളിൽ പ്രധാനപ്പെട്ട ഒന്നാണ് മെത്തിസിലിൻ റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസ് (MRSA). ഇവ ഉൽപാദിപ്പിക്കുന്ന പെനിസിലിനേസ് എൻസൈമുകളും രോഗാണുവിന്റെ ജനിതകഘടനയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പെനിസിലിൻ പോലുള്ള മരുന്നുകളെ പ്രതിരോധിക്കാൻ ഇവയെ സഹായിക്കുന്നത്. മനുഷ്യരുടെ മൂക്ക്, ത്വക്കിലെ ഗ്രന്ഥികൾ, ആന്തരികാവയവങ്ങളിലെ നേർത്ത പാളികൾ (ശ്ലേഷ്മസ്തരങ്ങൾ) എന്നിവിടങ്ങളിൽ ഇവ കുടിയേറുന്നു. ത്വക്കിലോ ശ്വാസനാളിയിലോ രോഗമുള്ളവരിലൂടെയാണ് ഇവ പ്രധാനമായും അന്തരീക്ഷത്തിലേക്ക് പകരുന്നത്. എന്നാൽ ആരോഗ്യമുള്ള ചിലരുടെ മൂക്ക്, കക്ഷം, മുടി എന്നിവിടങ്ങളിലും രോഗലക്ഷണങ്ങളില്ലാതെ ഇവ കാണപ്പെടാറുണ്ട്. രോഗാണുവാഹകർ ഉപയോഗിക്കുന്ന തൂവാല, പുതപ്പ് എന്നിവയിലൂടെയും നേരിട്ടുള്ള സമ്പർക്കം, പൊടി, വായുവിലൂടെയുള്ള കണികകൾ എന്നിവയിലൂടെയും ഇവ മറ്റുള്ളവരിലേക്ക് പടരുന്നു. ചിലപ്പോൾ ഭക്ഷണം കൈകാര്യം ചെയ്യുന്നവരും ഈ രോഗാണുക്കളുടെ വാഹകരാകാറുണ്ട്.

ത്വക്കിലെ മുറിവുകളിലൂടെയോ ശ്ലേഷ്മസ്തരങ്ങളിലൂടെയോ ശരീരത്തിൽ പ്രവേശിക്കുന്ന ഈ രോഗാണുക്കൾ കോശങ്ങളിൽ പറ്റിപ്പിടിച്ച് പെറ്റുപെരുകുകയും രോഗപ്രതിരോധശേഷി നശിപ്പിക്കുകയും ചെയ്യുന്നു. ഇവ പുറത്തുവിടുന്ന പലതരം എൻസൈമുകളും വിഷാംശങ്ങളും (Toxins) കോശങ്ങളെയും ഞരമ്പുകളെയും നശിപ്പിക്കുന്നു. തൊലിപ്പുറത്തും അകത്തുമുണ്ടാകുന്ന കുരുക്കൾ, ചിരങ്ങുകൾ, സ്തനത്തിലെ പഴുപ്പും മുഴയും, തൊലിയിൽ പടർന്നുപിടിക്കുന്ന സെല്ലുലൈറ്റിസ് എന്നിവയ്ക്ക് ഇവ കാരണമാകുന്നു. കൂടാതെ, ഇവ ഉൽപാദിപ്പിക്കുന്ന എന്ററോടോക്സിൻ ഭക്ഷ്യവിഷബാധയ്ക്കും, മറ്റു ചില വിഷാംശങ്ങൾ കുട്ടികളിലും മറ്റും 'സ്റ്റാഫൈലോകോക്കൽ സ്കാൽഡഡ് സ്കിൻ സിൻഡ്രോം' (SSSS) എന്ന ഗുരുതരമായ ത്വക്‌രോഗത്തിനും കാരണമാകുന്നു. അതുപോലെ എല്ലുകളെ ബാധിക്കുന്ന അണുബാധ (Osteomyelitis), തൊണ്ടവേദന, സൈനസൈറ്റിസ്, ചെവിയിലെ പഴുപ്പ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ്, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കെല്ലാം വിവിധതരം ബാക്ടീരിയകൾ കാരണമാകാറുണ്ട്.

പ്രായമായവർ, കാൻസർ രോഗികൾ, പ്രമേഹരോഗികൾ എന്നിവർക്ക് രോഗപ്രതിരോധശേഷി കുറവായതിനാൽ അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനായി മൂന്ന് കാര്യങ്ങൾ കണിശമായും പാലിക്കേണ്ടതുണ്ട്:

1. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുത്.

2. രോഗലക്ഷണങ്ങൾ കുറഞ്ഞാലും ഡോക്ടർ നിർദേശിച്ച കാലാവധി വരെ മരുന്ന് കഴിച്ച് കോഴ്സ് പൂർത്തിയാക്കണം.

3. മൃഗങ്ങൾക്കും പക്ഷികൾക്കും വെറ്ററിനറി ഡോക്ടറുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകരുത്.

ശുദ്ധജലം കുടിച്ചും, സോപ്പുപയോഗിച്ച് കൈകൾ കഴുകിയും, മുറിവുകൾ വൃത്തിയാക്കി സൂക്ഷിച്ചും, കൃത്യസമയത്ത് വാക്സിനുകൾ സ്വീകരിച്ചും രോഗാണുബാധ തടയുന്നതിലൂടെ ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗവും ബാക്ടീരിയകളുടെ പ്രതിരോധവും നമുക്ക് ഫലപ്രദമായി ചെറുക്കാനാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Use Antibiotics Wisely
Next Story