കുഞ്ഞൂഞ്ഞ്+കുഞ്ഞുമാണി+കുഞ്ഞാപ്പ

കേരളത്തിലെ യു.ഡി.എഫ് രാഷ്ട്രീയം വർഷങ്ങളായി വട്ടം കറങ്ങുന്നത് കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ എന്നിവർക്ക് ചുറ്റുമാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ. കരുണാകരനെയും എ.കെ ആന്‍റണിയെയും കാലാവധി തീരുന്നതിന് മുമ്പ് മുഖ്യമന്ത്രി കസേരയിൽ നിന്നു ഇറക്കി വിട്ടത്  ഈ ത്രിമൂർത്തികളാണ്. യു.ഡി.എഫിൽ അവർ ആഗ്രഹിക്കുന്നതു പോലെയാണ് എല്ലാകാലത്തും കാര്യങ്ങൾ നടക്കാറ്. രാഷ്ട്രീയക്കളരിയിൽ അവരോളം അടി തടവുകൾ അഭ്യസിച്ച മറ്റൊരാൾ യു.ഡി.എഫ് രാഷ്ട്രീയത്തിലില്ല. 

കാൽ നൂറ്റാണ്ടിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ വിവാദ വിഷയങ്ങളിലെ നായകരാണ് ഈ മൂന്നു പേരും. എന്നിട്ടെന്തുണ്ടായി ? സമർഥമായി എല്ലാറ്റിൽ നിന്നും അവർ ഊരിപ്പോന്നു. വിവാദങ്ങൾ അവരുടെ ജനസമ്മതിയെ ബാധിച്ചതേയില്ല . താൽക്കാലികമായ പ്രതിസന്ധികളിൽ പെട്ടെങ്കിലും ഫീനിക്സ് പക്ഷിയെ പോലെ അവർ ഉയിർത്തെഴുന്നേറ്റു. രാജ്യസഭാ സീറ്റിനെ ചൊല്ലി കോൺഗ്രസിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന തീരുമാനവും അവരുടെ സൃഷ്ടിയാണെന്ന് കണ്ടു പിടിക്കാൻ വലിയ ഗവേഷണമൊന്നും വേണ്ട.

udf-kerala

കോൺഗ്രസിനെ സംബന്ധിച്ചടത്തോളം ഇതു പുതുമയുള്ള കാര്യമല്ല. അവകാശപ്പെട്ട സീറ്റ് ഘടക കക്ഷികൾക്ക് വിട്ടു നൽകിയ എത്രയോ സംഭവങ്ങൾ മുൻപുണ്ടായിട്ടുണ്ട്. യു.ഡി.എഫിനെ നയിക്കുന്ന കക്ഷി എന്ന നിലയിൽ കോൺഗ്രസ് അത്തരത്തിൽ പലപ്പോഴും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. രാജ്യസഭയിൽ മാത്രമല്ല, ലോക്സഭയിലും നിയമസഭയിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലുമൊക്കെ അർഹതപ്പെട്ട സീറ്റ് വിട്ടു കൊടുത്തിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന വികാര വിക്ഷോഭങ്ങളിൽ കോൺഗ്രസുകാർ പ്രകോപിതരാവുകയും പിന്നീട് അതു ആറിത്തണുക്കുകയുമാണ് പതിവ്. 1994 ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ രാജ്യസഭയിൽ എം.എ കുട്ടപ്പനെ ഒഴിവാക്കി ലീഗിലെ അബ്ദുസമദ് സമദാനിയെ സ്ഥാനാർഥിയാക്കിയതിന്‍റെ പേരിൽ ധനകാര്യ മന്ത്രി സ്ഥാനം രാജി വെച്ചയാളാണ് ഉമ്മൻ‌ചാണ്ടി. അദ്ദേഹത്തിന്‍റെ കൂടി കാർമികത്വത്തിലാണ് രാജ്യസഭാ സീറ്റ് മാണിക്ക് സമ്മാനിച്ചിരിക്കുന്നത്. അങ്ങിനെ നോക്കുമ്പോൾ വലിയ അസാധാരണത്വമൊന്നും ഇതിൽ കാണേണ്ടതില്ല. 

ഇപ്പോൾ ഒഴിവു വന്ന മൂന്നു സീറ്റുകളിൽ ഒരെണ്ണമേ കോൺഗ്രസിന്‍റേതായുള്ളൂ. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ കൂടിയായ പി.ജെ കുര്യന്‍റെ സീറ്റാണത്. മറ്റു രണ്ടു ഒഴിവുകൾ കേരളാ കോൺഗ്രസ് എമ്മിലെ ജോയി അബ്രഹാമിന്‍റെയും സി.പി.എമ്മിലെ സി.പി നാരായണന്‍റേതുമാണ്. കേരള നിയമസഭയിലെ അംഗബലം വെച്ചു നോക്കുമ്പോൾ രണ്ടു സീറ്റിൽ ഇടതു പക്ഷം ജയിക്കും. ശേഷിച്ച ഒരു സീറ്റാണ് യു.ഡി.എഫിന് കിട്ടുക. ഇതു തങ്ങൾക്കു അർഹതപ്പെട്ടതാണെന്ന് കോൺഗ്രസ് വാദിക്കുന്നത് പോലെ കേരള കോൺഗ്രസ് മാണിക്കും വാദിക്കാം. അങ്ങിനെ വാദിച്ചാണ് മാണി സീറ്റ് പിടിച്ചു വാങ്ങിയത്.

kerala-congress-m

ഒന്നര വർഷത്തിലേറെയായി കെ.എം മാണി യു.ഡി.എഫിന് പുറത്താണ്. ഉമ്മൻ‌ചാണ്ടി സർക്കാറിന്‍റെ കാലത്ത് ബാർ കോഴ വിവാദത്തിൽ പെട്ട തന്നെ സംരക്ഷിച്ചില്ലെന്നാണ്  മാണിയുടെ പരാതി. അതിന്‍റെ പേരിലാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു മുന്നണിയിൽ നിന്നു പുറത്തു പോയത്. യു.ഡി.എഫ് സർക്കാറിന്‍റെ അവസാനത്തെ ഒന്നര വർഷം വിജിലൻസിന്‍റെ ചുമതല ഉണ്ടായിരുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയാണ് മാണി ലക്ഷ്യം വെക്കുന്നത്. കേസിൽ നിന്നു രക്ഷപ്പെടാൻ ചെന്നിത്തല സഹായിച്ചില്ലെന്നാണ്  മാണിയുടെ ആക്ഷേപം. പിണറായി സർക്കാറിന്‍റെ കാലത്തു വിജിലൻസിൽ നിന്നു കിട്ടിയ ആനുകൂല്യം പോലും അന്നു ലഭിച്ചില്ല. ചെന്നിത്തലയുടെ പേരു പറയാതെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഒന്നിലേറെ തവണ ഗൂഢാലോചനാ ആരോപണം മാണി ഉന്നയിച്ചിരുന്നു. 

ബാർ കോഴ വിവാദത്തിലെ നായകനായിട്ടും മാണിയെ എൽ.ഡി.എഫുമായി അടുപ്പിക്കാൻ സി.പി.എം തന്ത്രങ്ങൾ ആവിഷ്കരിക്കുകയും അതിനു അനുകൂലമായി മാണിയിൽ നിന്നു പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തതാണ്. എന്നാൽ മാണി മുന്നണിയിൽ വന്നാൽ തങ്ങളുടെ ഭാവി അപകടത്തിലാകുമെന്നു കണ്ട സി.പി.ഐ ആദ്യം മുതൽ ഇടത്തടിച്ചു നിന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ വോട്ടുകളിൽ സി.പി.എം വട്ടമിട്ടിരുന്നു. എന്നാൽ, ഉപതെരഞ്ഞെടുപ്പിന്‍റെ ഒരാഴ്ച മുമ്പ് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ മാണി യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു. മാണിയെ തിരിച്ചു മുന്നണിയിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത  കുഞ്ഞാലിക്കുട്ടി അതിനു വേണ്ടി മാണിക്കു സമ്മാനിക്കാനായി കോൺഗ്രസിൽ നിന്നു പിടിച്ചു വാങ്ങിയതാണ് ഈ രാജ്യസഭാ സീറ്റ് എന്നു പറയാം.

ഒരർഥത്തിൽ  ഇതൊരു മോചനദ്രവ്യമാണെന്ന് വ്യാഖ്യാനിക്കുന്നതിൽ തെറ്റില്ല. എൽ.ഡി.എഫിന്‍റെ പിടിയിൽ നിന്നു മാണിയെ മോചിപ്പിച്ചു കൊണ്ടുവന്നതിനു കൊടുക്കേണ്ടി വന്ന പാരിതോഷികം. അതു കൊടുക്കുന്നതു മാണിക്കു തന്നെയാണെന്ന വ്യത്യാസമേയുള്ളൂ. ചെങ്ങന്നൂരിൽ മാണി യു.ഡി.എഫിനെ ജയിപ്പിക്കാൻ അവസാന നിമിഷം ഇറങ്ങിയിട്ടും അദ്ദേഹത്തിന്‍റെ  പാർട്ടിക്കാരുടെ വോട്ടു മുഴുവൻ കിട്ടിയത് സി.പി.എമ്മിനാണ്. എന്നാൽ, അതിന്‍റെ പേരിൽ  മാണിയെ പുറത്തു നിർത്തുകയല്ല, ചേർത്തു നിർത്തുകയാണ് വേണ്ടതെന്ന വാദഗതിക്കാരാണ് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും. ഈ നിലപാടിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും യോജിക്കേണ്ടി വന്നു. മധ്യ തിരുവിതാംകൂറിൽ അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായ മാണിയുടെ കേരളാ കോൺഗ്രസിനെ പുറത്തു നിർത്തി യു.ഡി.എഫിന് മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിയലിലാണ് ഈ കീഴടങ്ങൽ. അടുത്ത കൊല്ലം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഇതു ഗുണകരമാകുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ചെറിയ പാർട്ടികളെ വരെ മുന്നണിയുടെ ഭാഗമാക്കി എൽ.ഡി.എഫ് വികസിപ്പിക്കാൻ സി.പി.എം ഒരുക്കങ്ങൾ നടത്തുമ്പോൾ. 

ഇടതുമുന്നണിയെ ഇന്നത്തെ നിലയിൽ നേരിടണമെങ്കിൽ യു.ഡി.എഫിന് കൂടുതൽ ശക്തി സംഭരിച്ചേ മതിയാകൂ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണിയിൽ ഉണ്ടായിരുന്ന ജെ.ഡി.യു ഇപ്പോൾ കൂടെയില്ല. അവർ ഇടതു പക്ഷത്താണ്. കോൺഗ്രസും ലീഗും കഴിഞ്ഞാൽ മുന്നണിയിലെ പാർട്ടികളിൽ മിക്കതും അതീവ ദുർബലമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തു ആർ.എസ്.പിയിലും സി.എം.പിയിലും പിളർപ്പുണ്ടാക്കി ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് പോയി. അത്തരമൊരു സാഹചര്യത്തിൽ  മാണിയുടെ കൂടി പിന്തുണ ഇല്ലാതായാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തോൽവി സംഭവിക്കുമോ എന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കുണ്ട്. രാജ്യസഭാ സീറ്റ് കൊടുത്തും കേരളാ കോൺഗ്രസിനെ മുന്നണിയിൽ കൊണ്ടു വരാൻ നിർബന്ധിതമായത് ഈ സാഹചര്യത്തിലാണ്. 

യു ഡി എഫ് രാഷ്ട്രീയത്തിൽ നടക്കാനിടയുള്ള വലിയൊരു അട്ടിമറി ഒഴിവാക്കാനും ഇപ്പോഴത്തെ രാഷ്ട്രീയ നീക്കങ്ങളിലൂടെ കഴിഞ്ഞു. കേരള നിയമസഭയിൽ നിലവിലെ അംഗ ബലത്തിൽ രാജ്യസഭയിലേക്ക് ഒരാളെ ജയിപ്പിക്കാനുള്ള വോട്ട് കോൺഗ്രസിനില്ല. എൽ ഡി എഫിനാകട്ടെ രണ്ടു സ്ഥാനാർഥികളെ ജയിപ്പിച്ചാലും വോട്ട് മിച്ചം വരും. കേരളാ കോൺഗ്രസ് ഒരു സ്ഥാനാർഥിയെ നിർത്തുകയും ലീഗ് അതിനെ പിന്തുണക്കുകയും എൽ ഡി എഫ് അധിക വോട്ടുകൾ നൽകുകയും ചെയ്താൽ കോൺഗ്രസ് സ്ഥാനാർഥി തോൽക്കുകയും മാണിയുടെ ആൾ ജയിക്കുകയും ചെയ്യും. അത്രയും വലിയ ഒരു അത്യാഹിതം താങ്ങാനുള്ള കരുത്തു ഇപ്പോൾ കോൺഗ്രസിനില്ല. മാത്രമല്ല, യു ഡി എഫ് സമ്പൂർണ നാശത്തിലേക്കു പോകാനും അതു കാരണമായേക്കും. സീറ്റ് ദാനം ചെയ്തു എന്നാരോപിച്ചു ഇപ്പോൾ എടുത്തു ചാടുന്ന നേതാക്കളിൽ ബഹുഭൂരിഭാഗവും അല്പബുദ്ധിക്കാരാണെന്നു പറയാതെ വയ്യ.. പക്വതയോടെയുള്ള രാഷ്ട്രീയ സമീപനമല്ല അവരുടേത് . രാഷ്ട്രീയത്തിൽ താത്കാലിക ലാഭമല്ല, ദീർഘകാല നേട്ടമാണ് പ്രധാനം. കർണാടകയിൽ കുമാരസ്വാമിയുടെ സർക്കാരിനെ കോൺഗ്രസ് പിന്തുണക്കുന്നതിന്റെ രാഷ്ട്രീയം വിശകലനം ചെയ്താൽ അതു ബോധ്യപ്പെടും. 2019 ൽ കോൺഗ്രസിനു കേന്ദ്രത്തിൽ അധികാരത്തിലെത്തണമെങ്കിൽ ഇത്തരത്തിൽ വിട്ടുവീഴ്ചകളുടെ പരമ്പരകൾ ഇനിയും വേണ്ടി വരും.  

Loading...
COMMENTS